ADVERTISEMENT

പ്രേമം തലയ്ക്ക് പിടിച്ച ഒരു കാമുകനെക്കുറിച്ചുള്ള വാർത്തയാണ് ചൈനയിൽ നിന്നു പുറത്തു വരുന്നത്. താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയോട് ഏതാണ്ട് ഒരു ദിവസം മുഴുവൻ മുട്ടുകുത്തി നിന്ന് യാചിക്കുകയായിരുന്നു ഇയാൾ. എന്നാൽ ഈ യാചന ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നില്ല. കാമുകിയുടെ ഓഫീസ് കെട്ടിടത്തിന് മുന്നിലെത്തി നാട്ടുകാരെല്ലാം കണ്ടുനിൽക്കെയായിരുന്നു സാഹസം. തെക്കുപടിഞ്ഞാറൻ ചൈനയിലെ ദാഷൗവിൽ സ്ഥിതിചെയ്യുന്ന ഓഫീസ് കെട്ടിടത്തിന് മുന്നിൽ മാർച്ച് 28ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇയാൾ എത്തിയത്. കാമുകിക്കായി കയ്യിൽ നിറയെ റോസാ പൂക്കളും കരുതിയിരുന്നു. ഓഫീസിന്റെ വാതിലിനു മുന്നിലെത്തിയ ഇയാൾ അവിടെ മുട്ടുകുത്തി നിന്നു.

പ്രണയബന്ധം തകർക്കരുത് എന്നും തന്നെ തിരികെ സ്വീകരിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. അല്‍പസമയം കഴിഞ്ഞതോടെ ആളുകൾ ഇത് ശ്രദ്ധിച്ച് അടുത്തുകൂടി തുടങ്ങി. കാര്യം അറിഞ്ഞ് പലരും തുടക്കത്തിൽ തന്നെ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ചിലരാവട്ടെ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം പകർത്തുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും ഇയാൾ അവിടെ നിന്നു ചലിക്കാൻ കൂട്ടാക്കിയിരുന്നില്ല. അതേസമയം ഇത്രയൊക്കെ സംഭവിച്ചിട്ടും കാമുകി അവിടേക്ക് എത്തിയതുമില്ല.

പ്രണയം തിരികെ നേടാനായി ഇങ്ങനെ മുട്ടുകുത്തി നിൽക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പലരും ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ഇയാൾ തയാറായില്ല. ഒടുവിൽ കാര്യങ്ങൾക്ക് നടപടി ആവില്ലെന്ന് കണ്ട് ചിലർ പോലീസിനെയും വിളിച്ചുവരുത്തി. തന്റെ കാമുകി ഏതാനും ദിവസങ്ങൾക്കു മുൻപ് പിരിഞ്ഞു പോയെന്നും അവളോട് മാപ്പ് അപേക്ഷിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നും വീണ്ടും ഒന്നിച്ച് ചേരാൻ അതിയായി ആഗ്രഹിക്കുന്നുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മറുപടി. ഒടുവിൽ കാമുകനെ ബലപ്രയോഗത്തിൽ അവിടെ നിന്നും നീക്കാനായി പോലീസിന്റെ ശ്രമം. എന്നാൽ ഇവിടെ മുട്ടുകുത്തി നിൽക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിൽ തന്നെ അതിന് അനുവദിക്കണമെന്ന് ഇയാൾ പോലീസിനോട് യാചിച്ചതോടെ ഉദ്യോഗസ്ഥരും പിൻവാങ്ങി.

അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. എന്നാൽ ഇതിനിടെ പെയ്ത മഴയും കൂരിരുട്ടും ഒന്നും വകവയ്ക്കാതെ ആ രാത്രി മുഴുവൻ അയാൾ മുട്ടുകുത്തിയ നിലയിൽ അവിടെ തന്നെ തുടർന്നു. പിറ്റേന്ന് കാലത്ത് 10 മണിക്കാണ് ഇയാൾ അവിടെ നിന്നും എഴുന്നേറ്റു മാറിയത് എന്ന് കണ്ടുനിന്നവർ പറയുന്നു. ഇതിനിടെ ഈ പ്രണയ നാടകത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പ്രണയം തിരിച്ചുപിടിക്കാനായി ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് യഥാർത്ഥത്തിൽ ഭയം ജനിപ്പിക്കുന്ന കാര്യമാണ് എന്നാണ് ചിലരുടെ പ്രതികരണം. ഇത് യഥാർത്ഥ പ്രണയമല്ല എന്നും ഇയാളുടെ മാനസിക നില ശരിയല്ല എന്നുമാണ് മറ്റു ചിലരുടെ വാദം.

21 മണിക്കൂറുകൾ ഇതേ നിലയിൽ തുടർന്നിട്ടും എത്താത്ത ആ പെൺകുട്ടിക്ക് വേണ്ടി ഇനിയും ജീവിതം പാഴാക്കരുത് എന്ന് ചൂണ്ടി കാണിക്കുന്നവരുമുണ്ട്. അതേസമയം ഇത്തരത്തിൽ മനോനിലയുള്ള ഒരു വ്യക്തിക്കൊപ്പം ഒരിക്കലും ആ പെൺകുട്ടി തിരിച്ചു കൂടി ചേരാതിരിക്കട്ടെ എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ കുറിക്കുന്നത്.

English Summary: jilted Chinese man spends night in rain on his knees outside ex-girlfriend’s office to beseech her to take him back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com