ADVERTISEMENT

വിവാഹം കഴിഞ്ഞ് അധിക നാളുകൾ കഴിയുംമുൻപ് ഭർത്താവിന്റെ അമ്മയുമായി ചേർന്നുപോകാനാവില്ല എന്ന് പരാതിപ്പെടുന്ന പെൺകുട്ടികൾ ധാരാളമാണ്. വ്യത്യസ്ത ഇഷ്ടങ്ങളും അഭിരുചികളുമൊക്കെയായി ഒരേ വീട്ടിൽ കഴിയേണ്ട സാഹചര്യങ്ങളിൽ ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കാണാൻ മരുമകൾക്കോ മരുമകളെ സ്വന്തം മകളായി കാണാൻ അമ്മായിഅമ്മയ്ക്കോ പലപ്പോഴും കഴിയണമെന്നില്ല. തുടക്കത്തിൽ തന്നെ മനസ്സിൽ കയറിക്കൂടുന്ന അകൽച്ച പിന്നീട് ഇരുവരും തമ്മിലുള്ള വലിയ പ്രശ്നങ്ങളായി മാറി കുടുംബത്തിന്റെ സമാധാനം തകരുന്ന സാഹചര്യം പല വീടുകളിലുമുണ്ട് . എന്നാൽ ആദ്യം മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭർത്താവിന്റെ അമ്മയുമായി ആഴത്തിലുള്ള ഹൃദയബന്ധം സ്ഥാപിക്കാനും വഴക്കുകൾ ഒഴിവാക്കാനും സാധിക്കും. 

ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് 

വിവാഹശേഷവും സ്വന്തം അച്ഛനമ്മമാർ എങ്ങനെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണോ അതേരീതിയിൽ ഭർത്താവിന്റെ മാതാപിതാക്കളും ജീവിതത്തിൽ ഉണ്ടാവുമെന്ന് തുടക്കത്തിൽ തന്നെ തിരിച്ചറിയണം.  ഭർത്താവിന് വീട്ടുകാരോടുള്ള അടുപ്പം തിരിച്ചറിയുക എന്നതാണ് അതിൽ പ്രധാനം. അവർക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്താൽ അതൊരു നല്ല തുടക്കമാകും.  ജീവിതത്തിൽ നിന്ന് അവരെ ഒഴിവാക്കി നിർത്താൻ ശ്രമിക്കുന്നതായി തോന്നിത്തുടങ്ങിയാൽ ശക്തമായ സ്നേഹബന്ധം ഒരിക്കലും ഉണ്ടാവില്ല.

മനസ്സിലാക്കാൻ ശ്രമിക്കുക 

ഭർത്താവിന്റെ അമ്മയുടെ അഭിരുചികളെക്കുറിച്ചും ഹോബികളെക്കുറിച്ചും എല്ലാം അവരിൽ നിന്നുതന്നെ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ഒക്കെ തുറന്നു പറയാനും ശ്രദ്ധിക്കണം. അവരുടെ കുട്ടിക്കാലത്തെക്കുറിച്ചും മകന്റെ കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം അറിയാർ താല്പര്യം പ്രകടിപ്പിച്ചാൽ ഇരുകൂട്ടർക്കും പൊതുവായ കാര്യങ്ങളോ ഇഷ്ടങ്ങളോ ഉണ്ടെങ്കിൽ അത് കണ്ടെത്താനാവും.   അവയ്ക്കായി ഒരുമിച്ച് സമയം നീക്കി വയ്ക്കാൻ കൂടിയായാൽ സൗഹൃദപരമായ അന്തരീക്ഷം വളരെ വേഗന്നു സൃഷ്ടിച്ചെടുക്കാൻ സാധിക്കും. അതിനുപുറമെ എത്തരം കാര്യങ്ങളാണ്  അവർക്ക് അരോചകമായി തോന്നുന്നത് എന്ന് മുൻധാരണ ഉണ്ടാക്കാനും ഇത്തരം സംഭാഷണങ്ങൾ സഹായകമാവും.

ഒരുമിച്ച് സമയം പങ്കിടാം

മരുമകളും അമ്മായിയമ്മയും മാത്രമായി പങ്കിടാൻ അല്പം സമയം കണ്ടെത്തുന്നത് ഇരുവർക്കുമുള്ള തെറ്റിദ്ധാരണകൾ തിരുത്താനും പരസ്പരം കൂടുതൽ മനസ്സിലാക്കാനുമൊക്കെ സഹായകമാണ്. ഇടനേരങ്ങളിലും ഒരുമിച്ച് ജോലി ചെയ്യുമ്പോഴും സൗഹൃദപരമായി സന്തോഷമുള്ള കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുക. ഒഴിവുസമയത്ത് പ്രിയപ്പെട്ട ഹോബികളിൽ ഏതെങ്കിലും ഒന്ന് കൂട്ടായി ചെയ്യാമെന്ന തരത്തിൽ പ്രേരിപ്പിക്കുന്നതും അവർക്ക് മനസ്സിന് സന്തോഷം നൽകും.

വിഷമങ്ങൾ തുടക്കത്തിലേ തുറന്നു പറയുക 

ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളിൽ നിങ്ങളുടെ ചിന്തയോ  രീതിയോ മനസ്സിലാക്കാത്തതിനാൽ ഭർത്താവിന്റെ അമ്മയുടെ  പെരുമാറ്റങ്ങൾ നിങ്ങൾക്ക് ഉൾക്കൊള്ളാനാകാതെ വന്നെന്നിരിക്കാം. ഇത് തുടക്കത്തിൽ തന്നെ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സ് അറിയാത്തതുകൊണ്ട് മാത്രമാവാം ഒരുപക്ഷേ അവർ അത്തരത്തിൽ പെരുമാറുന്നത്. തുറന്നു പറയാത്ത പക്ഷം നിങ്ങൾക്ക് അക്കാര്യത്തിൽ വിഷമമുണ്ടെന്ന് അവർ മനസ്സിലാക്കാതെ വരികയും സമാനമായ സാഹചര്യങ്ങൾ  ആവർത്തിക്കുകയും അതേത്തുടർന്ന് അനാവശ്യമായി ഒരു വിരോധം മനസ്സിൽ വളർന്നു വരികയും ചെയ്യാം. 

ഉപദേശം തേടാം

മകനും മരുമകളും തനിക്ക് വേണ്ടത്ര മതിപ്പ് നൽകുന്നു എന്ന് ചിന്തിച്ചാൽ തന്നെ പല പ്രശ്നങ്ങളും ഒഴിവായി പോകും.  പ്രധാന തീരുമാനങ്ങളെടുക്കും മുൻപ് അവരോട് അഭിപ്രായമോ ഉപദേശമോ ചോദിക്കുന്നതിൽ തെറ്റില്ല. ബന്ധം ദൃഢമാകും എന്നതിനപ്പുറം അവരുടെ ജീവിതാനുഭവങ്ങളും പരിചയസമ്പത്തും കൃത്യമായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും എന്നതാണ് മറ്റൊരു കാര്യം. അവർ പറയുന്ന കാര്യങ്ങളിൽ പ്രായോഗികത ഇല്ലെങ്കിലോ നടപ്പിലാക്കാൻ സാധിക്കാത്തതോ ആണെങ്കിൽ അത് കാരണ സഹിതം കൃത്യമായി പറഞ്ഞു മനസ്സിലാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com