‘ജീവിതത്തിലെ ഏറ്റവും മനോഹരമായ റോൾ; ദേവിയുടെ അമ്മ’, ഹൃദ്യമായ ചിത്രവുമായി ബിപാഷ ബസു

Mail This Article
നവംബറിലായിരുന്നു ബോളിവുഡ് താരം ബിപാഷ ബസുവിന് കുഞ്ഞ് പിറന്നത്. ഇപ്പോൾ മകൾക്കൊപ്പമുള്ള അതിമനോഹരമായ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണു താരം. ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പും ബിപാഷ പങ്കുവച്ചു. മകളുടെ കുഞ്ഞുപാദം കവിളേക്കു ചേർത്തുള്ളതാണ് ബിപാഷ പങ്കുവച്ച ചിത്രം.
ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ‘ദേവിയുടെ അമ്മ. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോൾ’ എന്ന കുറിപ്പോടെയാണ് ചിത്രം. ബിപാഷയുടെ ചിത്രത്തിനു താഴെ താരങ്ങളടക്കം നിരവധിപേർ ആശംസകൾ അറിയിച്ചു. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വിഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിക്കു സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- എന്ന കുറിപ്പോടെയായിരുന്നു കേക്ക് മുറിക്കുന്ന വിഡിയോ താരം പങ്കുവച്ചത്.
2015ലാണ് ബിപാഷയും നടനായ കരൺ സിങ് ഗ്രോവറും സൗഹൃദത്തിലായത്. 2016ൽ ഇരുവരും വിവാഹിതരായി. ബിപാഷയുടെ ഗർഭകാലചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ പുതിയ ഒരു ഘട്ടത്തിലേക്കു കടക്കുകയാണെന്ന കുറിപ്പോടെയായിരുന്നു കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം താരം ലോകത്തെ അറിയച്ചത്.
English Summary: Bipasha Basu beams with joy as she plays with daughter Devi, calls being her mother as 'the most beautiful role'