ജീവിക്കാൻ അനുവദിച്ചില്ല; റിഷാനയുടെ ജീവനെങ്കിലും തിരിച്ചു പിടിക്കണം; മരണത്തിലേക്ക് തള്ളിവിട്ടത് ആര്?

trans-couples-praveen-rishana-aishu3
SHARE

സോഷ്യല്‍ മീഡിയയുടെ അതിരുകടന്ന അഭിപ്രായപ്രകടനങ്ങൾ ഒരു ജീവൻ കൂടിയെടുത്തിരിക്കുന്നു. മറ്റൊരു ജീവൻ തിരിച്ചെടുക്കാൻ ആശുപത്രിയിൽ, ബന്ധപ്പെട്ടവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ട്രാൻസ്മാൻ പ്രവീൺ നാഥ് കഴിഞ്ഞ ദിവസം മാനസിക പ്രയാസത്താൽ ആത്മഹത്യ ചെയ്തിരുന്നു. അടുത്ത ദിവസം പ്രവീണിന്റെ ഭാര്യ ട്രാൻസ് വുമൺ റിഷാനയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. എന്താണു കാരണം?

ദിവസങ്ങൾക്കു മുൻപാണ് പ്രവീൺ നാഥ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താനും ഭാര്യയും വേർപിരിയുന്നു എന്ന രീതിയിൽ പോസ്റ്റ് എഴുതിയിട്ടത്. നിമിഷങ്ങൾക്കകം പ്രവീൺ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് എടുത്ത ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പരസ്യപ്പെടുത്തി. സോഷ്യൽ മീഡിയ ഒന്നടങ്കം പ്രവീണിനെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ പ്രണയ ദിനത്തിൽ വിവാഹിതരായവരാണ് ഇരുവരും. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌മാൻ ബോഡി ബിൽഡറാണ് പ്രവീൺ.

ഒരുപാട് അപമാനങ്ങളും ഒറ്റപ്പെടലും സഹിച്ചാണ് പ്രവീണും റിഷാനയും ഒന്നിക്കാൻ തീരുമാനിക്കുന്നത്. സ്വന്തം മനസ്സിന്റെ വിളി കേട്ട് ജെൻഡർ മാറ്റാൻ തുടങ്ങിയപ്പോൾ മുതൽ ഇവർ ഒറ്റപ്പെടുത്തലും അപമാനങ്ങളും അനുഭവിക്കുന്നു. എന്നിട്ടും കേരളത്തിലെ ആദ്യത്തെ ട്രാൻസ് മാൻ ബോഡി ബിൽഡർ എന്ന പേര് പ്രവീൺ നേടിയെടുത്തു. വിശ്രമമില്ലാത്ത പരിശ്രമത്തിന്റെ പ്രതിഫലമായിരുന്നു അത്. ഒരു പരിപാടിയിൽ മനോഹരമായി നൃത്തം ചെയ്ത പെൺകുട്ടിയോട് തോന്നിയ പ്രണയത്തിൽ നിന്നാണ് റിഷാനയോടൊപ്പം ജീവിക്കാനുള്ള തീരുമാനം പ്രവീൺ എടുത്തത്. സമൂഹവും സോഷ്യൽ മീഡിയയും ആഘോഷിച്ച വിവാഹം. ഒടുവിൽ അതേ ഇടത്തിൽനിന്നു തന്നെയുണ്ടായ ഏറ്റവും മോശപ്പെട്ട പ്രതികരണങ്ങൾ അവരെ ഇല്ലായ്മ ചെയ്തിരിക്കുന്നു. 

wedding-video-of-trans-couples-rishana-praveen
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

ഭാര്യാഭർതൃബന്ധത്തിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ് എന്നിരിക്കെ എങ്ങനെയാണു പ്രവീൺ കുറ്റക്കാരനാകുന്നത്? മാനസികമായി തകർന്നിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ അത് പോസ്റ്റ് ചെയ്തത്, കുറച്ചു പേരെങ്കിലും പ്രശ്നത്തെ കുറിച്ച് അറിഞ്ഞ് ആശ്വസിപ്പിച്ചേക്കാം എന്ന് പ്രതീക്ഷിച്ച് ആയിരിക്കാം. എന്നാൽ പോസ്റ്റിനു താഴെ വന്ന അഭിപ്രായങ്ങൾ പ്രവീണിനെ അടിമുടി ഉലച്ചു കളഞ്ഞു. അതുകൊണ്ടാകണം അയാൾ അത് പെട്ടെന്ന് തന്നെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പ്രവീണിനെ വെറുതെ വിട്ടില്ല. ട്രാൻസ് എന്ന അടയാളപ്പെടുത്തൽ കൂടിയുള്ളതിനാൽ കുറച്ചൊന്നുമായിരുന്നില്ല അവർ ഇരുവരും നേരിട്ട അപമാനങ്ങൾ. സ്വകാര്യകാര്യമാണെങ്കിൽ അതെന്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്ന രീതിയിൽ കുറ്റപ്പെടുത്താനും നിരവധി ആളുകളുണ്ടായി. പക്ഷേ എന്താണ് അയാളുടെ യഥാർഥ പ്രശ്‌നമെന്നോ, അതിന്റെ പരിഹാരം എന്താണെന്നോ ചോദിക്കാൻ ആർക്കും താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഒരു കുടുംബത്തിൽ പ്രശ്നമുണ്ടെന്നു കണ്ടെത്താൻ പൊതുവെ സമൂഹത്തിനു വലിയ താൽപര്യമാണ്. തങ്ങളുടെ വീട്ടിൽ അടിയും വഴക്കുമാണെങ്കിലും തൊട്ടടുത്ത വീട്ടിലെ കിടപ്പുമുറിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒളിഞ്ഞു നോക്കുന്ന രീതിയിലേക്ക് സമൂഹം മാറിയിട്ടുണ്ട്. ഇപ്പോൾ അത് സംഭവിക്കുന്നത് സോഷ്യൽ മീഡിയയിൽ കൂടിയുമാണ്. ഒരു പോസ്റ്റിൽനിന്നു തന്നെ അർഥങ്ങൾ ഊഹിച്ചെടുത്ത് ആ വ്യക്തിയുടെ ജീവിതത്തിലേക്കു വലിഞ്ഞു കയറി ചെല്ലുന്ന മനുഷ്യരും ആവശ്യത്തിലധികമുണ്ട്. സ്ത്രീകളുടെ മെസേജ് ബോക്സിലേക്ക് സമയവും സാഹചര്യവും നോക്കാതെ വിളികളും വിഡിയോ കോളുകളും അയയ്ക്കാൻ മടിയില്ലാത്ത ഒരുകൂട്ടം ആളുകളുടെ ഇടയിലേക്കാണ് പ്രവീൺ തന്റെ മാനസിക വ്യഥ കുടഞ്ഞിട്ടത് എന്നതാണ് സങ്കടകരം. 

ആരാണ് മാറേണ്ടത്?

ഒരു നിമിഷത്തിന്റെ ദൗര്‍ബല്യത്തിൽ, മാനസികമായി ഏറ്റവും ദുർബലനായിരിക്കുന്ന സമയത്ത് തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രവീൺ ഇട്ട പോസ്റ്റാണോ ശരികേട്? അതോ ആ ഒരൊറ്റ പോസ്റ്റിൽ പ്രവീണിനെയും റിഷാനയെയും അളന്ന അവരെ പിന്നീട് ജീവിക്കാൻ അനുവദിക്കാതെ അപമാനിച്ച സമൂഹമോ?

ഒരു വ്യക്തിയുമായി സംവദിക്കുമ്പോൾ അയാളുടെ മാനസികനില എന്താണെന്ന് മനസ്സിലാക്കുന്നതു വളരെ പ്രധാനമാണ് എന്ന ആശയത്തിലേക്കാണ് കാര്യങ്ങൾ വരുന്നത്. പലപ്പോഴും സോഷ്യൽ മീഡിയ പബ്ലിക് ഇടമാണെന്നും അവിടെ സ്വകാര്യത ഇല്ല എന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ എത്ര പരസ്യപ്പെടുത്തി ആളുകൾ കാണുന്ന ഇടമാണെങ്കിലും മനുഷ്യരുടെ മനോനില പരിഗണിക്കേണ്ടതുണ്ട് എന്ന് പ്രവീണിന്റെ ആത്‍മഹത്യ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം സമൂഹത്തിൽനിന്നു പോലുമുള്ള അപമാനങ്ങൾ ഈ പോസ്റ്റിന്റെ പേരിൽ പ്രവീൺ നേരിട്ടിട്ടുണ്ട്. അതായത് സമൂഹം എന്നത് ഒരു രീതിയിലും വിഭാഗീയവത്കരിക്കപ്പെടുന്നില്ല. അപമാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും യാതൊരു വിഭാഗീയതകളും വേണ്ടാത്ത ഒരു സമൂഹമാണ്. എല്ലാ തരം മനുഷ്യരും അതിലുണ്ട്. ട്രാൻസ് വ്യക്തികൾക്ക് വേണ്ടി വാദിക്കുന്നവർ വരെ അതിലുണ്ട് എന്നതാണ് സത്യം. അയാൾക്ക് ആ നിമിഷത്തിൽ മാനസിക ബലമായിരുന്നു കൂടെ നിൽക്കുന്നവർ നൽകേണ്ടിയിരുന്നത്. ചേർത്ത് നിർത്തുന്ന, ജീവിത പങ്കാളിയായ ഒരാളെ ഉപേക്ഷിക്കാൻ പോകുന്നു എന്ന നിലയിൽ ഒരു പോസ്റ്റ് കണ്ടാൽ അതിന്റെ കാരണങ്ങൾ കണ്ടെത്തി അതിൽ മാനസിക നില തകർന്നു പോയവർക്കൊപ്പം നിൽക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത് എന്ന് പ്രവീണിന്റെ ആത്മഹത്യ പഠിപ്പിക്കുന്നുണ്ട്. 

trans-couples-praveen-rishana-aishu

എത്ര പ്രശ്നങ്ങളിൽ നിന്നും ഒടുവിൽ അവർ അതിനെയെല്ലാം അതിജീവിച്ചു വീണ്ടും സ്നേഹത്താൽ കൂടെയിരുന്നേനെ, അല്ലെങ്കിൽ ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി പിരിഞ്ഞേനെ. അതിൽ ഏതു തീരുമാനം അവർ എടുത്താലും അത് അവരുടെ സ്വാതന്ത്ര്യവും സ്വകാര്യതയുമാണ്. അതിലെങ്ങനെയാണ് സോഷ്യൽ മീഡിയ ഇടപെടുക?പബ്ലിക് ഫിഗർ ആണ് എന്നതിന്റെ അർഥം അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാനുള്ള അവകാശം പബ്ലിക്കിന് നൽകുന്നു എന്നല്ല. തന്റെ സ്വന്തം മുഖപുസ്തകത്തിൽ തന്റെ സ്വകാര്യത രേഖപ്പെടുത്തി എന്നൊരു തെറ്റേ പ്രവീൺ ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ അയാൾക്കൊപ്പം റിഷാനയും മരിക്കാൻ ഒരുങ്ങി നിൽക്കുന്നു. ഇനിയെങ്കിലും അവൾക്കു സമൂഹം അർഹിക്കുന്ന മാന്യതയും അവരുടെ സ്വകാര്യതയും വിട്ടു കൊടുക്കേണ്ടതുണ്ട്. സമൂഹമാണ് അവരെ വേർപിരിച്ചതെന്നും ഇത്ര ക്രൂരമായ രീതിയിൽ ഒരാളുടെ മരണത്തിനു പോലും കാരണമായതെന്നും മനസിലാക്കണം. ഇത്തിരിയെങ്കിലും കുറ്റബോധം ആർക്കെങ്കിലുമൊക്കെ ഉണ്ടായാൽ ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കട്ടെ. വ്യക്തിയുടെ ജീവിതത്തെ അയാൾക്ക് മാത്രം വിട്ടു കൊടുക്കാനുള്ള സാമാന്യ ബോധം സമൂഹത്തിനുണ്ടാകട്ടെ. പറ്റുമെങ്കിൽ രണ്ടു വാക്കിൽ അയാളെ ആശ്വസിപ്പിക്കാൻ നോക്കുക, അതിനു കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക. അത്രയും മാന്യതയെങ്കിലും സമൂഹം കാണിക്കേണ്ടിയിരിക്കുന്നു പരസ്പരം.

English Summary: Rishana Praveen Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS