കഴിഞ്ഞ ഡിസംബറിലായിരുന്നു ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. സിംഗപ്പൂരിലായിരുന്നു ശസ്ത്രക്രിയ. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ത്യയിലേക്കു മടങ്ങി വരുന്ന പിതാവിനെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് രോഹിണി. ട്വിറ്ററിലൂടെയാണ് രോഹിണി കുറിപ്പു പങ്കുവച്ചത്.
‘ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട നേതാവ് ലാലുജിയുടെ ആരോഗ്യനിലയെ കുറിച്ചാണ്. ഫെബ്രുവരി 11ന് പപ്പ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കു പോകുകയാണ്. ഒരു മകളുടെ കടമ ഞാൻ നിറവേറ്റി എന്നാണ് എനിക്കു തോന്നുന്നത്. പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്ന എന്റെ പിതാവിനെ ഞാൻ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുകയാണ്.’– രോഹിണി ആചാര്യ കുറിച്ചു.
ലാലുപ്രസാദ് യാദവിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ട്വിറ്ററിലൂടെ പാർട്ടി പ്രവർത്തകരെ അറിയിച്ചിരുന്നു. തന്റെ മൂത്ത സഹോദരി രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക ദാനം ചെയ്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനിലയെ കുറിച്ച് തേജസ്വി യാദവിനോട് അന്വേഷിക്കുകയും ചെയ്തു. രോഹിണിയുടെ വൃക്കയാണ് പിതാവിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയതിനെ കുറിച്ചും ചികിത്സയിലെ ഓരോഘട്ടത്തെ കുറിച്ചും തേജസ്വി യാദവ് ട്വിറ്ററിലൂടെ പ്രവർത്തകരെ അറിയിച്ചിരുന്നു.
English Summary: "Take Care Of My Papa": Lalu Yadav's Daughter Makes Emotional Post