ADVERTISEMENT

ഭിന്നശേഷിയുള്ള കുട്ടികളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ‘അൺവീലിങ് ദി അൺബിലീവബിൾ’ എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ മോനോടു ചോദിച്ചു, 2020 ഡിസംബർ 9 ലെ കോവിഡ് ബാധിതരുടെ എണ്ണമെത്ര? സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ട് മോൻ കൃത്യമായ മറുപടി നൽകി;4875. കോവിഡ് കണക്കുകൾ മാത്രമല്ല, 2005 മുതലുള്ള എല്ലാ കലണ്ടർ വിശേഷങ്ങളും കാണാപാഠമാണു രംഗനാഥിന്. വണ്ടി നമ്പറുകൾ, പിറന്നാളുകൾ, ഫോൺ നമ്പറുകൾ എല്ലാം ഒറ്റത്തവണ കേട്ടാൽ മതി. ഓർത്തുവച്ച് പിന്നീട് എപ്പോൾ ചോദിച്ചാലും പറയും.

മോനെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ സന്തോഷവും അഭിമാനവും ഇതുപോലൊരു സവിശേഷ കഴിവ് അവനു കിട്ടിയിട്ടുണ്ടല്ലോ എന്ന കാര്യത്തിൽ മാത്രമാണ്. 19 വയസ്സുണ്ട് രംഗനാഥിന് ഇപ്പോൾ. ജനിച്ച് കുറച്ചു നാൾ എല്ലാ കുട്ടികളെയും പോലെ തന്നെയായിരുന്നു മോനും. ഒരു കുഴപ്പവും ഉള്ളതായിട്ടു തോന്നിയില്ല. പക്ഷേ, ആറേഴു മാസം കഴിഞ്ഞപ്പോൾ പല പല പ്രശ്നങ്ങളും കണ്ടുതുടങ്ങി. പരിശോധനയിൽ ഇന്റലക്ച്വൽ ഡിസെബിലിറ്റി ഉണ്ടെന്നു കണ്ടെത്തി. ചെറിയ രീതിയിൽ ഓട്ടിസവും. തുടർന്ന് ദീർഘനാൾ ചികിത്സയും തെറപ്പിയും നൽകി. വളരെയേറെ സങ്കടവും വിഷമവും പിടിച്ച കാലമായിരുന്നു അതെല്ലാം. 

മോന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാൾ അവന്റെ അമ്മാവൻ ശബരിഗിരീഷാണ്. ഞാനും ഭർത്താവും വേർപിരിയുന്ന സമയത്ത് മോനു നാലു വയസ്സാണ്. അതിനുശേഷം എന്നെയും മോനെയും സംരക്ഷിച്ചത് ശബരിയായിരുന്നു. സഹായത്തിന് എന്റെ അമ്മയും ഉണ്ടായിരുന്നു. കായംകുളത്ത് എൻടിപിസിയിൽ ജോലി ചെയ്തിരുന്ന ശബരി ആഴ്ചയിൽ ഒരിക്കലാണ് തിരവനന്തപുരത്തെ വീട്ടിൽ വന്നിരുന്നത്. അമ്മാവൻ വന്നതും പോയതുമായ ദിവസവും തീയതിയുമൊക്കെ മോൻകൃത്യമായി ഓർത്തു പറയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അന്ന് അവൻ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. പിന്നീട് ഏതു തീയതിയും ആരുടെ ഫോൺ നമ്പറും കണക്കുകളുമെല്ലാം അവൻ ഓർത്തു പറയാൻ തുടങ്ങി. പക്ഷേ, പഠനത്തിൽ മോൻ അത്ര മിടുക്കനായിരുന്നില്ല. കലാപരമായ കഴിവുകളും ഇല്ലായിരുന്നു. പട്ടം സെന്റ് മേരീസ് സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. സ്ക്രൈബിന്റെ സഹായത്താൽ പ്ലസ്ടു പരീക്ഷ പാസായി. ഇനി മുന്നോട്ട് എന്തു പഠിപ്പിക്കും, മോന്റെ ഭാവി എന്തായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോഴാണ് കണക്കുകൾകൊണ്ടു ഞങ്ങളെ വിസ്മയിപ്പിക്കാറുള്ള മോന്റെ ആ കഴിവ് ഏതെങ്കിലും രീതിയിൽ അവനു ഗുണകരമായ രീതിയിൽ മാറ്റിയെടുക്കാൻ പറ്റുമോ എന്നു ഞാൻ ചിന്തിച്ചത്.

ആ സമയത്താണു ഗോപിനാഥ് മുതുകാട് സാറിന്റെ ഡിഫറന്റ് ആർട്സ് സെന്ററിൽ സവിശേഷ കഴിവുകളുള്ള, ഭിന്നശേഷിക്കാരായ കുട്ടികൾക്കു പരിശീലനത്തിനുള്ള അവസരം നൽകുന്നതായുള്ള പരസ്യം കാണുന്നത്. അഭിമുഖത്തിൽ രംഗനാഥിന്റെ ഈ പ്രത്യേക കഴിവു കണ്ട് രണ്ടാമത്തെ ബാച്ചിൽ മോനു പ്രവേശനം കിട്ടി. മോനെപ്പോലെ സവിശേഷ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രതിഭ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന മുതുകാട് സാറിന്റെ പ്രോജക്ടിൽ രംഗനാഥിനെപ്പോലെ ഒരുപാടു കുട്ടികളുണ്ടായിരുന്നു. അവിടെ പ്രവേശനം കിട്ടിയത് മോന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഡിഫറന്റ് ആർട്സ് സെന്ററിലെ സയൻഷ്യയിൽ പരിശീലനം നേടുകയാണു രംഗനാഥ് ഇപ്പോൾ. സ്വന്തമായി ഒരു ജോലിയും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും മോൻ നേടുമെന്നാണ് എന്റെ പ്രതീക്ഷ. 

ഞങ്ങൾക്ക് എന്നും താങ്ങും തണലുമായിരുന്ന എന്റെ അമ്മ 9 വർഷം മുൻപു മരിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാംപസിലെ ഭാഷാശാസ്ത്രവിഭാഗത്തിൽ ലൈബ്രേറിയനായി ജോലി ചെയ്യുകയാണു ഞാൻ. ക്വാർട്ടേഴ്സിൽ ഞാനും മോനും മാത്രമാണ്. പക്ഷേ, ക്വാർട്ടേഴ്സിലെ അയൽക്കാരെല്ലാം നല്ല മനസ്സോടെ ഞങ്ങളോടൊപ്പമുണ്ട്. ദൈവത്തിന്റെ കാരുണ്യത്താൽ ജീവിതം ഇപ്പോൾ ശാന്തമായി മുന്നോട്ടു പോകുന്നു. 

Content Summary: Life Story of a mother and her son who is differently abled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com