സ്ത്രീകളുടെ കണ്ണീരൊപ്പിയ സന്ധ്യ; ഒടുവിൽ അപൂർവ നേട്ടം

sree
സന്ധ്യ
SHARE

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള യുഎൻ രാജ്യാന്തര ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ആദരിക്കുന്ന 16 പേരിലെ ഒരാളായി  ഇടപ്പള്ളി സ്വദേശിയും ഹൈക്കോടതി അഭിഭാഷകയുമായ സന്ധ്യ രാജു. നിരാലംബരായ സ്ത്രീകൾക്കു നിയമ സഹായവുമായി  20 വർഷമായി  സന്ധ്യയുണ്ട്. സമൂഹത്തിൽ ചൂഷണം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ നിയമസഹായം നൽകുന്ന സംഘടനയായ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ് റിസർച് ആൻഡ് അഡ്‌വകസി (സിസിആർആർഎ)  എന്ന സംഘടനയുടെ സ്ഥാപക കൂടിയാണു സന്ധ്യ. എറണാകുളം  കച്ചേരിപ്പടിയിലാണ്  ഓഫിസ് പ്രവർത്തിക്കുന്നത്. ജോലി സ്ഥലങ്ങളിലെ അതിക്രമങ്ങൾക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന ജില്ലാതല കമ്മിറ്റിയിലും സന്ധ്യ അംഗമാണ്. 

നേരത്തെ ഹ്യുമൻ റൈറ്റ്സ് ലോ നെറ്റ്‌വർക്കിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണു സിസിആർആർഎ 2017ൽ സന്ധ്യയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്നത്. മുതിർന്ന അഭിഭാഷകരും  അധ്യാപകരും സംഘടനയുടെ ഭാഗമാണ്. ഒട്ടേറെ കേസുകളിൽ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായവുമായി സന്ധ്യ എത്തിയിട്ടുണ്ട്. ഓരോ വർഷവും 50– 100 കേസുകളാണ് ഇവർക്കു മുന്നിൽ എത്തുന്നത്. ഇതിൽ ഒരാൾക്കു പോലും നിയമസഹായം ലഭിക്കാതെ പോകുന്നില്ല എന്നു സന്ധ്യ ഉറപ്പാക്കുന്നു. കോടതിയിൽ പോകാൻ മടിയുള്ള സാധാരണക്കാരായ സ്ത്രീകളാണെങ്കിൽ  കോടതിക്കു പുറത്തു പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സഹായം നൽകും. 

ജാർഖണ്ഡിൽ നിന്നു കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസ്, കുട്ടികളെ പാർപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനം ആവശ്യപ്പെട്ടുള്ള കേസ് തുടങ്ങിയവയെല്ലാം  സന്ധ്യയുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധേയ പോരാട്ടങ്ങളാണ്. ഇന്ത്യ മുഴുവനുള്ള  നിയമസഹായ സംഘടനകളുമായി ബന്ധമുള്ളതിനാൽ എവിടെ നിന്നുള്ള കേസായാലും  കൈകാര്യം ചെയ്യുക പ്രയാസമല്ലെന്നു സന്ധ്യ പറയുന്നു. കേരളത്തിൽ സന്നദ്ധ സംഘടനകളായ ഭൂമിക, സ്നേഹിത, കുടുംബശ്രീ തുടങ്ങിയവയുമായി ചേർന്നാണ് പ്രവർത്തനം.സന്ധ്യയുടെ ഭർത്താവ് കുര്യൻ തോമസും ഹൈക്കോടതിയിൽ അഭിഭാഷകനാണ്. മക്കൾ വിദ്യാർഥികളായ അർജിത് കുര്യൻ തോമസ്, അരവിന്ദ്  ജോർജ് തോമസ്. 

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ രാജ്യാന്തര ദിനമായി ആചരിക്കുന്ന നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിലായാണു യുഎസ് കോൺസുലേറ്റ് ലിംഗവിവേചനത്തിനെതിരായി പോരാടുന്ന 16 പേർക്ക് ആദരം ഒരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA