ADVERTISEMENT

1980കളിലാണ് ജനസംഖ്യാ നിയന്ത്രണത്തിനായി ചൈന ഒരു കുട്ടി എന്ന പദ്ധതി കൊണ്ടുവരുന്നത്. വർഷങ്ങളോളം ചൈനയിലെ ദമ്പതിമാർക്ക് ഒരു കുഞ്ഞാണ് ഉണ്ടായിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഈ തീരുമാനം അനിവാര്യമാണെന്നായിരുന്നു സർക്കാർ നിലപാട്. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടായാൽ സർക്കാർ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലി നഷ്ടപ്പെടുമായിരുന്നു. രണ്ടാമത്തെ കുട്ടിക്ക് ആരോഗ്യപരമായ സംരക്ഷണമോ വിദ്യാഭ്യാസമോ നൽകാൻ സർക്കാർ സംവിധാനങ്ങൾ തയാറാകില്ല. 2021 ജൂലൈയിലാണ് ഈ പോളിസിയിൽ മാറ്റം വന്നത്. ഇക്കാലയളവിെല ഭീകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്ന നിരവധിപേർ ചൈനയിലുണ്ട്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു തന്റെ അമ്മയുടെ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി.

 

ചൈനയിലെ ഈ പോളിസിയുടെ ഭാഗമായി രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ ബന്ധുവിന്റെ വീട്ടിലേക്കു മാറ്റേണ്ടി വന്നു ഈ അമ്മയ്ക്ക്. ലണ്ടനില്‍ പ്രൊഫസറായ ഡോ. ഷെൻഷെൻ യാങ് ആണ് തന്റെ അമ്മയുടെ ദുരനുഭവം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ‘34 വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ എഴുതിയ ഡയറിയാണ് ഇത്. ഒറ്റകുട്ടി പോളിസിയുടെ ഭാഗമായി അന്ന് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന എന്റെ സഹോദരിയെ മുത്തശ്ശിയുടെ വീട്ടിലേക്കു മാറ്റിതാമസിപ്പിച്ച ദിവസമാണ് ഈ ഡയറി എഴുതിയിരിക്കുന്നത്. ഞാനൊരു അമ്മയാകുന്നതു വരെ ഈ അവസ്ഥ എത്ര ഭീകരമാണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. കണ്ണീരോടെയല്ലാതെ ഈ ഡയറി ഇപ്പോൾ വായിക്കാൻ സാധിക്കില്ല.’– എന്ന കുറിപ്പോടെയാണ് ഡയറിയുടെ താളുകളുടെ ചിത്രം അവർ പങ്കുവച്ചത്. 

 

വേർപിരിയുന്നതിനു മുൻപ അമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ഒരിക്കൽ കൂടി മുലപ്പാൽ നൽകി എന്നും അവർ പറയുന്നു. അന്നത്തെ ആ അവസ്ഥയിൽ താനും അമ്മയ്ക്കൊപ്പം കരഞ്ഞതായി അവർ ഓർമിച്ചു. ‘അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് സഹോദരി വീണ്ടും വീട്ടിലേക്കു മടങ്ങിയെത്തിയത്. മുപ്പതുവർഷം മുൻപുള്ള കണ്ണീർക്കഥയാണ് ഇത്. ഇത്തരത്തിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളിൽ ഒന്നുമാത്രമാണ് എന്റേത്. വൺചൈൽഡ് പോളിസി നൽകിയ ട്രോമയുടെ ഒരു മ്യൂസിയം നിർമിക്കുകയാണെങ്കിൽ എന്റെ അമ്മയുടെ ഈ ഡയറി കുറിപ്പ് അതിൽ ഇടംനേടും.’– ഷെൻ ഷെൻ ഴാങ് പറഞ്ഞു. ഷെൻഷെൻ ഴാങ്ങിന്റെ അനുഭവ കുറിപ്പിനു താഴെ സമാന അവസ്ഥകളിലൂടെ കടന്നുപോയ പലരുടെയും കമന്റുകളും എത്തി. 

 

English Summary: Woman Shares Her Mother's Heartbreaking Tale Under China's One-Child Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com