sections
MORE

പീയുഷുമായി ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ; പ്രതികരിച്ച് ആലിയ

nawazuddin-aliya
SHARE

തന്റെ പേരിലുള്ള വ്യാജ വാര്‍ത്ത വിശ്വസിക്കരുതെന്ന അപേക്ഷയുമായി ബോളിവുഡ് നടന്‍ നാവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയ രംഗത്ത്. നാവാസുദ്ദീനുമായുള്ള വിവാഹ ബന്ധം തകര്‍ന്നെന്നും വിവാഹ മോചന നോട്ടീസ് അയച്ചെന്നും കഴിഞ്ഞ ദിവസം ആലിയ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ആലിയ മറ്റൊരാളുമായി ബന്ധം തുടങ്ങിയെന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് താന്‍ ട്വിറ്ററിലുണ്ടെന്നും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ആലിയ അറിയിച്ചത്. 

വിയാകോം എക്സിക്യൂട്ടീവ് പീയുഷ് പാണ്ഡയാണ് ആലിയയുടെ പുതിയ കാമുകന്‍ എന്ന് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചാരം ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത സത്യമല്ലെന്നാണ് ആലിയ പറയുന്നത്. ആദ്യം തന്നെ ഞാന്‍ പറയുന്നത് വിശ്വസിക്കൂ. ഞാനിപ്പോള്‍ ആരുമായും ഒരു തലത്തിലുള്ള ബന്ധത്തിലുമല്ല. അങ്ങനെ വരുന്ന മാധ്യമ വാര്‍ത്തകളെല്ലാം തള്ളിക്കളയൂ; അവയെല്ലാം വ്യാജമാണ്- ആലിയ പറയുന്നു. താനും പീയൂഷ് പാണ്ഡെയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്നാണ് അവര്‍ പറയുന്നത്. 

സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പഠിക്കുന്നതേയുള്ളൂ. ഇനി എനിക്കുവേണ്ടി സംസാരിക്കുന്നത് ഞാന്‍ തന്നെയായിരിക്കും. എന്റെ കുട്ടികളുടെ ഭാവിക്കുവേണ്ടിയും എനിക്ക് കരുത്തോടെ നിലയുറപ്പിക്കേണ്ടതുണ്ട്. എനിക്കൊരു ദുഃഖവുമില്ല. നിരാശയുടെ തടവറയിലുമല്ല. എന്നാല്‍, എന്നെ നിരന്തരമായി താറടിച്ചു കാണിക്കാനാണ് ശ്രമമെങ്കില്‍ പ്രതികരിക്കേണ്ടിവരും. പണംകൊണ്ട് സത്യത്തെ വിലയ്ക്കുവാങ്ങാന്‍ കഴിയില്ല- സമൂഹ മാധ്യമത്തിലെ സന്ദേശത്തില്‍ ആലിയ പറഞ്ഞു. 

രണ്ടു കുട്ടികളുണ്ട് നാവാസുദ്ദീനും ആലിയയ്ക്കും. അതിനിടെ, ആലിയയുമായി ബന്ധം തുടങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പീയൂഷ് പാണ്‍ഡെയും രംഗത്തെത്തി. താന്‍ ഇപ്പോള്‍ തന്നെ ഒരു ബന്ധത്തിലാണെന്നും പുതിയ ബന്ധങ്ങള്‍ക്കു താല്‍പര്യമില്ലെന്നുമാണ് പീയൂഷ് അറിയിച്ചത്. ആലിയയുടെയും നവാസുദ്ദീന്റെയും വിവാഹം തകര്‍ന്ന വാര്‍ത്തകള്‍ ഞാന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അങ്ങനെയുള്ള എന്നെ ബലിയാടാക്കാനാണ് ഇപ്പോഴത്തെ നീക്കം. എന്നെ എന്തിനാണ് മറ്റുള്ളവരുടെ കുടുംബകാര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇതുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ പേര് ചീത്തയാക്കി സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. എന്റെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകള്‍ കൂടി ചിന്തിക്കൂ. ഭാഗ്യത്തിന് എന്റെ ഭാര്യയ്ക്ക് ആലിയയെ അറിയാം. അതുകൊണ്ടുതന്നെ സംശയത്തിന് അടിസ്ഥാനവുമില്ല. വക്കീല്‍ നോട്ടീസ് അയയ്ക്കുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ചയിലാണ്- പീയൂഷ് അറിയിച്ചു. 

11 വര്‍ഷത്തെ വിവാഹ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ആലിയ നവാസുദ്ദീന് വിവാഹ മോചന നോട്ടീസ് അയച്ചത്. എന്നാല്‍ നടന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിനെ ബുധാനിയിലേക്കു പോയ നടന്‍ അവിടെ ക്വാറന്റീനിലാണ്. 

English Summary: Nawazuddin Siddiqui's Wife Aaliya Joins Twitter To Bust Rumours About Affair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA