ADVERTISEMENT

ചെന്നൈ ∙ ഇൗ മാതൃദിനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അമ്മമാർക്കൊപ്പമാണ് അർപ്പുതം അമ്മാളും. കഴിഞ്ഞ 30 വർഷത്തോളമായി ഒപ്പമില്ലാതിരുന്ന മകൻ ഇത്തവണ കൂടെയുണ്ട്. ഇതു വരെ മാറ്റിവച്ചിരുന്ന ആഗ്രഹങ്ങൾ പ്രത്യേകിച്ച് മകന്റെ വിവാഹം അടക്കമുള്ളവ വീണ്ടും സ്വപ്നം കാണുകയാണു തളരാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകമായ ഇൗ അമ്മ. 

‘19–ാം വയസ്സിൽ എന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടു പോയ നിരപരാധിയായ ഒരു മകന്റെ അമ്മയാണു ഞാൻ. അവൻ പോയതു മുതൽ അവന്റെ പിന്നാലെ ഓടുകയാണു ഞാൻ.. ആ ഓട്ടം ഇപ്പോഴും തുടരുകയാണ്..’ പേരറിവാളന്റെ മാതാവ് അർപ്പുതം അമ്മാളിന്റെ ട്വിറ്റർ പേജിൽ അവർ കുറിച്ചു വച്ചിരിക്കുന്ന വരികളാണിത്. മകനെ തിരിച്ചുപിടിക്കാനുള്ള ആ അമ്മയുടെ കഠിന പരിശ്രമങ്ങൾ അവസാനഘട്ടത്തിലാണ്.

പേരറിവാളനെ സിബിഐ കൊണ്ടു പോയതിന്റെ അടുത്ത ദിവസം മുതൽ അതാതയത് 1991 ജൂൺ 12 മുതൽ അർപ്പുതം അമ്മാൾ പോരാട്ടത്തിലാണ്. പലപ്പോഴും മകനെ പാർപ്പിച്ചിരുന്ന പൂനമല്ലിയിലെ ജയിലിനു മുന്നിലിരുന്നു ദിവസങ്ങളോളം അവർ കരഞ്ഞിരുന്നു. കാലിലെ റബർ ചെരിപ്പുകളും കണ്ണടയും വെളുത്ത മുടിയിഴകളും തോളിലെ ബാഗുമായി മകന്റെ മോചനത്തിനു വേണ്ടി കയറി ഇറങ്ങാത്ത കോടതികളും പോകാത്ത നഗരങ്ങളുമില്ല. അർപ്പുതം അമ്മാളിന്റെ നിശ്ചയ ദാർഢ്യം തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളെപ്പോലും ഏറെ സ്വാധീനിച്ചു. 

മകന്റെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവു ചെയ്ത 2014 ഫെബ്രുവരിയിലാണ് ഇതിനു മുൻപ് അർപ്പുതം അമ്മാൾ സന്തോഷം കൊണ്ട് കരഞ്ഞിട്ടുള്ളത്. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പേരറിവാളന് ജാമ്യം അനുവദിക്കപ്പെട്ടപ്പോൾ, വീണ്ടും ആ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. ‘ഇനി പേരറിവാളൻ മോചിതനാകണം. അടുത്ത പോരാട്ടങ്ങൾ അതിനുവേണ്ടിയാണ്. മോചനം അത്ര പ്രയാസമുള്ള കാര്യമാകില്ലെന്നാണു പ്രതീക്ഷ. അവനു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു കേസന്വേഷിച്ച മുൻ സിബിഐ ഉദ്യോഗസ്‌ഥൻ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്’ അർപ്പുതാമ്മാൾ പറയുന്നു. തന്റെ മകനെ അവർ കൊണ്ടുപോകുമ്പോൾ 19 വയസ്സാണ്. ഇപ്പോൾ 50 വയസ്സായി. കഴിഞ്ഞ 30 വർഷം ഞങ്ങൾക്കു ജീവിതമുണ്ടായിരുന്നില്ല. അവന്റെ വളർച്ചയൊന്നും കാണാനായില്ലെന്ന് അർപ്പുതമ്മാൾ സങ്കടം പറയുമായിരുന്നു പലപ്പോഴും. 

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് വധശിക്ഷ ലഭിച്ചത് മൊഴിയിൽ തിരുത്തു വരുത്തിയതു കൊണ്ടാണെന്ന് കേസന്വേഷിച്ച മുൻ സിബിഐ ഉദ്യോഗസ്‌ഥൻ ത്യാഗരാജൻ തന്നെ വെളിപ്പെടുത്തിയതിനെ തുടർന്ന് മകന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അവർ. ആ വിശ്വാസത്തിന് കൂടുതൽ ഉറപ്പേകുന്ന വിധിയാണു സുപ്രീംകോടതിയിൽ നിന്ന് ഒടുവിൽ ഉണ്ടായത്. പക്ഷേ, തനിക്കു വിശ്രമിക്കാറായിട്ടില്ലെന്ന് അർപ്പുത അമ്മാളിനു നന്നായി അറിയാം. മകനെ സ്വതന്ത്രനാക്കും വരെ അവരുടെ പോരാട്ടം തുടരുമെന്നും ഉറപ്പ്.

(കഴിഞ്ഞ മാതൃദിനത്തിൽ പേരറിവാളന്റെ അമ്മ അർപ്പുദം അമ്മാളിനെ കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com