കുഞ്ഞിന്റെ ജന്മശേഷവും ഭാര്യാഭർതൃബന്ധം ഊഷ്മളതയോടെ നിലനിർത്താം ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ!

family-kid
Image Credit∙ Stock Photos | Family
SHARE

ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ് കുഞ്ഞുങ്ങളുടെ ജനനം. അന്നോളം ജീവിച്ചു പോന്ന രീതികൾക്കും  മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ കാലയളവിന്റെ പ്രത്യേകതയാണ്. കുഞ്ഞിന്റെ ജനനം ഏറെ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും ഈ മാറ്റങ്ങൾ ഭാര്യാഭർതൃ ബന്ധത്തിൽ ചിലപ്പോഴെങ്കിലും പ്രതിഫലിച്ചെന്നു വരാം. കുഞ്ഞിന്റെ പരിചരണത്തെക്കുറിച്ചോർത്തുള്ള അമിത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാനാവുമോ എന്ന ആകുലതകളും എല്ലാം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തുന്നവയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായി കുഞ്ഞിന്റെ ജന്മശേഷമുള്ള ആദ്യ നാളുകളെ മാറ്റിയെടുക്കാനാവും.

പങ്കാളിയെ ക്ഷമയോടെ കേൾക്കാം

മുൻകാലത്തെ അപേക്ഷിച്ച് ഭാര്യയും ഭർത്താവും കുഞ്ഞിന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമായി കൂടുതൽ തിരക്കിലാവുന്ന സമയമാണ് കുഞ്ഞിന്റെ ജനന ശേഷമുള്ള ആദ്യത്തെ നാളുകൾ. എന്നാൽ എത്ര തിരക്കാണെങ്കിലും ദിവസവും അല്പം സമയം പരസ്പരം സംസാരിക്കാനായി നിർബന്ധമായും കണ്ടെത്തുക. ഈ അവസരങ്ങളിൽ ഇരുവരുടെയും ബുദ്ധിമുട്ടുകളും ആകുലതകളും എല്ലാം പരസ്പരം പങ്കുവയ്ക്കുകയും വേണം. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ  ചെയ്യാനാകുന്നതെന്നും എന്തൊക്കെ കാര്യങ്ങളാണ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളത് എന്നും പരസ്പരം മനസ്സിലാക്കി വയ്ക്കുക. പങ്കാളിയുടെ മാനസികനില കൃത്യമായി മനസ്സിലാക്കാൻ ഈ സംസാരങ്ങൾ സഹായിക്കും.

ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാം

കുഞ്ഞിന്റെ ജന്മത്തിനു മുൻപുള്ള പതിവുകൾ അതേപടി പിന്തുടരാൻ ശ്രമിച്ചാൽ പലപ്പോഴും അത് പാളിപ്പോകാനേ സാധ്യതയുള്ളൂ. അതിനാൽ മുൻപത്തെ അതേ രീതിയിൽ എല്ലാ കാര്യങ്ങളും നടന്നു പോകണമെന്ന വാശി വേണ്ട.  കുഞ്ഞിന്റെ കാര്യങ്ങളിലായാലും വീട്ടുകാര്യങ്ങളിലായാലും ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം. കുഞ്ഞിന്റെ കാര്യങ്ങൾ മുഴുവൻ നോക്കാനുള്ള ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമാണെന്ന ധാരണയും അരുത്. കുഞ്ഞിനെ കുളിപ്പിക്കുന്നതും ഉറക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഇരു പങ്കാളികളും മാറിമാറി ചെയ്തു ശീലിക്കുക. പങ്കാളിയുടെ ജോലിഭാരം എത്രയാണെന്ന് മനസ്സിലാക്കാനും താങ്ങാകാനും ഈ കൂട്ടുത്തരവാദിത്വത്തിലൂടെ മാത്രമേ സാധിക്കു.

മറ്റുള്ളവരുടെ സഹായവും തേടാം

കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്വവും തങ്ങൾ മാത്രം ഏൽക്കേണ്ടതാണെന്ന ധാരണ പല മാതാപിതാക്കൾക്കുമുണ്ട്. എന്നാൽ കുഞ്ഞിന്റെ പരിചരണത്തിൽ ചിലപ്പോഴെങ്കിലും മറ്റു കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടെയോ സഹായം സ്വീകരിക്കുന്നതിൽ  തെറ്റില്ല. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാനും  പങ്കാളികൾക്ക് അൽപ്പ നേരം തനിച്ചു ചിലവിടാനുമുള്ള അവസരവും ഇതിലൂടെ ഒരുങ്ങും. ഭാര്യാ ഭർത്താക്കന്മാർക്കിടയിലുള്ള സ്നേഹം ഊഷ്മളതയോടെ നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യും.

English Summary:5 Ways to Connect with Your Partner After Having a Baby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA