ജനിച്ചയിടത്തുതന്നെ ഓര്‍മയുളള കാലത്തോളം ജീവിക്കാനാവുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. അത്തരമൊരു ഭാഗ്യമുണ്ടായിരിക്കുന്നത് ബ്രിട്ടൻ സ്വദേശിയായ നാന്‍സി എന്ന മുത്തശ്ശിക്കാണ്. 104 വയസ്സുള്ള മുത്തശ്ശി 102 വര്‍ഷവും കഴിഞ്ഞത് ഒരേ വീട്ടില്‍. തന്റെ സന്തോഷവും സങ്കടവും എല്ലാമറിഞ്ഞ, ഓര്‍മകളുറങ്ങുന്ന ആ വീട് ഇപ്പോള്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണ് അവർ.
ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തിലായിരുന്നു നാന്‍സി ജോവന്‍ ഗിഫോര്‍ഡിന്റെ ജനനം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാന്‍സി മുത്തശ്ശിയുടെ 104–ാം പിറന്നാള്‍ ആഘോഷം നടന്നത്. അന്നേ ദിവസമാണ് വീട് വില്‍ക്കാനുളള തീരുമാനം നാന്‍സി മുത്തശ്ശി എടുക്കുന്നത്. ഒരു നൂറ്റാണ്ടു മുഴുവന്‍ കഴിഞ്ഞ മൂന്നു മുറികളുളള ആ വീട് നിരവധി ചരിത്രങ്ങളുടെ സാക്ഷിയാണ്. ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, ബഹിരാകാശ യുഗം, എല്ലാം കടന്ന് ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തിലെത്തിയിരിക്കുന്നു. ഇക്കാലമത്രയും ലോകത്തിന്റെ എല്ലാ വളര്‍ച്ചയ്ക്കും സാക്ഷിയാണ് നാന്‍സി മുത്തശ്ശിയുടെ വീട്.
1882ലാണ് ഈ വീട് പണിയുന്നത്. പിന്നീട് 1921ല്‍ വെറും 200 പൗണ്ടിനാണ് (20,190 രൂപ) നാന്‍സിയുടെ കുടുംബം ആ വീട് സ്വന്തമാക്കുന്നത്. നാന്‍സിക്ക് രണ്ടു വയസ്സുളളപ്പോഴാണ് ആ വീട്ടില്‍ അവര്‍ താമസം തുടങ്ങുന്നത്. വെറും ഇരുപതിനായിരത്തോളം രൂപ വിലയുണ്ടായിരുന്ന വീടിന് ഇന്ന് 1,69,950 പൗണ്ടാണ് (1,71,56,289 രൂപ) വിലയിട്ടിരിക്കുന്നത്. വാര്‍ധക്യ സഹജമായ പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ് നാന്‍സി മുത്തശ്ശി. അതിനാല്‍ ഗ്ലാസ്റ്റണ്‍ബറിയിലെ സെന്റ് ബെനഡിക്ട് നഴ്സിങ് ഹോമിലേക്ക് താമസം മാറേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇതുകൊണ്ടു മാത്രമാണ് വീട് വില്‍പനയെ കുറിച്ച് ആലോചിക്കാന്‍ തീരുമാനിച്ചതെന്ന് പറയുന്നു നാന്‍സിയുടെ മകന്‍ ജോണ്‍.
വര്‍ഷങ്ങളോളം ഈ വീട്ടില്‍ കഴിയാനായതിന്റെ സന്തോഷത്തോടൊപ്പം വീടു വിട്ട് പോകുന്നതിന്റെ വിഷമവും നാന്‍സി മുത്തശ്ശിയുടെ മകന്‍ പങ്കുവയ്ക്കുന്നു. പണ്ട് വീടിനടുത്തുളള എല്ലാവരും തമ്മില്‍ വളരെ നല്ല അടുപ്പമായിരുന്നു. അടുത്തുളള പറമ്പില്‍ കളിച്ചും പുഴയില്‍ നീന്തിയുമൊക്കെ കഴിഞ്ഞ ബാല്യമായിരുന്നു. അപ്പോഴൊക്കെ പണമില്ലായിരുന്നുവെങ്കിലും എല്ലാവരും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. 1882ല്‍ പണിത വീടിനോട് ചേര്‍ന്ന് ഒരു പൊതു കിണറുണ്ടായിരുന്നു. ആ പ്രദേശത്തുളളവരെല്ലാം ഉപയോഗിച്ചിരുന്നത് അതിലെ വെളളമായിരുന്നുവെന്നും ജോണ്‍ ഓര്‍ക്കുന്നു.
English Summary: UK Woman Sells House After Living There For 102 Years