sections
MORE

60 വര്‍ഷത്തെ വിവാഹ ജീവിതം; 125 ദിവസത്തെ വിരഹം; കണ്ണ് നിറച്ച് അവര്‍– വിഡിയോ

old-couple
SHARE

അകലത്തിന്റെ കാലത്ത് അകന്നുപോയത് 60 വര്‍ഷം ഒന്നിച്ചുജീവിച്ചവര്‍. എന്നാല്‍ അവര്‍ ഇപ്പോള്‍ ഒരുമിച്ചു എന്നതാണു വാര്‍ത്ത. ഒരേസമയം ആശ്വാസകരവും സന്തോഷപ്രദവുമായ വാര്‍ത്ത. അമേരിക്കയില്‍ ഫ്ലോറിഡയിലാണു സംഭവം. 60 വര്‍ഷം ഒരുമിച്ചു ജീവിച്ച ജോസഫും ഈവും 125 ദിവസമാണ് തമ്മില്‍ കാണാതെ കഴിഞ്ഞത്. ആറു പതിറ്റാണ്ടു നീണ്ട അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിരഹകാലം. കോവിഡ് കൊണ്ടുവന്ന അപ്രതീക്ഷിത വിരഹത്തെ അവര്‍ അതിജീവിച്ച നിമിഷങ്ങള്‍ അസിസ്റ്റഡ് ലിവിങ് ഫെസിലിറ്റി സെന്ററിലെ ജീവനക്കാര്‍ ക്യാമറയി്ല്‍ പകര്‍ത്തിയതോടെയാണ് സംഭവം ലോകം അറിഞ്ഞത്. 

ഫ്ലോറിഡയില്‍ ഡെലാനി ക്രീക്കില്‍ റോസ്കാസില്‍ എന്നു പേരുള്ള കേന്ദ്രത്തിലായിരുന്നു ഹൃദയംഗമമായ കൂടിച്ചേരല്‍. മാര്‍ച്ചില്‍ നടന്ന ഒരു ശസ്ത്രക്രിയയ്ക്കുശേഷം ജോസഫ് റോസ് കാസിലിലായിരുന്നു താമസം. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ജോസഫിന് ഭാര്യ ഈവിനെ കാണാനുള്ള ഒരു അവസരവും ലഭിക്കാതെ വന്നു. ഫോണ്‍ വിളികളിലൂടെ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. ഈവ് റോസ്കാസിലില്‍ എത്തിയെങ്കിലും ദൂരെ നിന്നു ജനാലയിലൂടെ മാത്രം ജോസഫിനെ കണ്ടു മടങ്ങി. അവസാനം അവര്‍ കൂടിക്കണ്ടപ്പോഴാകട്ടെ കൂടിനിന്നവരെല്ലാം അതിശയകരമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. റോസ് കാസിലിലെ ഒരു സഹായി വീല്‍ചെയറില്‍ ജോസഫിനെ ഈവിന്റെ മുറിയില്‍ കൊണ്ടുവന്നു. പേപ്പറില്‍ എന്തോ തിരക്കിട്ട് എഴുതിക്കൊണ്ടിരുന്ന ഈവ് പെട്ടെന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ തൊട്ടുമുന്‍പില്‍ പ്രിയ ഭര്‍ത്താവ്. ഓ എന്റെ ദൈവമേ എന്നു വിളിച്ചുകൊണ്ട് ഈവ് പെട്ടെന്നുതന്നെ ജോസഫിനെ കെട്ടിപ്പുണര്‍ന്നു. അപ്പോള്‍ അവരുടെ കണ്ണില്‍ നിന്ന് ധാരധാരയായി പ്രവഹിക്കുകയായിരുന്നു കണ്ണുനീര്‍. 

60 വര്‍ഷത്തെ വിവാഹജീവിതം. 125 ദിവസത്തെ വിരഹം. അവസാനം അവര്‍ ഒരുമിച്ചിരിക്കുന്നു- റോസ്കാസില്‍ അധികൃതര്‍ പറയുന്നു. രണ്ടു പ്രണയപക്ഷികള്‍ ഇങ്ങനെ കൊക്കുരുമ്മിയിരിക്കുന്ന കാഴ്ച തന്നെ ഒരു സന്തോഷമല്ലേ. പ്രിയപ്പെട്ടവരേ കണ്ണു തുടയ്ക്കാന്‍ തൂവാല എടുത്തോളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കാണുന്ന ആരും കരഞ്ഞുപോകും എന്ന മുന്നറിയിപ്പോടുകൂടിയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മനോഹര കാഴ്ച കണ്ട് എനിക്ക് കരയാതിരിക്കാന്‍ കഴിയുന്നില്ല എന്നാണ് വിഡിയോ കണ്ടവരൊക്കെ പറയുന്നത്. ഏതാനും ദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിനുപേര്‍ കണ്ട വിഡിയോ സമൂഹ മാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു.

English Summary: Elderly Couple Reunites After 7 Months Apart In Pandemic. Keep Tissues Handy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA