ചിലപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ സർവസാധാരണമാണ്. എന്നാൽ നിരന്തരം ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടായാൽ അത് ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും ബന്ധം തന്നെ വേർപിരിയാൻ ഇത്തരം അസ്വാരസ്യങ്ങൾ കാരണമാകും. വളരെ എളുപ്പവഴികളിലൂടെ ഇത്തരം കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്.
എത്ര തിരക്കുകൾക്കിടയിലും കുടുംബവുമായി ചിലവഴിക്കാൻ സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാദിവസവും എല്ലാ തിരക്കുകളും മാറ്റിവച്ച് കുറച്ചു നേരം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ സഹായിക്കും.
സ്നേഹം ഉള്ളലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പലരും തയാറാകാറില്ല. അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങളുടെ പങ്കാളി പലപ്പോഴും ആ സ്നേഹം തിരിച്ചറിയാതെ പോകുകയും അത് കുടുംബബന്ധത്തെ ശിഥിലമാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നല്ല വാക്കുകളും, ചേർത്തുനിർത്തലുമെല്ലാം അനിവാര്യമാണ്. അതോടൊപ്പം തന്നെ പരസ്പരമുള്ള സഹായ സഹകരണങ്ങളും പ്രധാനമാണ്. കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുക, സിനിമയ്ക്കു പോകുക, അവധിദിനങ്ങൾ കുടുംബത്തോടൊപ്പം പരമാവധി ചിലവഴിക്കുകയും ചെയ്യണം
പരസ്പരമുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെ പങ്കാളികൾക്കിടയിൽ തുറന്ന സംസാരം അനിവാര്യമാണ്. ഏതുപ്രശ്നവും കൃത്യമായ ആശയവിനിമയത്തിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ. ഒപ്പംതന്നെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയാൻ മടിക്കരുത്. പരസ്പരമുള്ള ബഹുമാനവും മനസ്സിലാക്കലും അനിവാര്യമാണ്. കുട്ടികളെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ അവരെ കൂടി ഉൾപ്പെടുത്താൻ പരമാവധി ശ്രദ്ധിക്കണം. കുടുംബത്തിൽ ഒരാൾ നല്ലകാര്യം ചെയ്താൽ അതിനെ അഭിനന്ദിക്കണം. അവർക്കു വേണ്ട പിന്തുണയും പ്രോത്സാഹനവും നിരന്തരം നൽകണം.
English Summary: Building Healthy Family Relationships