sections
MORE

മുത്തശ്ശിക്കായി വിവാഹം പുനരാവിഷ്കരിച്ച് റോസ്; വൈറലായി വിഡിയോ

wedding-dance
SHARE

അമേരിക്കന്‍ പൗരത്വമുള്ള ആംബര്‍ റോസും നേറ്റ് സോട്രോയും സെപ്റ്റംബറില്‍ വിവാഹിതരായപ്പോള്‍ വളരെക്കുറച്ചുപേര്‍ക്കു മാത്രമാണു ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞത്. കോവിഡ് ഭീഷണി നിലനിന്നതുകൊണ്ടാണ് അടുത്ത ബന്ധുക്കളെ മാത്രം സാക്ഷി നിര്‍ത്തി ചടങ്ങ് നടത്തിയത്. അന്നു വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവരില്‍ ഇപ്പോഴും വേദനിക്കുന്ന ഒരാളാണ് റോസിന്റെ മുത്തശ്ശി. പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെയാണ് അവര്‍ക്ക് വീടിന്റെ സ്വകാര്യതയില്‍തന്നെ ഒതുങ്ങിക്കൂടേണ്ടിവന്നത്. എന്നാല്‍ മുത്തശ്ശിയുടെ ദുഃഖം മാറ്റാന്‍ റോസ് കണ്ടുപിടിച്ച വിദ്യയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. വിവാഹച്ചടങ്ങ് വീട്ടില്‍ പൂര്‍ണമായും പുനഃസൃഷ്ടിച്ചാണ് റോസ് മുത്തശ്ശിയെ ആഹ്ളാദിപ്പിച്ചത്. ക്രിസ്മസ് അവധിക്കാലത്തായിരുന്നു റോസിന്റെ അപ്രതീക്ഷിത വിവാഹ പുനരാവിഷ്ക്കാരം. 

റോസ് ഒരിക്കല്‍ക്കൂടി തന്റെ വിവാഹ വേഷമായ വെളുത്ത ഗൗണ്‍ അണിഞ്ഞു. അതും പോരാഞ്ഞ് വിവാഹച്ചടങ്ങില്‍ പരമ്പരാഗതമായി നടത്തുന്ന അച്ഛന്‍-മകള്‍ നൃത്തവും റോസ് പുനരാവിഷ്കരിച്ചു. ഐ ലവ് ഹെര്‍ ഫസ്റ്റ് എന്ന ഗാനം പാടി റോസും പിതാവും കൂടി ചുവടുവച്ചതോടെ മുത്തശ്ശിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു. ഈസംഭവങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത റോസ് നല്‍കിയ അടിക്കുറിപ്പും ശ്രദ്ധേയമായി. കണ്ണു തുടയ്ക്കാന്‍ ടൗവ്വല്‍ എടുത്തോളൂ എന്നാണ് റോസ് വിഡിയോയില്‍ എഴുതിയിരിക്കുന്നത്. തന്റെകൊച്ചു മകള്‍ വിവാഹ വേഷത്തില്‍ എത്തുന്നതും നൃത്തം ചെയ്യുന്നതും കാണുമ്പോള്‍ കരയുന്ന മുത്തശ്ശിയെ കണ്ടാല്‍ ആരുടെയും കണ്ണുകള്‍ ആര്‍ദ്രമാകുമെന്നതാണു യാഥാര്‍ഥ്യം. ക്രിസ്മസ് ആഘോഷങ്ങളും ഇല്ലാതായതോടെ വിരസമായ ദിവസങ്ങള്‍ തള്ളിനീക്കുന്ന മുത്തശ്ശിക്ക് സന്തോഷം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയായിരിക്കുകയാണ് റോസ് ഒരുക്കിയ പ്രത്യേകതയുള്ള വിവാഹച്ചടങ്ങ്. 

കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് വീട്ടില്‍ പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കി. മുത്തശ്ശിയെ അണിയിച്ചൊരുക്കി പുതിയ വേഷവും അണിയിച്ചിരുന്നു. എന്തായാലും റോസിനും മുത്തശ്ശി ഉള്‍പ്പെടെയുള്ള കുടുംബത്തിനും അവിസ്മരണീയമായിരിക്കുകയാണ് ഇത്തവണത്തെ  ക്രിസ്മസ്. 

English Summary: Woman recreates father-daughter dance for grandma after she missed wedding, video leaves many teary-eyed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA