ADVERTISEMENT

വിവാഹത്തിനു മുന്നേ തന്നെ കവിത ബൂലാനി ഒന്നുറപ്പിച്ചിരുന്നു. ഒരു മകളുടെ അമ്മയാകുക. അതുറപ്പിക്കാന്‍ ദത്തെടുക്കണമെന്നും. 2012 ല്‍ ആയിരുന്നു വിവാഹം. 2017 ല്‍ കുട്ടിയെ ദത്തെടുത്തു. വേദയെ. വേദയ്ക്ക് എന്ന് അന്ന് 16 മാസം മാത്രം പ്രായം. ദത്തെടുക്കല്‍ യാഥാര്‍ഥ്യമായപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ദമ്പതികള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കുട്ടിയെ ദത്തെടുക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ 30 ന് വേദയെ ദത്തെടുത്തതിന്റെ വാര്‍ഷികാഘോഷവും കവിത നടത്തി. 

ഡല്‍ഹി ഗാസിയാബാദ് ആണ് കവിതയുടെ സ്വദേശം. വീട്ടുകാര്‍ ഉറപ്പിച്ചതു തന്നെയാണ് വിവാഹം നടത്തിയത്. എന്നാല്‍ ഭാവി വരനായ ഹിമാന്‍ഷുവിനോട് തന്റെ പദ്ധതിയെക്കുറിച്ച് കവിത പറഞ്ഞിരുന്നു. തനിക്കു സാധാരണ രീതിയില്‍ അമ്മയാകാന്‍ ആഗ്രഹമില്ലെന്നും ദത്തെടുക്കണമെന്നും. നാലു ദിവസത്തെ ആലോചനയ്ക്കു ശേഷം വരന്‍ അതു സമ്മതിച്ചു. അങ്ങനെയാണ് വിവാഹം നടക്കുന്നത്. 

എല്ലാ കുട്ടികളും വീട് അര്‍ഹിക്കുന്നുണ്ട്. മാതാപിതാക്കളെയും. സന്തോഷവും ആഘോഷവുമൊക്കെ ചിലര്‍ക്കുമാത്രമല്ല. ദത്തെടുക്കപ്പെടുന്ന കുട്ടികളെ ഭാഗ്യവതികള്‍ എന്നു വിളിക്കുന്നതിനോടു പോലും കവിതയ്ക്ക് യോജിപ്പില്ല. ആരാണ് ഭാഗ്യമില്ലാത്ത കുട്ടികള്‍ എന്നാണ് അവര്‍ ചോദിക്കുന്നത്. 

ഒരു അമേരിക്കന്‍ യാത്രയ്ക്കിടയിലാണ് കവിതയും ഹിമാന്‍ഷുവും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുട്ടികളെ കുറിച്ച് അറിയുന്നത്. ആ രോഗത്തെക്കുറിച്ചും. ഇന്ത്യയില്‍ ഈ രോഗം ബാധിച്ച കുട്ടികളെ അന്നുതന്നെ അകറ്റിനിര്‍ത്തുന്ന പ്രവണത ഉണ്ടായിരുന്നു. അത് അവസാനിപ്പക്കണം എന്നു കവിതക്കും ഹിമാന്‍ഷുവിനും തോന്നി. 

വേദയെ ദത്തെടുക്കുമ്പോള്‍ എല്ലാവരും കരുതിയത് ദമ്പതികള്‍ അവരുടെ ജീവിതം ഹോമിക്കുന്നു എന്നാണ്. എന്നാല്‍ അത് അങ്ങനെയല്ലെന്നും തങ്ങളുടേത് മറ്റേതു കുടുംബത്തിന്റെയും പോലെ സന്തോഷ ജീവിതമാണെന്നും ആത്മവിശ്വാസത്തോടെ കവിത പറയുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലും ഈ ദമ്പതികള്‍ വിശ്വസിക്കുന്നില്ല. വേദയെ വീട്ടില്‍ തന്നെയാണ് പഠിപ്പിക്കുന്നത്. രാവിലെ മുതല്‍ കവിത വേദയ്ക്കൊപ്പം തന്നെയാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചെടികള്‍ക്ക് വെള്ളമൊഴിക്കും. വേദയ്ക്കും അതിഷ്ടമാണ്. സ്പീച്ച് ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പിയുണ്ട്. പിന്നീട് കാലുകളുടെ മസിലുകള്‍ക്ക് ബലം കിട്ടാന്‍ പടികള്‍ ഇറങ്ങുകയും കയറുകയും ചെയ്യും. 

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയെ ഏറ്റെടുത്തതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍നിന്നും എതിര്‍പ്പുണ്ടായിട്ടുണ്ട്. പക്ഷേ, അവയൊന്നും കവിതയും ഹിമാന്‍ഷുവും ഗൗനിച്ചിട്ടേയില്ല. തങ്ങള്‍ക്ക് തങ്ങളുടെ വഴി എന്നുതന്നെ ചിന്തിച്ചു. അതിപ്പോള്‍ ഫലം കണ്ടിരിക്കുന്നു. തങ്ങളെ സന്ദര്‍ശിക്കുന്ന ബന്ധുക്കള്‍ക്ക് ചില നിബന്ധനകളൊക്കെ വച്ചിട്ടുണ്ടെന്ന് കവിത പറയുന്നു. കുട്ടിയുടെ മുന്നില്‍ സഹതാപ പ്രകടനം വേണ്ട. രോഗത്തെക്കുറിച്ചു സംസാരിക്കുകയും വേണ്ട. സാധാരണ കുട്ടിയെപ്പോലെതന്നെ വേദയെ പരിഗണിക്കുക. ഇപ്പോള്‍ ബന്ധുക്കളും നിബന്ധനകള്‍ അംഗീകരിച്ചതായും അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതായും കവിത പറയുന്നു. 

ഇപ്പോള്‍ വേദയ്ക്ക് നാലു വയസ്. എന്നാല്‍ ഒരു കൗമാരക്കാരിയോട് എന്ന രീതിയിലാണ് കവിത കുട്ടിയോട് പെരുമാറുന്നത്. സ്വന്തമായ അഭിപ്രായങ്ങള്‍പോലുമുണ്ട് വേദയ്ക്ക്. മിക്കപ്പോഴും ശാന്തയായിരിക്കും. ചിലപ്പോഴൊക്കെ ചില്ലറ ബഹളമുണ്ടെന്നു മാത്രം. കുട്ടികളെ സ്വതന്ത്ര വ്യക്തികളായി കാണണമെന്നാണ് എല്ലാ മാതാപിതാക്കളോടും കവിതയ്ക്ക് പറയാനുള്ളത്. അവര്‍ നമുക്ക് താഴെയോ മുകളിലോ ഉള്ളവരല്ല. വ്യത്യാസങ്ങളെയും രോഗങ്ങളെയും ദൗര്‍ഭാഗ്യങ്ങളായി കരുതരുത്. അവരും സമൂഹത്തിന്റെ ഭാഗമാണ്. അവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണം. അപ്പോഴേ കുടുംബം പൂര്‍ണമാകൂ- കവിത പറയുന്നത് അനുഭവത്തില്‍ നിന്നാണ്. സന്തോഷകരമായ ജീവിതാനുഭവത്തില്‍ നിന്ന്. 

English Summary: ‘We wanted to adopt a Down syndrome baby,’ say first Indian couple to do so

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com