sections
MORE

73കാരിയുടെ പങ്കാളിയാകാൻ തയാറായി 69കാരൻ; വ്യത്യസ്തമായ വിവാഹ പരസ്യവും പ്രതികരണവും

old-couple
പ്രതീകാത്മക ചിത്രം
SHARE

കൂട്ടു കൂടാന്‍ പ്രായമുണ്ടോ? പ്രായമുണ്ടെന്നു ചിന്തിച്ചിരുന്ന കാലം മാറുകയാണെന്നു സ്ഥാപിക്കാന്‍ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട് പുതിയ കാലത്ത്. കൂട്ടു തേടുന്നതും തേടിപ്പിടിക്കുന്നതുമൊക്കെ പുരുഷന്‍മാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും കരുതിയിരുന്നു. എപ്പോഴെങ്കിലും സ്ത്രീകള്‍ മുന്‍കയ്യെടുത്താല്‍ പാഞ്ഞുവരാന്‍ തയാറായി അപവാദങ്ങളും പരിഹാസങ്ങളും ദുഷ്ടഭാഷയും കാത്തിരിന്നിട്ടുമുണ്ട്. അതിശയവും ആശ്ചര്യവും പോലും തയാറായിരുന്നു. എന്നാല്‍, ആരെന്തു പറയും, ചിന്തിക്കും എന്നൊക്കെയുള്ള മുന്‍വിധികളെക്കുറിച്ചും മുന്‍ധാരണകളെക്കുറിച്ചുമുള്ള പേടികളൊക്കെ മാറ്റിവച്ച് പുതിയ കാലത്തെ സ്ത്രീകള്‍ ചിന്തിക്കുന്നു, ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഒരു പരസ്യത്തിന്റെ രൂപത്തിലാണു വന്നത്. സാധാരണ പരസ്യമല്ല, വിവാഹപ്പരസ്യം.  കര്‍ണാടകയില്‍ മൈസൂരുവില്‍ താമസിക്കുന്ന 73 വയസ്സുകാരിയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. അതും ഇനി ജീവിതം ഒറ്റയ്ക്കു മുന്നോട്ടുകൊണ്ടുപോകാന്‍ വയ്യ എന്ന തീരുമാനത്തില്‍ എത്തിയപ്പോള്‍. അധ്യാപികയായിരുന്നു അവര്‍. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പങ്കാളികളെയാണ് അവര്‍ തേടിയത്. അവരുടെ പരസ്യത്തോട് അനുകൂലമായി പ്രതികരിച്ചതാകട്ടെ എന്‍ജിനീയറായുള്ള ജോലിയില്‍ നിന്നു വിരമിച്ച അറുപത്തിയൊന്‍പതു വയസ്സുകാരന്‍. 

കുറേ നാളായി ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും ഇനിയത്തെ ജീവിതത്തില്‍ ഒരു പങ്കാളി ആവശ്യമാണെന്നും മനസ്സിലാക്കിയാണ് സ്ത്രീ വിവാഹപ്പരസ്യം പ്രസിദ്ധീകരിക്കുന്നത്. സ്വന്തം സമുദായത്തില്‍ നിന്നുള്ള ആളാണെങ്കില്‍ യോജിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നും അവര്‍ക്കു തോന്നി. ഇതിന് മുന്‍പ് അവര്‍ വിവാഹിതയായിട്ടുണ്ട്. വേദന നിറഞ്ഞതായിരുന്നു ആ ദാമ്പത്യം. വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്തു. അതിനുശേഷം വിവാഹമേ വേണ്ടെന്നുവച്ചതുകൊണ്ടാണ് വര്‍ഷങ്ങളായി ഒറ്റയ്ക്കു ജീവിച്ചത്. കുറച്ചുനാള്‍ മുന്‍പ് അച്ഛനമ്മമാരും യാത്ര പറഞ്ഞതോടെ ഒറ്റപ്പെടല്‍ പൂര്‍ണമായി. ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കു നടക്കുമ്പോള്‍ പോലും ഒറ്റപ്പെടല്‍ അവരെ പൂര്‍ണമായി കീഴടക്കുന്നു. 

ശരീരത്തിന്റെ അവശതകളോടു പടവെട്ടി മുന്നേറുമ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ ഒരു കൈ ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹിക്കുന്നു. തളരുമ്പോള്‍ പ്രതീക്ഷയോടെ നോക്കാന്‍ ഒരു മുഖം. പ്രയാസമേറിയ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ ആത്മവിശ്വാസം ജ്വലിപ്പിക്കാന്‍ ഒരു വാക്കോ നോട്ടമോ. അങ്ങനെയാണ് വിവാഹപ്പരസ്യം എന്ന പരീക്ഷണത്തില്‍ അവര്‍ എത്തുന്നത്. അനുകൂലമായ മറുപടി ലഭിച്ചതോടെ സന്തോഷിക്കുന്നതും ഇനിയുള്ള ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്നതും. 

73 വയസ്സുകാരിയുടെ വിവാഹപ്പരസ്യത്തെ മഹത്തരം എന്നാണ് ഫെമിനിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും വിശേഷിപ്പിക്കുന്നത്. കൂട്ട് വേണമെന്ന ആഗ്രഹവും പ്രായവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പത്തിലേ വിവാഹം കഴിക്കുക എന്നതാണു പതിവ്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പുറത്തുകടന്നവരെക്കുറിച്ചും സാഹചര്യം 

കൊണ്ട് ഒറ്റയ്ക്കായവരെക്കുറിച്ചും അധികമൊന്നും ആരും പറയുന്നുമില്ല. ഇരുട്ടില്‍, വേദനയില്‍, ഏകാന്തതയില്‍ അവരുടെ ജീവിതം കരിന്തിരി കത്തുമ്പോഴും അനുകൂല പ്രതികരണങ്ങളല്ല പലപ്പോഴും ഉണ്ടാകുന്നതും. അത്തരം പ്രവണതകള്‍ക്ക് മാറ്റം വന്നേ തീരു. സമൂഹം മാറുന്നു എന്നു തന്നെ ഉറപ്പിക്കാന്‍ പലര്‍ക്കും പ്രേരണയായുകയാണ് 73 വയസ്സുകാരിയുടെ കൂട്ട് തേടലും 69 വയസ്സുകാരന്റെ അനുകൂല പ്രതികരണവും. 

English Summary: 73-year-old woman in Mysuru puts out matrimonial ad, gets response from 69-year-old man

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA