ADVERTISEMENT

ഇന്ത്യയിൽ കൂട്ടുകുടുംബങ്ങൾ ഏറെയുള്ളതിനാൽ ഭർതൃമാതാവും മരുമകളും ഒരേ വീട്ടിൽ കഴിയുന്ന സാഹചര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടാവുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ വിവാഹശേഷം അമ്മായിയമ്മയും മരുമകളും തമ്മിൽ  സ്നേഹത്തോടെ കഴിയുന്ന കാഴ്ച ചിലർക്കെങ്കിലും കൗതുകവുമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അമ്മായിയമ്മയും മരുമകളും കൂട്ടുകാരെ പോലെ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിനിത ശർമ്മ എന്ന സ്ത്രീയും ഭർതൃമാതാവുമാണ് വീഡിയോയിലുള്ളത്. വീട്ടിലെ അടുക്കളയ്ക്ക് മുന്നിൽ നിന്ന് നൃത്തം ചെയ്തു തകർക്കുകയാണ് വിനിത. തൊട്ടുപിന്നിലായി അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുന്ന അമ്മയെയും കാണാം. ‘ലത് ലഗ് ഗയി’ എന്ന ഹിന്ദിഗാനത്തിനൊത്ത്  വിനിത നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിക്കുകയാണ് അമ്മ.  മരുമകളുടെ ചടുലമായ നൃത്തച്ചുവടുകൾ കണ്ട് നിറഞ്ഞ ചിരിയോടെയാണ് ഭർതൃമാതാവ് പ്രതികരിച്ചത്.

ഉടൻതന്നെ വിനിത അടുക്കളയിലേയ്ക്കെത്തി അമ്മായിഅമ്മയ്ക്ക് അരികിൽ നിന്ന് നൃത്തം ചെയ്യാനും തുടങ്ങി.  വിനിത തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് തുടരുന്നത് എന്നും ഭർത്താവിന്റെ കുടുംബവും തന്നെ അതേ രീതിയിൽ അംഗീകരിക്കുന്നുണ്ടെന്നും വിനിത കുറിക്കുന്നു. ഇത്രയും കൂളായ മാതാപിതാക്കളെയും കുടുംബത്തെയും കിട്ടിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നും വിനിത പറയുന്നുണ്ട്.

എന്നാൽ ഇത് ആദ്യമായല്ല ഇരുവരും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്ന ദൃശ്യങ്ങൾ വിനിത പങ്കുവയ്ക്കുന്നത്. ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെയും അഭിനയിക്കുന്നതിന്റെയുമൊക്കെ ധാരാളം വിഡിയോകൾ മുൻപും വിനിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഭർതൃമാതാവ് മക്കളെ എപ്പോഴും സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും അതിനാൽ അവരെ സന്തോഷിപ്പിക്കാനാവുന്ന എല്ലാ കാര്യങ്ങളും താൻ ചെയ്യുമെന്നും യുവതി പറയുന്നു.

എന്തായാലും ഈ ഹൃദയബന്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പന്ത്രണ്ടു ലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം വിഡിയോ  കണ്ടത്. മരുമകളെ സ്വന്തം മകളായി കണ്ട് ഒപ്പം നിൽക്കുന്ന ഒരു അമ്മയെ ലഭിച്ച യുവതി ഭാഗ്യവതിയാണെന്നാണ് പലരുടെയും പ്രതികരണം. വിഡിയോ കാണുമ്പോൾ യുവതി ആ അമ്മയുടെ സ്വന്തം മകളാണെന്ന് ചിന്തിക്കാനേ കഴിയുന്നുള്ളൂ എന്ന് മറ്റു ചിലർ കുറിക്കുന്നു.

English Summary: Woman’s Reaction to Daughter-in-law's Dance Moves is Melting Hearts on Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com