ജീവനുതുല്യം സ്‌നേഹിക്കുന്നവര്‍ക്ക് ജീവന്‍വരെ നല്‍കാന്‍ ആരും മടിക്കില്ല, പിന്നെയാണോ വൃക്ക. മിസൗറിയിലെ ഡിലെയ്ന്‍ ഇവനോവ്‌സ്‌കിക്കും പറയാനുളളത് സ്വന്തം ജീവനെക്കാള്‍ വിലമതിക്കുന്ന അച്ഛനെ കുറിച്ചാണ്. അച്ഛനോടുളള സ്‌നേഹത്തെ കുറിച്ചാണ്. അവര്‍ ആ സ്‌നേഹം പറയുകയല്ല മറിച്ച് വൃക്ക നല്‍കി പ്രകടിപ്പിക്കുകയാണു ചെയ്തത്. മകളാണ് വൃക്ക നൽകുന്നത് എന്ന സത്യം അച്ഛനെ അറിയിക്കുന്ന സന്ദര്‍ഭം വിഡിയോയില്‍ പകര്‍ത്തുകയും അത് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. നാല്‍പതുലക്ഷത്തിലേറെ തവണയാണ് വിഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. അച്ഛന്റെയും മകളുടെയും സ്‌നേഹബന്ധത്തെ അമൂല്യമെന്നാണ് സോഷ്യല്‍ മീഡിയ ലോകം വിശേഷിപ്പിക്കുന്നത്.
ജോണ്‍ ഇവാനോവ്‌സ്‌കിക്ക് 60 വയസാണ് പ്രായം. ജോണിന്റെ ശരീരത്തില്‍ രോഗപ്രതിരോധശേഷി നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ എ(IgA)യുടെ അപര്യാപ്തത ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ട് ഒരുവർഷത്തിലേറെയായി. ഇതിനെ തുടര്‍ന്ന് ജോണിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി. ഐജിഎ നെഫ്രോപതിയെന്ന ഒരുതരം കിഡ്‌നിരോഗമാണ് ജോണിനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അസുഖത്തെ തുര്‍ന്ന് വ്യക്ക തകരാറിലായതോടെ ആഴ്ചയില്‍ നാല് ദിവസം അഞ്ച് മണിക്കൂറിലേറെയാണ് ജോണിന് ഡയാലിസിസിനായി ഹോസ്പിറ്റലില്‍ പോകേണ്ടിയിരുന്നത്.
ഒരു വര്‍ഷത്തോളമായി ജോണ്‍ ഡയാലിസിസ് ചെയ്യുകയാണ്. വൃക്ക മാറ്റിവെക്കുകയാണ് ഇതിനുളള പോംവഴിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ മകള്‍ ഡിലെയ്ന്‍ തനിക്ക് വൃക്ക നല്‍കുന്നതിനോട് ജോണിന് കടുത്ത എതിര്‍പ്പായിരുന്നു. ഡിലെയ്‌ന്റെ ഒരേയൊരു സഹോദരന്‍ 16 വര്‍ഷങ്ങള്‍ക്കുമുന്‍പ് അര്‍ബുദം വന്ന് മരിച്ചതാണ്. ഡിലെയ്‌ന് കൂടി എന്തെങ്കിലും സംഭവിക്കുന്നത് അച്ഛനായ ജോണിന് ആലോചിക്കാന്‍ പോലുമാവില്ല. അതേസമയം മകള്‍ ഡിലെയ്ന്‍ അച്ഛന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
ജോണിന് പറ്റിയ ഡോണറെ കണ്ടെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. അപ്പോഴേക്കും എന്തെങ്കിലും സംഭവിച്ചുപോയാലോ എന്ന ആദിയായിരുന്നു ഡിലെയ്‌നിന്. അതുകൊണ്ട് അച്ഛന്റെ അനുവാദമില്ലാതെ തന്നെ കാര്യങ്ങള്‍ വളരെ രഹസ്യമാക്കി വൃക്ക നല്‍കാനുളള നപടികള്‍ ഡിലെയ്ന്‍ ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതരും ഡിലെയ്‌ന്റെ ഒപ്പം സഹകരിച്ചതോടെ ശസ്ത്രക്രിയ വിജയമായി.
ജോണിന് തന്റെ പട്ടിയെ ഒരുപാട് ഇഷ്ടമാണ്. അതിനൊപ്പം നടക്കാനും ഓടാനും മറ്റു പലകാര്യങ്ങള്‍ ചെയ്യാനും ജോണിന് ആഗ്രഹമുണ്ട്. എന്നാല്‍ ഒരു മെഷീനില്‍ കുരുങ്ങി കിടക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതില്‍ നിന്ന് അച്ഛനെ രക്ഷിക്കണം. ചിലപ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ അച്ഛന്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കാനും വെറുക്കാനും ചിലപ്പോള്‍ ഇനിയുളള വര്‍ഷങ്ങള്‍ മിണ്ടാതിരിക്കാനും സാധ്യതയുണ്ട്. എന്നാലും എനിക്കിത് ചെയ്‌തേ മതിയാകുമായിരുന്നുളളു എന്നാണ് ഡിലെയ്ന്‍ തന്റെ അവയവ ദാനത്തെ കുറിച്ച് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ജോണിന് ഒരു വൃക്ക ദാതാവിനെ ലഭിച്ചതായി ആശുപത്രിയില്‍ നിന്ന് വിവരം ലഭിക്കുന്നത്. അത് ആരാണെന്ന് അവര്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചിലപ്പോള്‍ വെറുതെ പറഞ്ഞതാവാം എന്ന് ജോണ്‍ കരുതി. മാത്രമല്ല വൃക്കയ്ക്കായി ആറും ഏഴും വര്‍ഷങ്ങളാണ് ഓരോ രോഗികളും കാത്തിരിക്കുന്നത്. അപ്പോഴാണ് തനിക്ക് ഒരുവര്‍ഷത്തിനുളളില്‍ ദാതാവിനെ കിട്ടുന്നത്. അത് തികച്ചും വിശ്വസനീയമായി തോന്നിയിരുന്നില്ലെന്ന് ജോണ്‍ പറയുന്നു. എന്നാല്‍ അത് സത്യമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പേരുപറയാന്‍ താൽപര്യമില്ലാത്ത ദാതാവിനെ കുറിച്ചുളള വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ രഹസ്യമാക്കിവച്ചപ്പോള്‍ മകളാണെന്ന് ചിന്തിച്ചിരുന്നില്ലെന്നും ജോണ്‍ പറയുന്നു.
വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റി ആന്റ് ബാര്‍ണ്‌സ് ജ്യൂയിഷ് ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ വച്ചാണ് ജോണിന്റെ സര്‍ജറി നടന്നത്. ഡിലെയ്ന്‍ സര്‍ജറിക്കുശേഷം കയ്യില്‍ ഐ.വി ഡ്രിപ്പുമായി ജോണിനെ കാണാന്‍ മുറിയിലേക്ക് വന്നു. അപ്പോഴാണ് മകളാണ് ദാതാവെന്ന് ജോണറിയുന്നത്. ഇത് മനസിലാക്കിയതോടെ ജോണിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം വിതുമ്പിക്കൊണ്ടിരിക്കുന്ന രംഗം വിഡിയോയില്‍ പകര്‍ത്തുകയും ഈ വിഡിയോ ഡിലെയ്ന്‍ തന്റെ ടിക് ടോക്കില്‍ പോസ്റ്റു ചെയ്യുകയും ഉണ്ടായി. ഇതുകാണുന്ന 60.00 പേര്‍ ഞങ്ങള്‍ക്ക് ഒരു ഡോളര്‍ വീതം തന്നിരുന്നെങ്കില്‍ എനിക്ക് അച്ഛനു വേണ്ടി ചെയ്ത വൃക്ക മാറ്റിവെക്കലിന്റെ ചിലവിനു സഹായമായേനെ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്തും അച്ഛനോടുളള മകളുടെ സ്‌നേഹത്തില്‍ സന്തോഷം പ്രകടിപ്പിച്ചും നിരവധി പേരാണ് എത്തിയത്. അതേസമയം മകളുടെ ആരോഗ്യം സംബന്ധിച്ച് ഒരുപാട് ആശങ്കയുണ്ടെങ്കിലും ഇനി ഒരു യന്ത്രത്തിന്റെ സഹായത്തോടെ ജീവിക്കേണ്ടല്ലോ എന്ന ആശ്വാസവുമുണ്ടെന്ന് ജോണ്‍ പറയുന്നു.
English Summary: Woman, 25, Secretly Donates Kidney to Her Father, 60, Who Told Her Not To: 'I Was in Shock'