ADVERTISEMENT

ആരോഗ്യകരമായ ബന്ധമാണെങ്കിൽ അഭിപ്രായവ്യത്യാസങ്ങളും ചെറിയ പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. എന്നാൽ  ചില സമയങ്ങളിൽ ഇത്തരം പിണക്കങ്ങൾ ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഗൗരവ സ്വഭാവത്തിൽ എത്താറുണ്ട്. പലപ്പോഴും നിസാര കാര്യങ്ങളെ ചൊല്ലി ഉടലെടുക്കുന്ന പിണക്കങ്ങൾ ദാമ്പത്യ ബന്ധങ്ങൾ തകരുന്നതിന്  കാരണമാകുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഇത്തരം വഴക്കുകൾ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്താൽ ബന്ധങ്ങൾ സുദൃഢമായി നിലനിൽക്കും. അതിനുള്ള ചില വഴികൾ ഇതാ:

അഭിപ്രായപ്രകടനം അടിച്ചേൽപ്പിക്കൽ ആകരുത്..

ഒരു കാര്യത്തെ കുറിച്ച് ഭാര്യാഭർത്താക്കന്മാർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് തുറന്നു പ്രകടിപ്പിക്കുന്നതും തെറ്റല്ല. എന്നാൽ തന്റെ ചിന്താഗതി മാത്രമാണ് ശരി എന്ന തരത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും അത് വലിയ വഴക്കുകൾക്ക് വഴിവെക്കുന്നത്. തർക്കങ്ങൾ പരസ്പര ബഹുമാനത്തോടെ ഉന്നയിക്കാൻ സാധിച്ചാൽ ഒരു പരിധി വരെ വഴക്കുകൾ ഒഴിവാക്കാൻ സാധിക്കും. 

യഥാർത്ഥ കാരണം തിരിച്ചറിയാം...

ദമ്പതികൾക്കിടയിലെ പിണക്കങ്ങളുടെ യഥാർത്ഥ കാരണം പലപ്പോഴും പ്രത്യക്ഷത്തിൽ അറിയുന്ന പ്രശ്നങ്ങൾ ആയിരിക്കില്ല എന്നുള്ളതാണ് വാസ്തവം. അതിനാൽ  സാഹചര്യം വരുമ്പോൾ ഉള്ളിലുള്ള അമർഷം  പ്രകടിപ്പിക്കാനുള്ള അവസരമായി കാണാതെ യഥാർത്ഥത്തിൽ അലട്ടുന്ന പ്രശ്നം എന്താണ് എന്ന് പങ്കാളിയോട് തുറന്നു പറയാൻ ആദ്യം തന്നെ ശ്രമിക്കേണ്ടതുണ്ട്. ഈ തുറന്നു പറച്ചിലും സൗമ്യമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഇതിലൂടെ പങ്കാളിയുടെ മനോവികാരം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കി പെരുമാറാൻ ഇരുകൂട്ടർക്കും സാധിക്കും.

വിരലുകൾ ചുണ്ടാതിരിക്കാം..

വഴക്കുകൾക്കിടയിലെ ശാരീരിക ചേഷ്ടകളിലും ഉണ്ട് ചില കാര്യങ്ങൾ. എതിർപ്പുകൾ പ്രകടമാകുമ്പോൾ പങ്കാളിക്കു നേരെ വിരൽ ഉയർത്തുന്നത് അവരെ കൂടുതൽ പ്രകോപിതരാക്കുന്നതിന് കാരണമാകും.  പറയുന്ന എതിരഭിപ്രായത്തേക്കാൾ കൂടുതൽ അഭിമാനത്തിന് നേരെയുള്ള ചോദ്യംചെയ്യലായി ആകും പലരും ഇത് വ്യാഖ്യാനിക്കുക. അതിനാൽ അത്തരം സാഹചര്യം ഒഴിവാക്കി പറയാനുള്ള  കാര്യങ്ങൾക്ക് ഊന്നൽ നൽകുക.

'ഒരിക്കലും', 'എപ്പോഴും' വേണ്ട..

വഴക്കിനിടയിൽ ഒഴിവാക്കേണ്ട ചില വാക്കുകളുമുണ്ട്. മിക്ക സാഹചര്യങ്ങളിലും സ്വന്തം വിജയത്തിന് വേണ്ടി പങ്കാളി ചെയ്തിരുന്ന എല്ലാ കാര്യങ്ങളിലും മറന്ന തരത്തിൽ പലരും പെരുമാറാറുണ്ട്. ഉദാഹരണത്തിന് 'എപ്പോഴും നിങ്ങൾ പെരുമാറുന്നത് ഇങ്ങനെയാണ്' അല്ലെങ്കിൽ 'ഒരിക്കലും നിങ്ങൾ എന്റെ ഭാഗം ചിന്തിച്ചിട്ടില്ല' തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാം. ആ സാഹചര്യത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ മാത്രം സംസാര വിഷയമാക്കുന്നതാണ് ആരോഗ്യകരം.

പതിവുകൾ തെറ്റിക്കാതെയിരിക്കാം..

വഴക്കുകൾക്കിടയിൽ പരസ്പരം സാധാരണയായി അഭിസംബോധന ചെയ്യാറുള്ള രീതി പോലും മറന്ന് പരസ്പരം കുത്തി നോവിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ തമ്മിലുള്ള പിണക്കം ഒത്തുതീർപ്പിൽ  എത്തിയാലും  ഇത്തരം സാഹചര്യങ്ങൾ മനസ്സിൽ നിന്നും മായാതെ നിൽക്കും എന്നതാണ് വാസ്തവം. അതിനാൽ മാനസികനായി പരസ്പരം വേദനിപ്പിക്കാതെയിരിക്കാൻ വഴക്കിനിടയിലും ശ്രദ്ധിക്കേണ്ടതുണ്ട്.വാക്കുകളും പ്രയോഗങ്ങളും വാവിട്ടു പോകാതെ ശ്രദ്ധിക്കണമെന്ന് സാരം.

English Summary: Tips For Husband Wife Healthy Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com