sections
MORE

‘അച്ഛനാണ് എന്റെ എക്കാലത്തെയും ഹീറോ’, ആ ‘വൈറൽ സല്യൂട്ട്’ സ്വീകരിച്ച് ജെസി പറയുന്നു

jessy
SHARE

മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആന്ധ്രയിലെ സർക്കിൾ ഇൻസ്പെക്ടർ ശ്യാം സുന്ദറും ഡെപ്യൂട്ടി സൂപ്രണ്ടായി ചാർജെടുത്ത മകൾ ജെസി പ്രശാന്തിയുമായിരുന്നു ഈ ചിത്രത്തിലെ താരങ്ങൾ. ഇപ്പോൾ പിതാവ് തന്നെയായിരുന്നു തന്റെ എക്കാലത്തെയും സൂപ്പർ ഹീറോ എന്നു തുറന്നു പറയുകയാണ് ജെസി. വളർന്നു വന്ന സാഹചര്യത്തെ കുറിച്ചും പിതാവിന്റെ കർത്തവ്യ ബോധത്തെ കുറിച്ചും ജെസി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജെസി ഇക്കാര്യങ്ങൾ പറഞ്ഞത്. 

പിതാവിനെ കുറിച്ച് ജെസി പറയുന്നത് ഇങ്ങനെ: ‘അച്ഛൻ സബ് ഇൻസ്പെക്ടറായിരുന്ന കാലം മുതല്‍ അദ്ദേഹമാണ് എന്റെ ഹീറോ. അദ്ദേഹം യുണിഫോമിൽ ഓഫിസിലേക്ക് പോകാൻ തയാറായി നിൽക്കുന്നതായിരിക്കും ഞാൻ എല്ലാ ദിവസവും ഉണരുമ്പോൾ കാണുന്ന ആദ്യത്തെ കാഴ്ച. ഒരിക്കൽ അച്ഛൻ പട്രേളിങ്ങിനു പോകുമ്പോൾ ഞാനും കൂടെ പോയി. അവിടെ എല്ലാവരും അച്ഛനെ സല്യൂട്ട് ചെയ്യുന്നത് കണ്ടു. സല്യൂട്ടിന്റെ അർഥം അന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പക്ഷേ, ഈ കാഴ്ച കണ്ടതു മുതൽ എല്ലാ ദിവസവും രാവിലെ ഞാൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യാൻ തുടങ്ങി.

എന്നാല്‍ വളർന്നപ്പോഴാണ് ജീവിതത്തിൽ അദ്ദേഹം എടുത്ത റിസ്കുകൾ എനിക്കു മനസ്സിലായത്. തൊഴിലിനോടു നീതി പുലർത്താൻ പലകാര്യങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സ്വന്തം വീട്ടിലെത്തുന്നതിനു മുൻപ് ഒരു മേലുദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ സംഘത്തിലെ എല്ലാവരും സുരക്ഷിതമായി തങ്ങളുടെ വീടുകളിലെത്തിയോ എന്ന് എല്ലാ ദിവസവും അച്ഛൻ ഉറപ്പു വരുത്തിയിരുന്നു. ജോലിയുടെ ഭാഗമായി ഉറക്കമില്ലാത്ത രാത്രികൾ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം വിശേഷാവസരങ്ങളിൽ പലപ്പോഴും ഒരുമിച്ചിരിക്കാൻ സാധിക്കാറില്ല. പലപ്പോഴും ഭക്ഷണം സമയത്ത് കിട്ടിയിരിക്കില്ല. പക്ഷേ, അതെല്ലാം തന്റെ ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും ഭാഗമാണന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത സ്ഥലങ്ങളിൽ പോസ്റ്റിങ് ലഭിക്കാറുണ്ട്. വനമേഖലയിലായിരിക്കും പലതും. നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാക്ക സ്ഥലങ്ങളായിരിക്കും അത്. എന്നാൽ അതിലൊന്നും അച്ഛന്‍ ഒരിക്കലെങ്കിലും പരാതി പറഞ്ഞിട്ടില്ല. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്ന ഉത്തമ ബോധ്യത്തിൽ തന്റെ കർത്തവ്യങ്ങളിൽ അദ്ദേഹം വ്യാപൃതനാകും. മറ്റുള്ളവർക്കു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യുക എന്നതാണ് അച്ഛന്റെ ജീവിത ലക്ഷ്യമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

വർഷങ്ങൾ കടന്നു പോയപ്പോൾ അദ്ദേഹം നയിച്ചിരുന്ന സംഘം എന്റെതു കൂടിയായി മാറി. വളർന്നപ്പോൾ മറ്റൊരു ജോലിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ ഞാൻ സിവിൽ സർവീസ് തയ്യാറെടുപ്പുകൾ തുടങ്ങി. അച്ഛനെ പോലെ ശരികളുടെ വഴിയിൽ സ‍ഞ്ചരിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. കഠിന പരിശ്രമത്തിനൊടുവിൽ 2018ൽ ഞാൻ സിവിൽ സർവീസ് നേടിയെടുത്തു. ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. എന്റെ അച്ഛൻ ഒരിക്കലും കരയുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഞാൻ യൂണിഫോം ധരിച്ചു വന്നപ്പോൾ എനിക്കൊപ്പം അച്ഛന്റെയും കണ്ണുകൾ ഈറനണിഞ്ഞു. സഹപ്രവർത്തകരെല്ലാം അച്ഛനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് അളവറ്റ സന്തോഷവും അഭിമാനവും നിറഞ്ഞു. പക്ഷേ, ഓഫിസറായി ചുമതലയേറ്റ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച നിമിഷമായി എന്റെ വലിയ സന്തോഷം. അച്ഛൻ ആ സ്ഥലത്ത് എത്തിയപ്പോൾ ഞാൻ പട്രോളിങ്ങിലായിരുന്നു. അവിടെയെത്തിയ അച്ഛൻ എന്റെ സല്യൂട്ട് ചെയ്തു. ആ നിമിഷത്തെ കുറിച്ച്  എന്തുപറയണമെന്ന് എനിക്കറിയില്ല. ആ നിമിഷത്തിലാണ് ഞാൻ ശരിക്കും പൊലീസ് ഓഫിസറായി മാറിയതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കുന്നു. 

ജോലിയിൽ പ്രവേശിച്ചിട്ടു രണ്ടുവർഷമായിരുന്നു. ഏറെ പ്രയാസമുള്ള ഒരു ജോലിയാണിതെന്ന തിരിച്ചറിവ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ എനിക്കുണ്ടായിട്ടുണ്ട്. മുൻപ് അച്ഛനായിരുന്നു. ഇപ്പോൾ ഞാനാണ്. ഞങ്ങളിൽ ഒരാൾ എപ്പോഴും കുടുംബവുമായി അകന്നു നിൽക്കുന്നു. എന്റെ ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്ന് എനിക്ക് മുൻകൂട്ടി നിശ്ചയിക്കാനാകില്ല. അടുത്ത നിമിഷത്തിൽ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല. രക്തം തളംകെട്ടിയ ഇടങ്ങളും മൃതശരീരവും കണ്ടതിനു ശേഷമായിരിക്കും മിക്ക ദിവസങ്ങളിലും ഉറങ്ങാൻ കിടക്കുന്നത്. എല്ലാദിവസങ്ങളിലും രാജ്യത്തെ സേവിക്കണമെന്ന ചിന്തയിലാണ് ഉറക്കമുണരുന്നത്. മികച്ച പൊലീസ് സംഘത്തോടൊപ്പം ജോലി ചെയ്യണമെന്ന ആഗ്രമാണ് എപ്പോഴും ഉള്ളത്– ജെസി പറയുന്നു.

English Summary: Photo Of Proud Father On Duty 'Saluting' His DSP Daughter Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA