പ്രായപൂർത്തി ആയാൽ വിവാഹം കഴിക്കാൻ മക്കളെ നിർബന്ധിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. 38 വയസ്സായിട്ടും ഒരു സ്ത്രീയെയും വീട്ടിലേക്കു കൊണ്ടുവരാത്തതിനെ തുടർന്ന് മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയ അമ്മയുടെ വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. മകന് വിവാഹത്തിൽ താത്പര്യമില്ലാത്തത് മാനസികപ്രശ്നമാണെന്നു കരുതിയാണ് ഡോക്ടറെ കാണിക്കാൻ അമ്മ തീരുമാനിച്ചത്.
2020 മുതൽ എല്ലാ വർഷവും തുടക്കത്തിൽ അമ്മ മകനുമായി സ്ഥിരം മാനസീകരോഗ ആശുപത്രിയിൽ പോകുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹനാൻ പ്രവിശ്യയിലുള്ള വാങ് എന്നു പേരായ യുവാവ് ഒരു വിഡിയോ പങ്കുവച്ചതിലൂടെ വിവാഹത്തിനുള്ള നിർബന്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായി. ഈ ലൂണാർ വർഷവും ഒരു സ്ത്രീയെ വീട്ടിലേക്കു കൊണ്ടുവരാത്തതിനാൽ തന്റെ തലയ്ക്ക് അസുഖമാണെന്നാണ് അമ്മ കരുതിയിരിക്കുന്നതെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്.
എല്ലാ വർഷവും ഫെബ്രുവരി നാലിന് ഹെനാൻ പ്രവിശ്യ മാനസികാരോഗ ആശുപത്രിയിൽ പോകും. എന്നാൽ ഇത്തവണ അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു. ആശുപത്രിയിൽ ഡോക്ടർ അവരുടെ മകന് യാതൊരു അസുഖവും ഇല്ലെന്നും അസുഖം അവർക്കാണെന്നും പറഞ്ഞു. മകനെ വിവാഹത്തിന് കൂടുതൽ നിർബന്ധിക്കുന്നത് അവരുടെ മാനസിക പ്രശ്നമാണ്. ‘ഞാൻ അവിവാഹിതനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല. ഇപ്പോൾ ഞാൻ തിരക്കിലാണ്. ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹം കഴിക്കും. ഞാൻ വിവാഹം കഴിക്കാത്തതിനാൽ എന്റെ അമ്മയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അത് എനിക്ക് കുറച്ച് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് അമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ആശുപത്രിയിൽ പോകാൻ ഞാൻ തീരുമാനിച്ചത്. ’– യുവാവ് പറഞ്ഞു.
English Summary: Chinese Mother Takes Her Single Son To A Psychiatrist, Complains He Never Brought A Girl Home