ADVERTISEMENT

കോവിഡ് കാലത്ത് ജനനനിരക്ക് ഗണ്യമായി താഴോട്ടുപോകാതിരിക്കാന്‍ ബേബി ബോണസ് പ്രഖ്യാപിച്ച് സിംഗപ്പൂര്‍. ജനന നിരക്ക് കുറവുള്ള രാജ്യങ്ങളിലൊന്നായ സിംഗപ്പൂര്‍ കോവിഡ് കാലത്തെ ദുരിതങ്ങള്‍ക്കിടെ പല ദമ്പതികളും കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന പ്രവണത തടയാന്‍ വേണ്ടിയാണ് ബോണസ് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് മിക്ക ദമ്പതികളും ഉടന്‍ കുട്ടികള്‍ വേണ്ടെന്നുവയ്ക്കുന്ന പ്രവണതയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പ്രധാന കാരണം. എന്നാല്‍ സാമ്പത്തിക പരാധീനത വിചാരിച്ച് കുട്ടികള്‍ വേണ്ടെന്നു വെയ്ക്കേണ്ടെന്നാണ് സിംഗപ്പൂര്‍ ഉപ പ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. 

‘ ജോലി നഷ്ടപ്പെടുകയും ശമ്പളം കുറയുകയും ജോലി നഷ്ടപ്പെടുമോ എന്നു പേടിച്ചുമൊക്കെ പല ദമ്പതികളും കുട്ടികള്‍ ഉടന്‍ വേണ്ടെന്നുവയ്ക്കുന്നതായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും ഉറപ്പാക്കുന്ന സാമ്പത്തിക സഹായം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്’ - കീറ്റ് പ്രഖ്യാപിച്ചു. 

നവജാതശിശുക്കളുടെ മാതാപിതാക്കള്‍ക്ക്  കൃത്യമായി എത്ര രൂപ നല്‍കുമെന്നും എത്ര തവണയായി നല്‍കുമെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ തന്നെ ഒട്ടേറെ ആനുകൂല്യങ്ങള്‍ സിംഗപ്പൂര്‍ അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ മാതാപിതാക്കള്‍ക്ക് നിലവില്‍ 5 ലക്ഷം രൂപയാണ് നല്‍കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഈ തുക വീണ്ടും വര്‍ധിക്കും. 

ക്രമാതീതമായി ജനന നിരക്ക് താഴുന്നതാണ് ഇപ്പോള്‍ സിംഗപ്പൂര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇക്കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ കോവിഡ് വ്യാപനത്തോടെ പുതുതായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വീണ്ടും കുറയുമോയെന്ന ഭീതിയില്‍ നിന്നുമാണ് പുതിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 

സിംഗപ്പൂരിനൊപ്പം ഏഷ്യിലെ മിക്ക രാജ്യങ്ങളിലും ജനന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഈ വര്‍ഷമാദ്യം ചൈനയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സിംഗപ്പൂരിന്റെ അയല്‍രാജ്യമായ ഫിലിപ്പീന്‍സില്‍ കോവിഡ് കാലത്ത് ജനന നിരക്ക് കൂടുകയാണുണ്ടായത്. 

English Summary: Singapore will pay couples to have a baby during pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com