sections
MORE

‘ടോം ബേര്‍ണ്‍താല്‍ താങ്കളാണ് എന്റെ ലോകം’, അതിതീവ്രമാണ് ആ പ്രണയം

sheryl-sandberg
ഷെറിൽ സാന്റ് ബർഗും ടോം ബേർണർതാലും
SHARE

അഞ്ചു വര്‍ഷത്തെ ഏകാന്തത. ഒറ്റപ്പെടല്‍. വേദന. അതെത്ര ദുസ്സഹമായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് തന്റെ പ്രണയം പ്രഖ്യാപിച്ചിരിക്കുകയാണ് ഫെയ്സ്ബുക് നമ്പര്‍ 2 ഉന്നതോദ്യോഗസ്ഥ ഷെറില്‍ സാന്‍ഡ്ബര്‍ഗ്. തിങ്കളാഴ്ചയാണ് ആഹ്ലാദകരമായ ഒരു പോസ്റ്റിലൂടെ പ്രണയവും അടുത്തുതന്നെ നടക്കാന്‍പോകുന്ന വിവാഹവും സാന്‍ഡ്ബര്‍ഗ് ലോകത്തെ അറിയിച്ചത്. 

‘എന്‍ഗേജ്ഡ്... ടോം ബേര്‍ണ്‍താല്‍. താങ്കളാണ് എന്റെ ലോകം. എന്റെ എല്ലാമെല്ലാം. ഇതിലും കൂടുതലായി ഞാന്‍ എങ്ങനെ താങ്കളെ സ്നേഹിക്കും- ഫെയ്സ്ബുക് ചീഫ് ഓപറേറ്റിങ് ഓഫിസറായ സാന്‍ഡ്ബര്‍ഗ് കുറിച്ചു. സാന്‍ഡ്ബര്‍ഗിനും ടോമിനും ആശംസകള്‍ നേര്‍ന്ന് ഉടന്‍തന്നെ ഫെയ്സ്ബുക് ചീഫ് എകസിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗിന്റെ പോസ്റ്റും എത്തി. നിങ്ങള്‍ അന്യോന്യം പൂര്‍ണമായും യോജിക്കുന്നവര്‍. നിങ്ങളുടെ പ്രണയത്തില്‍ അതിയായ സന്തോഷം- സക്കര്‍ബര്‍ഗ് കുറിച്ചു. 

‘ലീന്‍ ഇന്‍’ എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയുടെ രചയിതാവു കൂടിയായ ഷെറില്‍ സാന്‍ഡ്ബര്‍ഗിന് ആദ്യ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത് അഞ്ചുവര്‍ഷം മുമ്പ്. 47-ാം വയസ്സില്‍ ഡേവിഡ് ഗോള്‍ഡ്ബര്‍ഗ് അകാലത്തില്‍ വിടപറയുകയായിരുന്നു. സര്‍വേ മങ്കി എന്ന ഓണ്‍ലൈന്‍ പോളിങ് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന ഡേവിഡ് മെക്സിക്കോയിലെ ഒരു റിസോര്‍ട്ടില്‍വച്ച് വ്യായാമത്തിനിടെ ട്രെഡ്മില്ലില്‍ തലയിടിച്ചാണ് അപ്രതീക്ഷിതമായി മരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു സാന്‍ഡ്ബര്‍ഗിന്റെ ജീവിതം. വരുന്ന ഓഗസ്റ്റില്‍ അവര്‍ക്ക് 51 വയസ്സ് പൂര്‍ത്തിയാകും. 

സ്ത്രീ, ജോലി, നേതൃശേഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു ലോകമങ്ങും അനേകം പതിപ്പുകള്‍ വിറ്റഴിഞ്ഞ ലീന്‍ ഇന്‍ എന്ന പുസ്തകത്തില്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് വിവരിച്ചത്. 2013 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്നും ജോലിസ്ഥലത്ത് ഉള്‍പ്പെടെ നേതൃ റോളുകളില്‍ എത്തുന്ന സ്ത്രീകള്‍ അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്നവയില്‍ സാന്‍ഡ്ബര്‍ഗിന്റെ ഉപദേശങ്ങളും തത്വങ്ങളുമുണ്ട്. കുടുംബജീവിതവും കരിയറും എങ്ങനെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാം എന്നതിനെക്കുറിച്ചും വ്യക്തവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ സാന്‍ഡ്ബര്‍ഗ് പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്. 

പുതിയ കാലത്തില്‍ മത്സരത്തെ അതിജീവിച്ച് ഫെയ്സ്ബുക്കിനെ മുന്‍നിര സമൂഹമാധ്യമമാക്കി മാറ്റുന്നതില്‍ സക്കര്‍ബര്‍ഗിനൊപ്പം സാന്‍ഡ്ബര്‍ഗിനും ശ്രദ്ധേയസ്ഥാനമാണുള്ളത്. അതിവേഗം മുന്നോട്ടുപോകുകയും കീഴ്‍വഴക്കങ്ങളെ ലംഘിക്കുകയും ചെയ്യുക എന്നതായിരുന്നു ഫെയ്സ്ബുക്കില്‍ സാന്‍ഡ് ബര്‍ഗ് നടപ്പിലാക്കിയ വിജയമന്ത്രം. ലോകമങ്ങുമുള്ള യുവതലമുറ ആ വിജയമന്ത്രം ഏറ്റെടുത്തതോടെ എതിരാളികളെ ബഹുദൂരം മുന്നിലാക്കി കുതിക്കാനും ഫെയ്സ്ബുക്കിനും കഴിഞ്ഞു. യുഎസ് മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സാന്‍ഡ്ബര്‍ഗ് തന്റെ അനുഭവപരിചയം മുതല്‍ക്കൂട്ടാക്കിയാണു ഫെയ്സ്ബുക്കില്‍ എത്തുന്നതും പരിഷ്കാരങ്ങള്‍ നടപ്പിലാക്കി വിജയിക്കുന്നതും. 

English Summary: You Are My Everything": Facebook's Sheryl Sandberg Announces Engagement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA