ADVERTISEMENT

മാതൃദിനത്തിൽ വ്യത്യസ്തമായ വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളുടെ മനംകവരുകയാണ് ഈ അമ്മയും മകനും. നാ മേരി റാണി എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനു മകനൊപ്പം ചുവടുവയ്ക്കുന്ന അമ്മയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൈദരാബാദ് സ്വദേശിയായ ലോഹിത രവികിരണും മകൻ കിഷൻ സമയമന്ത്രിയുമാണ് ഗംഭീര നൃത്തത്തിലൂടെ ഹൃദയം കവർന്നത്. ഇരുവരും ചേർന്ന് ഇൻസ്റ്റഗ്രാമിലൂടെ ചെയ്ത റീലുകൾ ലക്ഷക്കണക്കിന് ആരാധകരുണ്ട്. 

2021ലെ കോവിഡ് ലോക്ഡൗൺ കാലത്താണ് അമ്മയും മകനും വിഡിയോകൾ ചെയ്യാൻ തുടങ്ങിയത്. ‘ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ റീൽസിനു കഴിഞ്ഞു.’എന്നാണ് അമ്മയും മകനും പറയുന്നത്. ‘എനിക്ക് ഓർമവച്ച കാലം മുതൽ ഞാൻ ഡാൻസ് ചെയ്യാറുണ്ട്. എങ്ങനെ ഡാൻസ് ചെയ്യണമെന്ന് അമ്മയാണ് എന്നെ പഠിപ്പിച്ചത്. അല്ലാതെ ഔദ്യോഗികമായ പരിശീലനമൊന്നും ഞാൻ നടത്തിയിട്ടില്ല.’– ബിടെക് വിദ്യാർഥിയായ കിഷൻ പറയുന്നു.

ബോളിവുഡ്, തെലുങ്ക് ഗാനങ്ങൾക്കെല്ലാം കോളജില്‍ കൊറിയോഗ്രാഫി ചെയ്യാറുണ്ട്. കോളജിലെ ഡാൻസ് ക്ലബിന്റെ ഭാഗമാണ് ഞാൻ. എന്റെ അധ്യാപകരോട് പലസമയങ്ങളിലായി കൊറിയോഗ്രാഫി ചെയ്യട്ടെ എന്ന് ചോദിക്കാറുണ്ട്. അതെല്ലാം വളരെ സന്തോഷത്തോടെയാണ് ഞാൻ ചെയ്യുന്നത്. ലോക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിൽ കുറെ കാലം ഇരുന്നല്ലോ. അക്കാലത്ത് വീട്ടിലിരുന്നുള്ള മടുപ്പ് മാറ്റുന്നതിനു വേണ്ടിയാണ് റീൽസ് ചെയ്തു തുടങ്ങിയത്. ഞാനും അമ്മയും ചേർന്ന് ധാരാളം വിഡിയോകൾ ചെയ്തിട്ടുണ്ട്. കുടുംബത്തിലെ ഒത്തു ചേരലുകൾക്കെല്ലാം ഞാനും അമ്മയും ഡാൻസ് ചെയ്യാറുണ്ട്. എന്നാൽ ലോക്ഡൗൺ കാലത്താണ് വിഡിയോകൾ ചെയ്യാമെന്ന് ആലോചിച്ചത്. ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ റീൽസ് തന്നെ വൈറലായി. കുറച്ചു കാലം കഴിഞ്ഞപ്പോൾ ടിക്ടോക്ക് നിരോധിച്ചു. അങ്ങനെയാണ് രണ്ടാമത്തെ ലോക്ഡൗൺ കാലത്ത് ഞങ്ങൾ ഇൻസ്റ്റഗ്രാമിലേക്കു മാറുന്നത്. വീടിന്റെ ടെറസില്‍ നിന്നാണ് ഞങ്ങൾ വിഡിയോ ചെയ്യാറുള്ളത്. ഞങ്ങളുടെ അയൽവാസികളും ബന്ധുക്കളുമെല്ലാം അതിനെ പ്രോത്സാഹിപ്പിച്ചു.’– കിഷൻ വ്യക്തമാക്കി. 

ഇപ്പോൾ ലോഹിതയ്ക്ക് ഇൻ‍സ്റ്റഗ്രാമിൽ 180k ഫോളവേഴ്സുണ്ട്. വിഡിയോ ഹിറ്റാകുന്നതിന്റെ കാരണം അമ്മയാണെന്ന് മകൻ തന്നെ പറയുന്നു. ‘ലോക്ഡൗണിൽ എല്ലാവരും വലിയ മാനസിക സമ്മർദത്തിലായിരുന്നു. നൃത്തം ചെയ്യുമ്പോൾ അമ്മ എത്ര സന്തോഷവതിയാണെന്ന് അപ്പോഴെനിക്കു മനസ്സിലായി. അമ്മയോടൊപ്പമുള്ള വിഡിയോകള്‍ കണ്ട് മറ്റുള്ള അമ്മമാരും എന്നെ വിളിച്ചു. അവർക്കും ഏറെ പ്രചോദനമായിരുന്നു അമ്മയുടെ ഡാൻസ്. ഇനി അവരും മക്കൾക്കൊപ്പം ഇങ്ങനെയെല്ലാം ചെയ്യുമെന്ന് അറിയിച്ചു.’– കിഷൻ പറഞ്ഞു. 

English Summary: Hyderabad’s mother-son duo matches steps to viral fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com