ഒരേ വീട്ടിൽ കഴിയുന്നവരാണെങ്കിലും കുടുംബത്തിലെ ഓരോരുത്തരും വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള വ്യക്തികളായിരിക്കും. കുടുംബമാണ് ഏറ്റവും വലിയ പിന്തുണ എന്ന് പറയപ്പെടുമ്പോഴും നമ്മുടെ ചിന്താരീതികളും സ്വഭാവരീതികളുമായി ചേർന്നു പോകാനാവാത്ത വ്യക്തികൾ വീടിനുള്ളിൽ തന്നെയുണ്ടെങ്കിൽ കുടുംബാന്തരീക്ഷത്തിൽ സ്വസ്ഥത കണ്ടെത്താനാവില്ല. ഇതിനു പുറമേ ഒരിക്കലും മനസ്സമാധാനം ലഭിക്കാത്ത ഇടമായി നിങ്ങൾ സ്വന്തം വീടിനെതന്നെ കണ്ടുതുടങ്ങുകയും ചെയ്യും. ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുകയും ഉത്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കുമൊക്കെ തള്ളിവിടുകയും ചെയ്തെന്നു വരാം. ഇത്തരത്തിൽ പൊരുത്തപ്പെടാനാവാത്ത കുടുംബ ബന്ധങ്ങൾ മാനസികനിലയെ തകർക്കാതിരിക്കാൻ ചില വഴികൾ നോക്കാം.
കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുക
വ്യക്തിപരമായ കാര്യങ്ങളിലേക്ക് കൈകടത്തലുകൾ ഉണ്ടാകാതെ ഇത്തരക്കാരുമായുള്ള ബന്ധത്തിൽ ഒരു അതിർവരമ്പ് സൂക്ഷിക്കുന്നതാണ് പ്രധാനം. നിങ്ങളുടെ ചിന്താഗതികളുമായി ഒരു തരത്തിലും പൊരുത്തപ്പെടില്ല എന്ന് ഉറപ്പുള്ള വ്യക്തികളുമായി സംസാരിച്ച് അവരുടെ കാഴ്ചപ്പാടുകൾ മാറ്റിയെടുക്കാം എന്ന ധാരണ ഒഴിവാക്കുക. നിങ്ങൾക്കു മാനസിക സമ്മർദം ഉണ്ടാക്കാൻ ഇടയുള്ള വിഷയങ്ങൾ ഇവരുമായുള്ള സംഭാഷണങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്താൻ ശ്രദ്ധിക്കുക. അതേപോലെ തിരിച്ചും അവരുടെ വിഷയങ്ങൾ നിങ്ങളുടെ കണ്ണിലൂടെ മാത്രം കണ്ട് കൈകടത്തി അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുക.
നല്ല കാര്യങ്ങൾ കൂടി കണക്കിലെടുക്കാം
എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. നിങ്ങളുമായി നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നു എന്നതുകൊണ്ടുമാത്രം ഒരു വ്യക്തി പൂർണമായും മോശമാണെന്ന് വിലയിരുത്താനാവില്ല. അതിനാൽ നിങ്ങളുമായി ചേർന്നു പോകാത്ത വ്യക്തിയെ ഒരേ മനോഭാവത്തോടെ സമീപിക്കാതെ അവരുടെ നല്ല വശങ്ങളിലേക്കു കൂടി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് നിരന്തരം വിമർശിക്കുന്ന വ്യക്തിയാണെങ്കിൽ കൂടി നിങ്ങളുടെ അസാന്നിധ്യത്തിൽ മക്കളെ അങ്ങേയറ്റം ശ്രദ്ധയോടെ അവർ പരിപാലിക്കുന്നുണ്ടാവാം. ഇത്തരത്തിൽ ഓരോരുത്തരുടെയും നല്ല വശങ്ങൾക്കു കൂടി പ്രാധാന്യം നൽകി തുടങ്ങുക.
വിഷമഘട്ടങ്ങളിൽ തുണയാവാം
വ്യക്തിപരമായ തർക്കങ്ങൾ മൂലം മാനസികമായി കുടുംബാംഗങ്ങൾ തമ്മിൽ എക്കാലവും അകന്നു നിൽക്കുന്ന പ്രവണത നല്ലതല്ല. നിങ്ങളുമായി പൊരുത്തക്കേടുകളുള്ള കുടുംബാംഗമാണെങ്കിലും ശാരീരികമായോ മാനസികമായോ വിഷമതകൾ നേരിടുമ്പോൾ അവരോടു സഹാനുഭൂതിയോടെ മാത്രം പെരുമാറുക. ഇതുകൊണ്ട് അവരിൽ മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലും ഒരുപക്ഷേ അവരെ കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾക്കു സാധിച്ചെന്ന് വരാം.
അമിത പ്രതീക്ഷകളില്ലാതെ യാഥാർത്ഥ്യത്തെ അംഗീകരിക്കാം
ജീവിതത്തിലെ നല്ല നിമിഷങ്ങളിലും മോശം സമയത്തും നമുക്ക് ചുറ്റുമുള്ളവർ എത്തരത്തിൽ പ്രതികരിക്കുന്നു എന്നത് ഓരോരുത്തരുടെയും മാനസിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. പിന്തുണയ്ക്കുകയോ സാന്ത്വനിപ്പിക്കുകയോ ചെയ്യേണ്ട സമയങ്ങളിൽ അതിനു വിപരീതമായാണ് വേണ്ടപ്പെട്ടവർ പെരുമാറുന്നത് എങ്കിൽ അത് മാനസികമായി വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും. അതിനാൽ നിങ്ങളുമായി പൊരുത്തക്കേടുകൾ ഉള്ളവരെക്കുറിച്ച് അമിത പ്രതീക്ഷകൾ വച്ച് പുലർത്താതിരിക്കുക. വിഷമതകൾ പങ്കുവയ്ക്കുമ്പോൾ അവർ പിന്തുണയോ സാന്ത്വനമോ നൽകുമെന്ന് പ്രതീക്ഷിക്കാതെ സ്വഭാവരീതികൾ കൃത്യമായി മനസ്സിലാക്കി യാഥാർത്ഥ്യബോധത്തോടെ മാത്രം പെരുമാറുക.
English Summary: Dealing with Difficult Family Relationships