ADVERTISEMENT

പ്രണയത്തിന്റെ മനോഹരമായ ഓർമകൾ എപ്പോഴും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. അത്തരത്തിൽ ഒരോർമ പങ്കുവയ്ക്കുകയാണ് ഐഎഎസ് ഓഫിസറായ ചാന്ദ്നി ചന്ദ്രൻ. 2015ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്ന സമയം സുഹൃത്ത് അരുൺ സുദർശനൊപ്പം മഴയിൽ ഒരു കുടക്കീഴിൽ നടന്നു നീങ്ങുന്ന ചിത്രമാണ് ചാന്ദ്നി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രണയിച്ച ആളോടൊപ്പം കൈകോർത്ത് നടന്നിരുന്ന ആർക്കും ഈ ചിത്രത്തിന്റെ അർഥം മനസ്സിലാകും എന്ന കുറിപ്പോടെയാണ് ചാന്ദ്നി ചിത്രം പങ്കുവച്ചത്. 

ചിത്രത്തിനു പിന്നിലെ രസകരമായ കഥ ചാന്ദ്നി പറയുന്നത് ഇങ്ങനെ: ‘2016 മേയ് 10. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വരാനിരിക്കുകയാണ്. അതിന്റെ ടെൻഷൻ ഒഴിവാക്കാനായി ഞാൻ അരുണിനൊപ്പം നടക്കുകയായിരുന്നു. എന്തായാലും ആ വർഷം ഐഎഎസ് കിട്ടിയില്ല. പക്ഷേ ഫലം വന്നതിന്റെ പിറ്റേന്ന് ഐഐഎസ് ടോപ്പർമാർക്കൊപ്പം പത്രത്തിൽ എന്റെ ഈ മഴനനഞ്ഞ ചിത്രവും വന്നു. ആ സമയത്തു ഞങ്ങൾ വിവാഹിതരായിരുന്നില്ല. അതിനാൽത്തന്നെ അരുൺ പത്രമോഫിസിൽ വിളിച്ച് പരാതി പറഞ്ഞു. എനിക്കതു പക്ഷേ ഒരു സൂചനയായിട്ടാണു തോന്നിയത്. ഐഎഎസ് ടോപ്പർമാര്‍ക്കൊപ്പം എന്റെ ചിത്രവും ഒരുനാൾ പത്രത്തിൽ വരുമെന്ന് ഉറപ്പിക്കുന്ന ഒരു സൂചന. എന്നോടുള്ള അവസാനിക്കാത്ത പ്രണയവുമായി, കുടപിടിച്ച ഒരാൾ എന്റെ ഓരോ ചുവടും ശ്രദ്ധിക്കാനുള്ളപ്പോൾ ഏതു ലക്ഷ്യത്തിലേക്കും എനിക്കു സന്തോഷത്തോടെ നടന്നടുക്കാനാകുമെന്നും  അന്ന് മനസ്സിലായി. വൈകാതെ എനിക്ക് ഐഎഎസ് കിട്ടി, ഞാനും അരുണും വിവാഹിതരുമായി. അരുണാണ് ഈ ചിത്രത്തെപ്പറ്റി ഓർത്ത് പഴയ ഫൊട്ടോഗ്രാഫറോട് ഇത് അയച്ചു തരുമോയെന്ന് ചോദിച്ചത്. അന്നത്തെ സംഭവം നല്ല പോലെ ഓർമയുണ്ടായിരുന്ന അദ്ദേഹം ആ ചിത്രം സൂക്ഷിച്ചു വച്ചിരുന്നു. ഞങ്ങൾക്ക് ഒരു കോപ്പി അയച്ചും തന്നു...’ ചാന്ദ്നി സോഷ്യൽ മീഡിയയില്‍ കുറിച്ചു.

2017ൽ ചാന്ദ്നി ഐഎഎസ് നേടിയെടുത്തു. നിലവിൽ ത്രിപുരയിലെ കാഞ്ചൻപൂരിൽ സബ്ഡിവിഷനൽ മാജിസ്ട്രേറ്റാണ് ചാന്ദ്നി ചന്ദ്രൻ. അന്ന് യുപിഎസ്‌സി ഫലപ്രഖ്യാപനത്തിന്റെ വാർത്ത ദേശീയ മാധ്യമത്തിൽ വന്നപ്പോൾ നൽകിയ ഫോട്ടായാണ് ഇതെന്നും ചാന്ദ്നി കുറിപ്പിൽ പറയുന്നുണ്ട്. ഐഎഎസ് ഫലപ്രഖ്യാപന വാർത്തയ്ക്കൊപ്പം ടൈംസ് ഇന്ത്യ നൽകിയത് ഈ ചിത്രമായിരുന്നു. അടുത്തിടെ ഈ ഫോട്ടോ കണ്ടപ്പോൾ കൗതുകം തോന്നിയതിനാലാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ചാന്ദ്നി പറയുന്നു. ചാന്ദ്നി ഫോട്ടോയ്ക്കു പിന്നിലെ രസകരമായ കഥ പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി.  നിരവധി പേർ കമന്റുകളുമായി എത്തി. മനോഹരമായ പ്രണയകഥ എന്നായിരുന്നു പലരുടെയും കമന്റ്. 

English Summary: The Hilarious Story Behind IAS Officer's Pic With Husband

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com