ADVERTISEMENT

വീണ്ടും ദുരഭിമാനക്കൊലപാതകം. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒരു ഇടവേളയ്ക്കുശേഷം രാജ്യത്തെ ഞെട്ടിച്ച് ജാതിയുടെ പേരിലുള്ള കൊലപാതകം നടന്നിരിക്കുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 20 വയസ്സുള്ള യുവാവിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ  പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അക്രമം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പുണെയില്‍ പിംപ്രി ചിഞ്ച്‍വാഡ് പ്രദേശത്ത് ജൂണ്‍ 7 രാത്രിയാണ് സംഭവം. വിരാജ് വിലാസ് ജഗ്താപ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ അമ്മാവന്റെ പരാതിയിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനില്‍ എത്തിയ 6 പേര്‍ പിന്തുടരുകയായിരുന്നു. വാന്‍ ബൈക്കില്‍ ഇടിപ്പിച്ച് യുവാവിനെ വീഴ്ത്തി. പ്രതികളില്‍ ഒരാള്‍ ലോഹക്കഷണം ഉപോയോഗിച്ച് ജഗ്താപിനെ ഇടിച്ചു. മറ്റൊരാള്‍ പാറക്കഷണം ഉപയോഗിച്ചും ആക്രമിച്ചു. മറ്റു പ്രതികള്‍ യുവാവിന്റെ കയ്യും കാലും കെട്ടി അക്രമത്തിന് സാഹചര്യമൊരുക്കിക്കൊടുത്തു. പ്രതികള്‍ യുവാവിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും മുഖത്തു തുപ്പുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. മൃതപ്രായനായി വഴിയരികില്‍ തളര്‍ന്നുകിടന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയ യാത്രക്കാര്‍ ആശുപത്രിയിലേകക്കു മാറ്റി. 

പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്ത വിവരം പിംപ്രി ചിഞ്ച് വാഡ് പൊലീസ് കമ്മിഷണര്‍ സ്ഥിരീകരിച്ചു. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. പക്ഷപാതമില്ലാത്ത അന്വേഷണം നടത്തുമെന്നും പ്രതികളില്‍ ഒരാള്‍ക്കുപോലും രക്ഷപ്പെടാന്‍ ആവില്ലെന്നുമാണ് കമ്മിഷണറുടെ ഉറപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com