ADVERTISEMENT

ഓസ്കർ ലഭിച്ചതോടെ രാജ്യമെങ്ങും ‘നാട്ടുനാട്ടു’ തരംഗമാണ്. ഏതൊരു ആഘോഷ പരിപാടിയിലും ഒഴിവാക്കാനാവാത്ത ഒന്നായി നാട്ടുനാട്ടു നൃത്തം മാറിക്കഴിഞ്ഞു. ഗാനത്തിനൊപ്പം സിനിമയിലേതുപോലെയുള്ള ചടുലമായ ചുവടുകൾ വയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിവാഹ വേഷത്തിൽ പാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന നവദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

തുറസ്സായ ഇടത്ത് ഒരുക്കിയ വേദിയിൽ അതിഥികൾക്കു മുന്നിലായിരുന്നു ദമ്പതികളുടെ നൃത്തം. ഷെർവാണി ധരിച്ചിരുന്നതിനാൽ വരനു നൃത്തം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാൽ ഭാരമേറിയ ലഹങ്ക ധരിച്ച വധുവിന്റെ കാര്യം നേരെ മറിച്ചായിരുന്നു. വേഗതയിലുള്ള ചുവടുകൾക്കിടെ കാല് വസ്ത്രത്തിലുടക്കി പോയാൽ താഴെ വീണ് പരുക്കേൽക്കുമെന്ന് ഉറപ്പ്. പരസ്പരം തോളിൽ കയ്യിട്ടു നിന്നാണ് സിനിമയിൽ രാം ചരണും ജൂനിയർ എൻ ടി ആറും ചുവടുകൾ വയ്ക്കുന്നത്.

വസ്ത്രത്തിന്റെ ഭാരം മൂലം പക്ഷേ അതേ രീതി അനുകരിക്കാൻ നവദമ്പതികൾക്ക് സാധിച്ചില്ല.   ഭാരമുള്ള ലഹങ്ക ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്യാൻ വധുവിനെക്കൊണ്ട് തനിച്ച് സാധിക്കില്ലെന്ന് കണ്ട വരനാകട്ടെ നൃത്തത്തിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ വധുവിനു സഹായവുമായി എത്തി. ഒരു കൈകൊണ്ട് ലഹങ്കയുടെ ഒരു ഭാഗം വരൻ ഉയർത്തിപ്പിടിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇരുവരുടെയും ചുവടുകളുടെ ഭംഗിയെ ബാധിച്ചതുമില്ല. നെല്ലിട പിഴയ്ക്കാതെ ഒരേ രീതിയിൽ വധൂ വരന്മാർ നൃത്തം ചെയ്യുകയായിരുന്നു.

ഇരുവരും ഒത്തുചേർന്നുള്ള നൃത്തത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. നൃത്തം പിഴയ്ക്കാതിരിക്കാൻ വരൻ സഹായിക്കുന്നത് കണ്ട് ഏറെ സന്തോഷം തോന്നുന്നു എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഈ ഒത്തൊരുമ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഇരുവർക്കും സാധിക്കട്ടെ എന്ന ആശംസകളാണു പ്രതികരണങ്ങളിൽ നിറയുന്നത്.

English Summary: Naatu Naatu At Wedding While Groom Holds Her Heavy Lehenga 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com