ADVERTISEMENT

സ്വന്തം മക്കൾക്കു വേണ്ടി എന്തു ത്യാഗവും അനുഭവിക്കാൻ മാതാപിതാക്കൾ തയ്യാറാകാറുണ്ട്. അത്തരത്തിൽ വൈകാരികമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്. എത്രകാര്യങ്ങൾ ചെയ്താലും മക്കൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന ചിന്ത പലപ്പോഴും അച്ഛനമ്മമാരെ അലട്ടാറുണ്ട്. ടാക്സി ഡ്രൈവറായതിന്റെ പേരിൽ മകളോടു മാപ്പു ചോദിക്കുകയാണ് ഒരു അച്ഛൻ. അച്ഛന്റെ വിഡിയോ കണ്ട മകളുടെ പ്രതികരണവും വിഡിയോയിൽ ഉണ്ട്. മകൾ തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

 

‘താങ്കൾ മാത്രം മതി’ എന്ന കുറിപ്പോടെയാണ് മകൾ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ജനുവരിയിൽ മോഹുയ എന്ന ഇൻസ്റ്റഗ്രാം യൂസർ ഒരു വിഡിയോ പങ്കുവച്ചിരുന്നു. വിഡിയോ പങ്കുവച്ചുകൊണ്ട് മകൾ കുറിച്ചത് ഇങ്ങനെയാണ്: ‘എന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ പലതരത്തിൽ സമ്പാദിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.  നിങ്ങളുടെ ജോലിയെ ആശ്രയിച്ചാണ് സമൂഹത്തിൽ നിങ്ങളുടെ സ്റ്റാറ്റസ് എന്ന ഒരു ധാരണയുണ്ട്. എന്നാൽ അത് സത്യമായിരിക്കില്ല. എന്റെ അച്ഛനെ ഈ സമൂഹത്തിലെ മറ്റ് അച്ഛന്മാരുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്ന് എനിക്കു നിസ്സംശയം പറയാൻ സാധിക്കും. കുടുംബം സംരക്ഷിക്കുന്നതിനായി വലിയ സമ്മർദം എന്റെ പിതാവ്  അനുഭവിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തെ ഓർത്ത് എപ്പോഴും എനിക്ക് അഭിമാനം തോന്നിയിരുന്നു. ഉദയത്തിനു മുൻപ് ജോലിക്കു പോകുകയും അസ്തമയത്തിനു ശേഷം തിരികെ വരികയും ചെയ്തിരുന്ന  കഠിനാധ്വാനിയായ പിതാവിനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നിയിരുന്നു. കർക്കശക്കാരായ ആളുകൾക്കു പോലും പരാതിയില്ലാത്ത വിധം കാര്യങ്ങൾ ഭംഗിയായി ചെയ്തിരുന്ന വ്യക്തിയായിരുന്നു അച്ഛൻ. അദ്ദേഹം ഞങ്ങളുടെ അഭിമാനമാണ്. അദ്ദേഹം ഞങ്ങൾക്കു വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്തു. അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കുന്നത് അച്ഛനു വേണ്ടിയാണ്.’

 

തുടർന്ന് ഗുഡ്ന്യൂസ് മുവ്മെന്റ് എന്ന പേജിൽ എത്തിയതോടെയാണ് വിഡിയോ വൈറലായത്. ‘കഠിനമായി ജോലികൾ ചെയ്യുന്ന രക്ഷിതാക്കള്‍ അറിയണം. നിങ്ങൾ മാത്രം മതി. സ്നേഹം നിറഞ്ഞ ഈ ആദരവ് മനോഹരമാണ്.’– വിഡിയോ വീണ്ടും പങ്കുവച്ചു കൊണ്ട് അവർ കുറിച്ചത് ഇങ്ങനെയാണ്. വിഡിയോയിൽ അച്ഛന്റെ സംഭാഷണവും മകൾ എഴുതിച്ചേർത്തിട്ടുണ്ട്. എന്റെ അച്ഛൻ: മറ്റു രക്ഷിതാക്കളെ പോലെ എനിക്ക് ഡോക്ടറോ എൻജിനീയറോ ഒന്നും ആകാൻ കഴിഞ്ഞില്ല. അച്ഛനോട് ക്ഷമിക്കണം. ഞാൻ ഒരു ടാക്സി ഡ്രൈവറാണെന്ന് നീ ആരോടും പറയണ്ട’. ‘താങ്കൾ മാത്രം മതി. എനിക്കു വേണ്ടി എല്ലാ ത്യാഗവും അനുഭവിച്ചതിന് നന്ദി.’– എന്നാണ് മകളുടെ മറുപടി. അച്ഛനും മകളും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. 

 

വിഡിയോ സോഷ്യൽ മീഡിയയിൽ എത്തി 11 മണിക്കൂറുകൾക്കകം 1.2 ലക്ഷം ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചത്. നിരവധി പേർ കമന്റുകളുമായി എത്തി. ‘നമുക്കു വേണ്ടി ജീവിതം മാറ്റി വയ്ക്കുന്ന രക്ഷിതാക്കൾക്കു വേണ്ടി നമ്മൾ സമയം മാറ്റി വയ്ക്കണം, എന്റെ പിതാവ് ഒരു തൂപ്പൂകാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, എന്റെ പിതാവ് അർഹിക്കുന്നതു പോലെ നല്ലൊരു ജീിവിതം അദ്ദേഹത്തിനു കൊടുക്കാൻ കഴിഞ്ഞോ എന്നത് എനിക്കു സംശയമാണ്.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

 

English Summary: Daughter’s reaction to dad apologising about his job will leave you emotional

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com