സ്നേഹം പ്രകടിപ്പിക്കുന്നതിനായി വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. ഇപ്പോൾ നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്തിരിക്കുകയാണ് ബെംഗലൂരു സ്വദേശിയായ യുവതി. ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റൂ പാർലറായ കിങ് മേക്കർ ടാറ്റു സ്റ്റുഡിയോയാണ് ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കസേരയിലിരിക്കുന്ന ഒരു യുവതിയുടെ നെറ്റിയിൽ അവരുടെ ഭർത്താവിന്റെ പേരായ ‘സതീഷ്’ എന്ന് ടാറ്റൂ ചെയ്യുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടാറ്റൂ മാസ്റ്റർ ആദ്യം ഈ പേര് ഒരു പേപ്പറിൽ എഴുതി അക്ഷരങ്ങളുടെ വലിപ്പം ശരിയാണോ എന്ന് നെറ്റിയിൽ വച്ച് പരിശോധിച്ചു. ശേഷമാണ് ടാറ്റൂ ചെയ്യുന്നത്.
‘യഥാർഥ പ്രണയം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോയ്ക്കു താഴെ നിരവധി വിമർശനങ്ങളും എത്തി. ‘ഇത് അൽപം കടന്നു പോയി. ഡിസ്‌ലൈക് ബട്ടൻ ആവശ്യമാണ്.’– എന്നാണ് വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘വിദ്യാഭ്യാസം വേണം എന്നു പറയുന്നത് ഇതിനാലാണ്.’– എന്ന രീതിയിലും കമന്റ് എത്തി. ‘ബസിന്റെ ബോർഡാണോ ഇത്. ചിലർക്കു ചിലപ്പോൾ പ്രായോഗികബുദ്ധി നഷ്ടമാകും.’– എന്നും കമന്റുകൾ എത്തി.
English Summary: Bengaluru Woman Gets Her Husband's Name Tattooed On Forehead