ADVERTISEMENT

നമ്മുടെ ജീവനടക്കം നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള വില പിടിച്ചതിനെല്ലാം ഇൻഷുറൻസ് എടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ എത്ര ആഴത്തിൽ മൊട്ടിട്ടതാണെങ്കിലും യാതൊരു ഗ്യാരന്റിയുമില്ലാത്ത പ്രണയ ബന്ധത്തിന്റെ കാര്യത്തിൽ അത് തകർന്നാൽ ആത്മാർഥത കാണിച്ചയാൾക്കു വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മനോവിഷമം മാത്രമാണ് തിരികെ കിട്ടുന്നത്. ഈ പതിവൊക്കെ തെറ്റിച്ച് കാമുകി 'തേച്ച'തിനുള്ള ഇൻഷുറൻസ് തുക കൈപ്പറ്റിയിരിക്കുകയാണ് പ്രതീക് ആര്യൻ എന്ന യുവാവ്. 25000 രൂപയാണ് കാമുകിയുമൊത്ത് ആരംഭിച്ച ഫണ്ടിൽ നിന്നും പ്രതീകിന് ലഭിച്ചത്.

 

പ്രണയബന്ധത്തിലായിരുന്ന സമയത്ത് ഇരുവരും ഒന്നിച്ചാണ് ഒരു 'ഹാർട്ട്ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്' ആരംഭിക്കാം എന്ന് തീരുമാനിച്ചത്. പ്രണയം പരാജയപ്പെട്ടാൽ അതിൽ വിഷമിക്കേണ്ടി വരുന്ന വ്യക്തിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടാവരുത് എന്നതായിരുന്നു ഇവരുടെ തീരുമാനത്തിനു പിന്നിലെ കാരണം. പ്രണയം തകരുന്നതുമൂലമുണ്ടാകുന്ന ഹൃദയവേദനയ്ക്ക് പണം പരിഹാരമാവില്ലെങ്കിലും  ഒരു നഷ്ടപരിഹാരമായെങ്കിലും ഈ തുക കൈവരുന്നത് ആശ്വാസമാകുമെന്ന് ഇവർ കണക്കുകൂട്ടി. അത്രയേറെ മനസ്സിലാക്കി പ്രണയിച്ചിട്ടും രണ്ടുവർഷത്തെ അടുപ്പത്തിന് ശേഷം ഒടുവിൽ കാമുകി പ്രതീകിനെ കൈയൊഴിയുകയായിരുന്നു.

 

പ്രണയത്തിലായിരുന്ന അത്രയും കാലം എല്ലാ മാസവും ഇരുവരും 500 രൂപ വീതം ഫണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. പ്രണയം അവസാനിപ്പിക്കുന്നത് രണ്ടു പേരിൽ ആരായാലും അന്നുവരെ ഫണ്ടിൽ നിക്ഷേപിച്ച തുകയിൽ യാതൊരു അവകാശവുമില്ലാതെ മടങ്ങണം എന്നായിരുന്നു ധാരണ. വഞ്ചിക്കപ്പെട്ട ആൾക്ക് തുകയിൽ മുഴുവൻ അവകാശവും ഉണ്ടാവും എന്നും ഇവർ തീരുമാനിച്ചിരുന്നു. ഈ ധാരണ പ്രകാരമാണ് ഇപ്പോൾ 25000 രൂപ പ്രതീകിന് കൈവന്നിരിക്കുന്നത്.

 

തന്റെ ട്വിറ്റർ പേജിലൂടെ പ്രതീക് തന്നെയാണ് വ്യത്യസ്തമായ ഇൻഷുറൻസ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിൽ പരം ആളുകൾ പ്രതീകിന്റെ പോസ്റ്റ് കണ്ടുകഴിഞ്ഞു. വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി ഈ പണം കണക്കാക്കാം എന്നാണ് പ്രതീകിന്റെ പക്ഷം. ഇത് വളരെ നല്ലൊരു ആശയമാണെന്ന തരത്തിൽ പലരും പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. നിക്ഷേപിച്ച തുകയ്ക്ക് അതിന്റെ ഇരട്ടി പ്രതിഫലം നൽകുന്ന ഈ സ്കീം ഏറെ ഇഷ്ടപ്പെട്ടതായാണ് ചിലരുടെ കമന്റുകൾ. സമാനമായ രീതിയിൽ പ്രണയം പരാജയപ്പെട്ട പലരും എന്തുകൊണ്ട് ഈ ഐഡിയ നേരത്തെ പറഞ്ഞു തന്നില്ല എന്നാണ് പ്രതീകിനോട് ചോദിക്കുന്നത്. അതേസമയം ഈ കഥയിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല.

English Summary: Heartbreak Insurance Fund: How one man got Rs 25,000 after his girlfriend cheated on him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com