ADVERTISEMENT

‘ഓരോ മനുഷ്യനും അത്രയും വേദനിച്ചിട്ടു തന്നെയാണ് അത്രയും നാൾ കൂടെ ജീവിച്ചിരുന്ന ഒരാളിൽ നിന്നും പിരിയാൻ തീരുമാനിക്കുന്നത്. ആരും ആഗ്രഹിക്കുന്നില്ല അതിന്റെ കാരണങ്ങളെടുത്ത് പരസ്യമാക്കണമെന്നും ആഘോഷമാക്കണമെന്നും ചർച്ച ചെയ്യണമെന്നും.’– പക്വതയുള്ള ഒരു സ്ത്രീയുടെ വാക്കുകൾ. സെലിബ്രിറ്റികൾ ആണെങ്കിൽ വിവാഹവും വേർപിരിയലും പ്രസവവും ഒക്കെ ആഘോഷിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ നിയമം. എന്തുകൊണ്ടാവും അവരും മനുഷ്യനാണെന്നും സ്വകാര്യത അവരും അർഹിക്കുന്നുണ്ടെന്നും നമുക്കൊന്നും തോന്നാത്തത്?

വിവാഹബന്ധം വേർപ്പെടുത്തിയ ചിലർ പറയുന്നത് ഇങ്ങനെ: "ഞങ്ങൾ തമ്മിലൊരു പ്രശ്നവുമില്ല. അടിയും വഴക്കുമൊന്നും. അത് തന്നെയാണ് പ്രശ്നം. ജീവിതം പോലുമില്ലാത്ത മടുപ്പാ. ഇങ്ങനെ മുന്നോട്ടു കൊണ്ടു പോകാൻ തോന്നുന്നില്ല. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്." "ആദ്യവും നിങ്ങൾ സുഹൃത്തുക്കളായിരുന്നില്ലേ?വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ആ സമയത്ത് ഒന്നിച്ച് ജീവിക്കാൻ പറ്റുമെന്ന് തന്നെയാണ് തോന്നിയത്. ആദ്യത്തെ വർഷങ്ങൾ അത്രയും ഞങ്ങളാസ്വദിച്ചിട്ടുണ്ട്. പിന്നെ ഒരു വിരക്തി."

"വേറെ ഏതെങ്കിലും ബന്ധം?" "ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ജോലി, ടെൻഷൻ, ഉത്തരവാദിത്തങ്ങൾ, എല്ലാം കൂടി വന്നപ്പോൾ വീട് ഹാൻഡിൽ ചെയ്യാൻ പറ്റാതായി രണ്ടു പേർക്കും. കുട്ടികൾ കൂടി ഉണ്ടാവുന്നതോർത്തപ്പോൾ ഭ്രാന്തായി". "ഇപ്പൊ നീ ഓക്കെ ആണോ?" "യെസ്, ഞാൻ മാത്രമല്ല അവനും ഹാപ്പിയാണ്." - വേർപിരിയാൻ കാരണങ്ങളല്ല തീരുമാനങ്ങളാണ് പ്രധാനമെന്ന് പറയുകയാണ് മനുഷ്യർ.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ ഇഷ്ടത്തിന് ഒന്നിച്ചവർക്ക് വേർപിരിയാനും കാരണങ്ങളുണ്ടാവാതിരിക്കുന്നതിൽ അല്ലെങ്കിലും എന്താണ് അദ്‌ഭുതം. പക്ഷേ, കേട്ടവർ അമ്പരന്നു, രണ്ടു പേരുടെയും വീടുകളിൽ പറയാൻ അവർ ഒടുവിൽ ഒരു കാരണം കണ്ടെത്തി, ഇരുവരും മറ്റെയാളെ കുറ്റം പറയുക. ഇതും രണ്ടും രണ്ടുപേരുടെയും സമ്മതത്തോടെയായിരുന്നു. കുറ്റപ്പെടുത്തുമ്പോൾ നിശബ്ദമായി കേട്ടു കൊണ്ട് നിൽക്കുകയല്ലാതെ എന്ത് ചെയ്യാൻ! സിനിമകളിലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ വിരക്തി ഒരിക്കൽ മാഞ്ഞു പോകുമെന്നും അവർ എന്നെങ്കിലുമൊരിക്കൽ ഒന്നാകുമെന്നും കാണിച്ചേക്കാം. യഥാർത്ഥ ജീവിതം അങ്ങനെയല്ലല്ലോ, പിരിയാൻ തീരുമാനിച്ചവർ പിരിയുക തന്നെ.

വിവാഹ മോചനത്തിനു പെൺകുട്ടികളോടൊപ്പം നിൽക്കാൻ പൊതുവെ മാതാപിതാക്കൾ താത്പര്യപ്പെടില്ല. നാണക്കേട്, അഭിമാനബോധം, ഭാവിയോർത്തുള്ള അനാവശ്യ ആധി, എന്നിങ്ങനെ അവർക്കു പറയാൻ ഒരുപാട് കാരണങ്ങളുണ്ട്. ജോലിയുള്ള പെൺകുട്ടിയാണെങ്കിലും ഒറ്റയ്ക്ക് ഒരു പെൺകുട്ടി എങ്ങനെ നില്‍ക്കുമെന്നുള്ള നൂറായിരം ചോദ്യങ്ങൾ മാതാപിതാക്കൾ ചോദിക്കും. എന്നാൽ പെൺകുട്ടികൾ മാറിയിരിക്കുന്നു. ഒരു ചോദ്യത്തിന് പോലുമിടനൽകാതെ ഇഷ്ടപ്പെടാത്ത ജീവിതത്തിൽ നിന്നുമവർ ഇറങ്ങിപ്പോകും.

"നിനക്കറിയാഞ്ഞിട്ടാ, ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ ത്രില്ല്. ആരെയും ഒന്നും ബോധിപ്പിക്കണ്ട. ഇഷ്ടമുള്ളത് കഴിക്കാം, തോന്നുമ്പോ വീട്ടിൽ വന്നാ മതി. ഇഷ്ടമുള്ളത് ചെയ്യാം ആരോടും സമ്മതം ചോദിക്കണ്ട. ഞങ്ങൾ പിരിഞ്ഞതിന് ശേഷമാണ് ഞാൻ സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയത്".– വിവാഹ ബന്ധം വേർപ്പെടുത്തിയതിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്.  സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകമാണ് അവരിൽ പലരുടെയും മുന്നിൽ അതുവരെ കൊട്ടിയടയ്ക്കപ്പെട്ടിരുന്നത്. എന്തിനാവും സ്ത്രീകൾക്കു മുന്നിൽ അത്തരം വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നത്? അവർക്കതിനു അർഹതയില്ലെന്നോർത്തിട്ടോ? 

കഴിഞ്ഞ ദിവസം വാട്സാപ്പിൽ വന്ന മനോഹരമായൊരു ജീവിതത്തെപ്പറ്റി ഓർക്കുന്നു. വിവാഹം കഴിഞ്ഞു പുതിയതായി വന്നു കയറിയ പെൺകുട്ടിയുടെ എല്ലാ അങ്കലാപ്പുകളും അവൾക്കുമുണ്ടായിരുന്നു. വീട്ടിൽ അച്ഛന്റെ നിഴലായി അടുക്കള മാത്രം കണ്ടു ജീവിച്ചിരുന്ന അമ്മയിൽ നിന്നും ഭർത്താവിന്റെ സ്വാതന്ത്ര്യത്തിലേക്കു പറന്നുയരുന്ന ഒരു അമ്മയെ കണ്ട് അവൾ ആദ്യമൊന്ന് അമ്പരന്നു. വീട്ടിലെ ജോലികളെല്ലാം ഒന്നിച്ചു ചെയ്യുന്ന അമ്മയും അച്ഛനും മകനും അടങ്ങിയ ഒരു കുടുംബം. പരസ്പരം സ്നേഹവും സമയവും പങ്കുവച്ച് ആനന്ദിച്ച് ജീവിക്കുന്നവർ. അവരവരുടെ ഇടത്തെ വിട്ടു കൊടുക്കുന്നവരും ആസ്വദിക്കുന്നവരും. ആ കഥ ഫെയ്‌സ്ബുക്കിലൊരു പെൺകുട്ടി പോസ്റ്റാക്കിയപ്പോൾ അതിനു കീഴെ വന്ന സ്ത്രീകളുടെ കമന്റുകൾ ഞെട്ടിച്ചെക്കാം.

"കണ്ണ് നിറഞ്ഞു പോയി..."

"ഇതൊക്കെ വായിക്കാൻ പറ്റൂ"

"ഇവിടെയും ഇങ്ങനെയായിരുന്നെങ്കിൽ.."

"ഇങ്ങനെയൊക്കെ നടക്കുന്ന വീടുകളുണ്ടാകുമോ?"

"ഇവിടെ അടുക്കളയിൽ കിടന്ന് നരകിക്കുന്നു അപ്പോഴാ ഇതുപോലെയുള്ള കഥകൾ, വെറും കഥയാണിത്, വെറും കഥ!" വെറും കഥയാണോ എന്നറിയില്ല, പക്ഷേ, പല വീടുകളും ഈയൊരു കഥയിലേക്കു മാറി ചിന്തിക്കാനും ജീവിക്കാനും തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, വിവാഹമോചനം എന്ന ബിന്ദുവിന്റെ ഒരു കാരണം സ്വാതന്ത്ര്യമാണെന്നിരിക്കെ അതിലേയ്ക്ക് പോയേക്കാവുന്ന ഒരു വാതിലാണിത്. അടുക്കളയിൽ നിന്നും സ്വീകരണമുറിയിലൂടെ ആകാശത്തേയ്ക്ക് തുറക്കുന്ന ഒരു വാതിൽ. പുരുഷനു മാത്രമല്ല സ്ത്രീകൾക്കും സഞ്ചരിക്കാൻ കഴിയുന്ന തുറന്ന ഒരു വാതിൽ.

മേതിൽ ദേവികയുടെ പക്വമാർന്ന മറുപടി വേദനിപ്പിക്കുന്നുണ്ട്. സ്വകാര്യമായ ഒരു സ്നേഹവും ജീവിതവും വിട്ടൊഴിയുമ്പോൾ ഒരു സമൂഹത്തിനു മുഴുവൻ മറുപടി നൽകേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്! അല്ലെങ്കിൽ അവർ കഥകൾ ചമയ്ക്കുന്നത് എന്തൊരു മര്യാദകേടാണ്. അകലാനും പ്രിയനും ആയിരം  കാരണങ്ങളുണ്ടാകും അതൊക്കെ ആ മനുഷ്യർക്കിടയിൽ മാത്രമായി ചുരുങ്ങിയിരിക്കേണ്ട കാരണം മാത്രമാണ്. മാതാപിതാക്കളോട് പോലും ബോധിപ്പിക്കേണ്ടതില്ലാത്ത ഉത്തരമാണത്. പക്ഷേ, ഭാര്യയും ഭർത്താവും ആയിരുന്നവർ സമൂഹത്തിൽ അറിയപ്പെടുന്നവരാകുമ്പോൾ അവരുടെ സ്വകാര്യതയെക്കുറിച്ചറിയാൻ അവകാശമുള്ളതുപോലെയാണ് സമൂഹം പലപ്പോഴും ഇടപെടുക. എത്ര ക്രൂരമാണത്!

കാരണങ്ങൾ അവർക്കുള്ളിൽ തന്നെയിരിക്കട്ടെ, അവരെന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കുക എന്നല്ലാതെ അതിൽ ചർച്ചകൾക്ക് പ്രസക്തിയില്ല. അയാളുടെ രാഷ്ട്രീയമോ സിനിമയോ മറ്റു പലതുമോ ചർച്ചയാക്കാം, പക്ഷേ, മറ്റൊരാൾ കൂടി ഉൾപ്പെട്ട ജീവിതം വാർത്തയാക്കേണ്ടതില്ല, അതൊരു സ്വാഭാവിക മര്യാദയാണ്. സമൂഹം വ്യക്തിക്ക് കൊടുക്കേണ്ട മാന്യമായ ആദരവ്. 

എത്ര പിരിയാൻ തീരുമാനിക്കുമ്പോഴും അത്രയും നാൾ ഒപ്പം താമസിച്ച ഒരാളുടെ നഷ്ടം ഒരു ശൂന്യത തന്നെയാണ്, ഏറെനാൾ. അതിൽ നിന്ന് തിരികെ വരാനും സന്തോഷത്തിന്റെ താക്കോൽ കണ്ടെത്താനും ഇരുവർക്കും സമയം ആവശ്യമാണ്. ആ സമയം അവരെ പ്രിയപ്പെട്ടവർ ചേർത്ത് പിടിക്കുക മാത്രമാണ് വേണ്ടത്. അത് തന്നെയാണ് എല്ലാവരോടും ദേവികയും പറയുന്നത്. മര്യാദയും ആദരവും ആ സ്ത്രീയ്ക്കും നൽകാം. 

English Summary: Social Media Response About Divorce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com