ADVERTISEMENT

‘എന്തിനാണ് മനുഷ്യർ വിവാഹിതരാകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സ്നേഹിക്കുന്ന ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കിൽ വിവാഹ കരാറിൽ ഒപ്പു വയ്ക്കുന്നത് എന്തിനാണ്? അതിന്റെ ആവശ്യമുണ്ടോ? ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ഒരു കരാറിന്റ ആവശ്യമില്ല.’– വിവാഹത്തെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ മലാല യുസഫ് സായി പറഞ്ഞ വാക്കുകളാണ് ഇത്. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇപ്പോൾ 24–ാം വയസ്സിൽ താൻ വിവാഹിതയാകുകയാണെന്ന് ലോകത്തെ അറിയിക്കുകയാണ് മലാല. ഇൻസ്റ്റഗ്രാമിലൂടെ നിക്കാഹിന്റെ ചിത്രങ്ങൾ മലാല പങ്കുവച്ചതോടെയാണ് വിവാഹ വിവരം പുറംലോകം അറിഞ്ഞത്. 

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണ് വരൻ. ദീർഘനാളത്തെ ഡേറ്റിങ്ങിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ ഇത് ആദ്യമായാണ് പങ്കാളി അസീർ മാലിക്കിനൊപ്പമുള്ള ചിത്രങ്ങൾ മലാല സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. മലാല വിവാഹ ചിത്രങ്ങൾ പങ്കുവച്ചതോടെ അസീർ മാലിക് ആരാണെന്ന് സോഷ്യൽ മീഡിയയിൽ പരതുകയാണ് ലോകം.  

2020ലാണ് അസീർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗമാകുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും  ചിത്രങ്ങളും നിറയുന്നതാണ് അസീറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്.  നേരത്തെ അമച്വർ ലീഗിന്റെയും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെയും ഭാഗമായിരുന്നു അസീർ മാലിക്്. 2012ൽ ലാഹോർ യുനിവഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ‘ഡ്രാമലൈൻ’ എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റു കൂടിയാണ് അസീർ മാലിക്. 

2019ലാണ് മലാലയും അസീറും പരിചയപ്പെടുന്നത്. അസീർ മാലിക്കുമായി പരിചയപ്പെട്ട ശേഷം വിവാഹത്തെ കുറിച്ചുള്ള മലാലയുടെ കാഴ്ചപ്പാടു തന്നെ മാറിയിരിക്കുന്നതായാണ് ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുൻപ് ബർമിങ്ഹാമിൽ നിന്നുള്ള ഒരു ഗ്രൂപ്പ് സെൽഫി അസീർ മാലിക് പങ്കുവച്ചിരുന്നു. ഈ ഗ്രൂപ്പ് സെൽഫിയിൽ അന്ന് മലാലയും ഉണ്ടായിരുന്നു. എന്നാൽ ഇരുവർക്കും പ്രണയം പരസ്യമാക്കാൻ  താത്പര്യമുണ്ടായിരുന്നില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസ്സിൽ യുഎന്നിൽ പ്രസംഗിച്ചു.‌ 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.

English Summary: Love Story Of Malala Yousafzai And Asser Malik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com