sections
MORE

ദാമ്പത്യ ബന്ധം ദൃഢമാക്കാൻ മറന്നു പോകരുത് ഈ കാര്യങ്ങൾ

happy-couple
SHARE

വിവാഹത്തിന്റെ ആദ്യ കാലങ്ങളിൽ ജീവിതപങ്കാളികൾക്കിടയിൽ ഉണ്ടാകുന്ന പരസ്പര ധാരണയും ഒരുമയും പലപ്പോഴും കാലക്രമേണ കൈമോശം വന്നു പോകാറുണ്ട്.  തിരക്കുകൾക്കിടയിൽ  അതൊന്നും അത്ര കാര്യമാക്കാതെ ഒഴുക്കിനൊപ്പം നീന്തുന്ന തരത്തിൽ ജീവിച്ച് തീർക്കുന്നവരും കുറവല്ല. എന്നാല്‍ കുറച്ച് കര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാര്യാ- ഭർതൃ ബന്ധം എന്നും പുതുമയോടെ തന്നെ കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും. ബന്ധങ്ങൾ സുദൃഢമാക്കാൻ ദമ്പതികൾ എപ്പോളും ഓർക്കേണ്ട ചില കര്യങ്ങൾ നോക്കാം.

കാര്യങ്ങൾ തുറന്ന് പറയാം, തീരുമാനങ്ങൾ ഒന്നായി എടുക്കാം

ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നു പ്രകടിപ്പിക്കുക എന്നത് പ്രധാനമാണ്. കാരണം പങ്കാളിയുടെ മനസ്സിൽ എന്താണെന്ന് അറിയാതെ വരുന്ന സാഹചര്യങ്ങളാണ് പലപ്പോഴും അസ്വാരസ്യങ്ങൾക്ക്  വഴി ഒരുക്കുന്നത്. തന്റെ ഇഷ്ടം അനുസരിച്ച് ഭാര്യ അല്ലെങ്കിൽ ഭർത്താവ് പ്രവർത്തിച്ചില്ലല്ലോ എന്ന ചിന്ത മുന്നോട്ട് പോകും തോറും ദേഷ്യത്തിലേക്ക് വഴിമാറും. അതുകൊണ്ട് പങ്കാളി തന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും സ്വയം മനസ്സിലാക്കട്ടെ എന്ന് ചിന്തിക്കാതെ അത് എപ്പോഴും തുറന്നു പറയാൻ ശ്രദ്ധിക്കണം.

ഒരേ കാര്യത്തിൽ ഭാര്യയ്ക്കും ഭർത്താവിനും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും എന്തെങ്കിലും കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടി വരുമ്പോൾ പങ്കാളിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പങ്കാളിയുടെ അഭിപ്രായവും ഇതു തന്നെ ആയിരിക്കും എന്ന് സ്വയം വിധിയെഴുതി  തീരുമാനങ്ങൾ എടുക്കാതിരിക്കുക.

തനിച്ചിരിക്കാൻ അവസരം ഒരുക്കാം

ഒന്നായിരിക്കുക എന്നത് തന്നെയാണ് ഏതൊരു ബന്ധത്തെയും ആധാരം. എന്നാൽ ഏതുസമയത്തും ഒരുമിച്ചു മാത്രം ഉണ്ടാകുന്ന സാഹചര്യങ്ങൾ എപ്പോഴും ഗുണഫലം തന്നെ നൽകണമെന്നില്ല.  പങ്കാളിക്ക് ഇടയ്ക്ക് തനിച്ചിരിക്കാൻ ഉള്ള അവസരവും കൊടുക്കണം എന്ന് അർത്ഥം.   ഇഷ്ടപ്പെട്ട കോഫി ഷോപ്പോ ലൈബ്രറിയോ പോലെയുള്ള സ്ഥലങ്ങളിൽ തനിച്ച് സമയം ചിലവിടാൻ സാധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. മാനസിക വളർച്ചയും മാനസികാരോഗ്യവും  ഉറപ്പുവരുത്താൻ ഇത്തരം സമയങ്ങൾ ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

നന്ദി പ്രകടിപ്പിക്കാൻ മടിക്കേണ്ടതില്ല

ഭാര്യാഭർതൃബന്ധം ആരംഭിച്ചുകഴിഞ്ഞാൽ ഇരുവരും പരസ്പരം ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ പങ്കാളിയുടെ കടമ എന്ന രീതിയിൽ ചിന്തിക്കാതെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ ശ്രമിക്കണം. പങ്കാളി ഇഷ്ടപ്പെട്ട വിഭവം ഉണ്ടാക്കി നിൽക്കുമ്പോഴോ വസ്ത്രം വാങ്ങി നൽകുമ്പോഴോ ഒക്കെ മനസ്സുതുറന്ന് സ്നേഹവും സന്തോഷവും  പ്രകടിപ്പിക്കുന്നത്  മനസ്സ് നിറയ്ക്കുന്ന അനുഭവമാണ്. ആദ്യകാലങ്ങളിൽ എന്നപോലെതന്നെ ദാമ്പത്യബന്ധം വർഷങ്ങൾ പിന്നിടുമ്പോഴും ഇതേ രീതി പിന്തുടരാനും ശ്രമിക്കേണ്ടതുണ്ട്.

പുതുമ നിലനിർത്താൻ ശ്രമിക്കാം

ആദ്യകാലങ്ങളിൽ പങ്കാളിക്ക് ഇഷ്ടപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കുന്നതിനും ഒരുങ്ങുന്നതിനും വീടും പരിസരവും ഒരുക്കുന്നതിനും ഒക്കെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിൻറെ സാമീപ്യം കംഫർട്ട് സോൺ ആകുന്നതോടെ പലരും ഇക്കാര്യങ്ങൾ പതിയെ മറന്നു തുടങ്ങും. താൻ എങ്ങനെയായാലും തന്റെ പങ്കാളി അത് ഉൾക്കൊള്ളും എന്ന ചിന്തയിൽ പെരുമാറാതെ എല്ലാ കാര്യങ്ങളിലും പുതുമ നിലനിർത്താൻ  നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുക.

തെറ്റുകൾ തിരുത്താം, ശരികൾ അംഗീകരിക്കാം

വിവാഹത്തിൻറെ ആദ്യനാളുകൾ പിന്നിടുമ്പോൾ  മിക്ക ദമ്പതികൾക്കിടയിലും ഉടലെടുക്കുന്ന ഒരു പ്രധാന പ്രശ്നം ഈഗോ തന്നെയാണ്.തൻറെ ഭാഗത്ത് തെറ്റുണ്ടെന്ന് ഭാര്യയോടോ ഭർത്താവിനോടോ തുറന്നു പറയാനുള മടിയും അല്ലെങ്കിൽ നേരെ തിരിച്ച് പങ്കാളി പറയുന്നത് ശരിയാണ് എന്ന് സമ്മതിക്കാനുള്ള വിമുഖതയും  പലപ്പോഴും ബന്ധങ്ങൾക്കിടയിൽ അകലം കൂട്ടാറുണ്ട്. എന്നാൽ തെറ്റും ശരിയും അംഗീകരിക്കുന്നത് പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കുന്ന ഒന്നാണെന്ന് പലരും മറന്നു പോകുന്നു. താൻ പറഞ്ഞതോ ചെയ്തതോ തെറ്റാണ് എന്ന് അംഗീകരിച്ചാൽ പങ്കാളിക്ക് മുൻപിൽ നിങ്ങളുടെ വില ഇടിയുകയല്ല നേരെ മറിച്ച് കുത്തനെ ഉയരുക തന്നെ ചെയ്യും.

English Summary: 10 Relationship Tips That Couples Often Forget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA