ADVERTISEMENT

രണ്ടു പതിറ്റാണ്ട് തുടര്‍ച്ചയായി അഭിനയിച്ചതിനുശേഷം പ്രശസ്ത ഹോളിവുഡ് താരം കാമറോണ്‍ ഡയസ് ഇടവേള എടുക്കുന്നു. സിനിമകളില്‍നിന്നും സെറ്റുകളില്‍നിന്നും ഫാഷന്‍ ഷോകളില്‍ നിന്നും അകന്ന് കുടുംബത്തിനൊപ്പം. ഭര്‍ത്താവിനും മകള്‍ റാഡിക്സിനും ഒപ്പം. ഇടവേള കഴിഞ്ഞാലും തേടിയെത്തുന്ന അവസരങ്ങള്‍ക്കെല്ലാം പിന്നാലെ പോകാന്‍ താനില്ലെന്നും കാമറോൺ വ്യക്തമാക്കിക്കഴിഞ്ഞു. മകളുടെ ഭാവിയാണ് പ്രധാനം. അതിനുവേണ്ടി ഭാവിയില്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമായിരിക്കും അഭിനയിക്കുന്നത്. 

അമ്മയായിരിക്കുക എന്ന പദവി ആസ്വദിക്കുകയാണ് ഇപ്പോള്‍ കാമറോണ്‍ ഡയസ്. അതൊരു ജോലിയായി കാണാതെ ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തിയായി ഉള്‍ക്കൊള്ളുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്നും അരങ്ങുകളില്‍നിന്നും മാറിനില്‍ക്കുന്നു. കുറച്ചു നാളത്തേക്ക് ഒരു സിനിമയിലും അഭിനിയിക്കുന്നില്ലെന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനുശേഷം സിനിമകള്‍ നോക്കാമെന്നാണ് ഇപ്പോഴത്തെ പദ്ധതി. 

2015 ല്‍ പുറത്തിറങ്ങിയ ആനി എന്ന ചിത്രത്തിലാണ് ഹോളിവുഡിന്റെ സ്വപ്നസുന്ദരി അവസാനമായി അഭിനയിച്ചത്. ജാമി ഫോക്സിനും റോസ് ബൈണിനുമൊപ്പം. കഴിഞ്ഞ ജനുവരിയിലാണ് താന്‍ അമ്മയായ കാര്യം പങ്കാളി ബെന്‍ജി മാഡനൊപ്പം താരം  അറിയിച്ചത്. മകള്‍ തങ്ങളുടെ ഇരുവരുടെയും ഹൃദയം ആദ്യദര്‍ശനത്തില്‍ തന്നെ പിടിച്ചടക്കി എന്നാണ് അന്ന് സമൂഹ മാധ്യമത്തില്‍ അവര്‍ കുറിച്ചത്. ഇപ്പോഴാണ് തങ്ങളുടെ കുടുംബം പൂര്‍ണമായതെന്നും. മകള്‍ ജനിച്ച വാര്‍ത്ത പുറത്തുവിടുകയാണെങ്കിലും സ്വകാര്യത മാനിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നും ഡയസ് അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും പറയാനില്ല. ആകെ പറയാനുള്ളത് ഒരുകാര്യം മാത്രം- മകള്‍ അതീവ സുന്ദരിയാണ്- കാമറൂണ്‍ എഴുതി. പങ്കാളിയായ ബെന്‍ജി മാഡനോടുള്ള അതീവ സ്നേഹവും കാമറോണിന്റെ കുറിപ്പില്‍ നിന്നു വായിച്ചെടുക്കാമായിരുന്നു. 

രണ്ടു വര്‍ഷം മുന്‍പ് അഭിനയത്തില്‍നിന്ന് പൂര്‍ണ അവധി എടുക്കുന്നതിനെക്കുറിച്ചും അവര്‍ ആലോചിച്ചിരുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അടുത്തകാലത്ത്, മുന്‍ മേക് അപ് ആര്‍ട്ടിസ്റ്റ് ഗൂസി വെസ്റ്റ്മാനുമായുള്ള അഭിമുഖത്തില്‍, താന്‍ ഒരിക്കലും അഭിനയത്തോടു പൂര്‍ണമായി വിടപറയില്ലെന്ന് ചാര്‍ലീസ് ഏന്‍ജല്‍സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി വ്യക്തമാക്കി. എന്നാണ് തിരിച്ചെത്തുന്നതെന്ന ചോദ്യത്തിനാണ് 47 വയസ്സുകരിയായ നടി അന്ന് ഉത്തരം പറഞ്ഞത്. 20 വര്‍ഷമായി താന്‍ നിരന്തരം, ഇടവേളയില്ലാതെ അഭിനയിക്കുകയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com