ADVERTISEMENT

വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾ പിന്നിടുമ്പോഴേയ്ക്കും ദാമ്പത്യ ബന്ധത്തിൽ തുടക്കത്തിലുണ്ടായിരുന്ന ഊഷ്മളതയും സന്തോഷവും കൈവിട്ടു പോകുന്നതിന്റെ നിരാശയിൽ കഴിയുന്നവർ ഏറെയുണ്ട്. മനസ്സിൽ ആഴത്തിൽ സ്നേഹമുണ്ടെങ്കിലും അത് വേണ്ടവിധത്തിൽ പ്രകടിപ്പിക്കാനോ പരസ്പരം പിന്തുണച്ച് ഓരോ ദിവസവും സന്തോഷകരമാക്കാനോ സാധിക്കാത്തതാണ് പലരുടെയും വിഷമം.  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പങ്കാളികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സന്തോഷം പഴയപടി നിലനിർത്താനും സാധിക്കും.

പങ്കാളിയെ അല്‍പംകൂടി അടുത്തറിയാം

വിവാഹത്തിനു മുൻപ് കുറച്ചുകാലമെങ്കിലും പരസ്പരം അറിയുന്നതിനായി സമയം പങ്കിടുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാൽ വിവാഹശേഷം വർഷങ്ങൾ കടന്നു പോകുമ്പോൾ പങ്കാളിയുടെ ചിന്താഗതിയിലും മനോഭാവത്തിലുമൊക്കെ പ്രായത്തിനൊത്ത മാറ്റങ്ങളും വന്നിട്ടുണ്ടാകും. ഇവ പരസ്പരം തിരിച്ചറിയേണ്ടതുണ്ട്. പങ്കാളിയുടെ ജീവിതരീതികൾ ശ്രദ്ധിച്ച് ഈ മാറ്റങ്ങളൊക്കെ മനസ്സിലാക്കി പെരുമാറാൻ ശ്രമിക്കുക. 

പങ്കാളിക്കായി അൽപം കൂടി സമയം മാറ്റിവയ്ക്കാം

ജീവിതം മുന്നോട്ടു പോകുന്നതനുസരിച്ച് തിരക്കുകളും പ്രാരാബ്ധങ്ങളും വർധിച്ചെന്നുവരാം. ഇതിനിടയിൽ ദൈനംദിന ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവ്വഹിക്കുക എന്നതിനപ്പുറം പങ്കാളിക്കായി അൽപസമയം നീക്കി വയ്ക്കാൻ സാധിക്കാതെയും വന്നേക്കാം. ഇത് ബന്ധത്തിൽ അകലം കൂട്ടുകയും ചെയ്യും. പങ്കാളിയെ ചെറിയ ചെറിയ കാര്യങ്ങളിൽ സഹായിക്കാനും ഒഴിവ് ദിവസങ്ങളിലെങ്കിലും ഒരുമിച്ച് അല്പസമയം സംസാരിച്ചിരിക്കാനുമൊക്കെ വിടവ് കണ്ടെത്തേണ്ടതുണ്ട്. ഇത് ജീവിതത്തിൽ ഒരു പുതുമ കൊണ്ടുവരാൻ സഹായിക്കും. ഇതിനുപുറമേ ഉള്ളിലുള്ള സ്നേഹം തുറന്നു പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല.

ഒരുമിച്ചുള്ള യാത്രകൾ

വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവർ പോലും കുട്ടികളും തിരക്കുകളും ജീവിതത്തിൽ കടന്നുവരുന്നതോടെ തങ്ങളുടേത് മാത്രമായ ഒരു ലോകം മറന്നു പോകാറുണ്ട്. യാത്രകൾ അത്യാവശ്യ കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി മാത്രമായിത്തീരും. അല്ലാത്ത യാത്രകളിൽ കുട്ടികളുടെ സന്തോഷത്തിനാവും പ്രാധാന്യം. ഇടയ്ക്ക് ഇതിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കുക. ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ ഇടയ്ക്ക് ഏതാനും മണിക്കൂറുകളെങ്കിലും നിങ്ങളുടേതു മാത്രമായ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുക. ഓർക്കുക നിങ്ങളുടെ സന്തോഷമാണ് കുട്ടികൾക്കും ജീവിതത്തിലേക്ക് പകർന്നു കിട്ടേണ്ടത്.

വിഷമതകൾക്ക് പകരം സന്തോഷങ്ങൾ എണ്ണി തിട്ടപ്പെടുത്താം

ജീവിതത്തിൽ വിരസത തോന്നിത്തുടങ്ങിയാൽ പരസ്പരം കുറ്റപ്പെടുത്താനും പഴിചാരാനും മാത്രം ശ്രമിക്കുന്നവരാണ് അധികവും. ഏതൊക്കെ കാര്യങ്ങളിൽ പങ്കാളി ശ്രദ്ധിക്കുന്നില്ല എന്നും ഏതൊക്കെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നടത്തുന്നില്ല എന്നുമെല്ലാം കണ്ടെത്താനായിരിക്കും വ്യഗ്രത. ഇത് ക്രമേണ നിരാശയിലേക്ക് മാത്രമേ നയിക്കു. പരാതികൾ മാത്രം ചികയുന്നതിനു പകരം ചെറിയ  സന്തോഷങ്ങൾക്കും പ്രാധാന്യം നൽകുക. പാകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടതിൽ പങ്കാളി അഭിനന്ദിച്ചതോ ജോലികളിൽ സഹായിച്ചതോ പോലെയുള്ള ചെറിയ സന്തോഷങ്ങളും എപ്പോഴും കണക്കിൽ പെടുത്തുക. തിരികെ പങ്കാളിക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുക.

കഷ്ടപ്പാടുകളിൽ ഒന്നായി നിൽക്കാം

ജീവിത പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ അതിൽ നിന്നുള്ള സമ്മർദം മൂലം പരസ്പരം പഴിചാരാൻ ശ്രമിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഒരു പ്രതിസന്ധി വന്നുചേരുന്ന സമയത്ത് എപ്പോഴും പങ്കാളിക്ക് പിന്തുണയേകി ഒപ്പം നിൽക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ഒന്നായി ചേർന്ന് നിന്നാൽ പലപ്പോഴും ഇത്തരം വിഷമതകൾ നിഷ്പ്രയാസം തരണം ചെയ്യാനായെന്ന് വരാം. പ്രശ്നം പരിഹരിക്കുന്നതിനൊപ്പം ഇത് ബന്ധത്തിലെ ഊഷ്മളത വർധിപ്പിക്കുകയും ചെയ്യും. ഓർക്കുക നിങ്ങളുടെ ജീവിതത്തിലെ സന്തോഷം പങ്കാളിയുടെ സന്തോഷം കൂടിയാണ്.

English Summary: THINGS TO DO WHEN HAPPINESS FADES IN YOUR MARRIAGE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com