ADVERTISEMENT

ഒരുപാട് സംഘർഷങ്ങളിലൂടെ കടന്നുപോയ പ്രസവകാലത്തിനും സിസേറിയൻ കഴിഞ്ഞുള്ള രണ്ടു ദിവസത്തെ ഐസിയു വാസത്തിനും ശേഷം റൂമിലേക്കു മാറ്റിയതായിരുന്നു എന്നെ. ആദ്യത്തെ പ്രസവമാണ്. കുഞ്ഞിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മോളും നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ റൂമിലേക്കു വന്നപ്പോൾ മോളെയും റൂമിലേക്കു കൊണ്ടു വന്നു. എന്റെ ഉപ്പ എന്റെടുത്തു വന്നിരുന്ന് അന്ധതയെ അതിജീവിച്ച് ലോകപ്രശസ്തയായി മാറിയ ഹെലൻകെല്ലറുടെ കഥ പറഞ്ഞു തുടങ്ങി. പിന്നെയും ഇതുപോലെ പരിമിതികളെ മറികടന്നു വിജയം കൈവരിച്ചവരുടെ കഥ പറയാൻ തുടങ്ങി. ഇതൊക്കെ എന്തിനാണ് എന്നോടു പറയുന്നതെന്നു ഞാൻ അതിശയപ്പെട്ടു. 

പിന്നീടാണു മോൾക്കു കാഴ്ചശക്തിയില്ല എന്ന കാര്യം പറയുന്നത്. തകർന്നുപോയ നിമിഷങ്ങളായിരുന്നു. മൈക്രോഫ്താൽമിയ എന്നാണു ഡോക്ടർ പറഞ്ഞത്. മെഡിക്കലി നൂറു ശതമാനമാണ് അന്ധത. ഉപ്പ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു. മോൾക്കു ബുദ്ധിവളർച്ച കുറയാനും സാധ്യതയുണ്ടെന്നു പിന്നീടു ഡോക്ടർ പറഞ്ഞതോടെ എന്റെ ഉറക്കം നഷ്ടമായി. ഉറങ്ങാൻ ഉറക്ക ഗുളികയെപ്പോലും ആശ്രയിക്കേണ്ടി വന്ന കാലം. പക്ഷേ, ദൈവം തന്നെ അൻഷിമോളെ നെഞ്ചോടണച്ചു സ്നേഹിച്ചു. 

ഡിഗ്രി കഴിഞ്ഞ് ബിഎഡിനു ചേരാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. ഭർത്താവ് അബ്ദുൽ ബാരി അന്നു വിദേശത്തായിരുന്നു. വിവാഹശേഷം പഠനം തുടരാമെന്നായിരുന്നു കരുതിയത്. പക്ഷേ, അപ്പോഴാണ് മോളുടെ ജനനം. പിന്നീട് എന്റെ മുഴുവൻ ശ്രദ്ധയും മോളുടെ കാര്യത്തിൽ മാത്രമായി. ബുദ്ധിപരമായ പരിമിതികൾ മോൾക്കുണ്ടാകുമെന്ന ഡോക്ടറുടെ വാക്കു മനസ്സിലുണ്ടായിരുന്നതുകൊണ്ട് തീരെ ചെറുപ്പത്തിൽ തന്നെ അവളെ ഞാൻ എണ്ണങ്ങളും അക്ഷരങ്ങളും വാക്കുകളുമൊക്കെ പഠിപ്പിക്കാൻ തുടങ്ങിയിരുന്നു. സാധാരണ കുട്ടികളെക്കാൾ എളുപ്പത്തിൽ അവളതു പഠിച്ചെടുത്തു. 

Read also: ജനിച്ച മൂന്ന് പെൺമക്കളും ഭിന്നശേഷിക്കാർ;' മക്കളുടെ ഭാവിയിൽ ആശങ്കയില്ലേ' എന്നാണ് പലരുടെയും ചോദ്യം

നാലര വയസ്സിൽ വള്ളിക്കപ്പറ്റ സർക്കാർ അന്ധവിദ്യാലയത്തിൽ അൻഷിയെ ചേർത്തു. അവിടെ സംഗീതാധ്യാപകനായിരുന്ന നിസാർ തൊടുപുഴ സാറാണു മോളുടെ സംഗീതത്തിലുള്ള താൽപര്യം മനസ്സിലാക്കി പരിശീലനം നൽകിയത്. വളരെവേഗം അവൾ ശാസ്ത്രീയ സംഗീതപഠനങ്ങൾ പഠിച്ചു. ഉപകരണസംഗീതത്തിലും മികവും തെളിയിച്ചു. പിന്നീട് അവൾ പടിപടിയായി സംഗീതത്തിൽ ഓരോ പടിയും കയറി. 

രണ്ടാം ക്ലാസ് മുതൽ കലോത്സവങ്ങളിൽ പങ്കെടുത്തു. ആറു വർഷം തുടർച്ചയായി സ്പെഷൽ സ്കൂൾ കലോത്സവത്തിലും രണ്ടു വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിലും ശാസ്ത്രീയ സംഗീതത്തിൽ മികച്ച വിജയം കൈവരിച്ചു. പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പിന്നണി പാടി. ഒട്ടേറെ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തു. ധാരാളം പാട്ടുകൾക്കു സ്വന്തമായി സംഗീതം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്വല ബാല്യം അവാർഡ് മോൾക്കായിരുന്നു ലഭിച്ചത്. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 2022 ലെ ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം കഴിഞ്ഞ വർഷം ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു മോൾ ഏറ്റുവാങ്ങിയ നിമിഷം അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും ഞാൻ കരഞ്ഞു. 

മോൾ ജനിച്ചയുടൻ ഗൾഫിലെ ജോലി ഉപേക്ഷിച്ചു വന്ന ഉപ്പയും അവളോടൊപ്പം എന്നും കൂടെയുണ്ട്. ഞങ്ങളുെട കാലം കഴിഞ്ഞാൽ മോൾ എങ്ങനെ ജീവിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷേ, കലാപരമായ കഴിവുകൾക്കു പുറമേ പഠനത്തിലും അൻഷി മുന്നിലാണ് എന്നത് ഏറെ ആശ്വാസവും സന്തോഷവും തരുന്നു. സ്ക്രൈബിന്റെ സഹായമില്ലാതെ കംപ്യൂട്ടറിന്റെ സഹായത്തിൽ പത്താംക്ലാസ് പരീക്ഷ എഴുതി മോൾ ഫുൾ എ പ്ലസ് നേടി. മലപ്പുറം മേലാറ്റൂർ ആർഎംഎച്ച്എസിൽ പ്ലസ്ടു വിദ്യാർഥിനിയാണ് മോളിപ്പോൾ. ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രോജക്ട് വിഷൻ എന്ന രാജ്യാന്തര സംഘടനയുടെ കേരളത്തിലെ അംബാസഡർ കൂടിയാണ് അവൾ. ഗൂഗിൾ ടോക്കിന്റെ സഹായത്താൽ പന്ത്രണ്ടോളം ഭാഷകൾ അവൾ പഠിച്ചെടുത്തു. 

മോൾ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യയിലെ ആദ്യത്തെ നൂറു ശതമാനം അന്ധയായ ഐഎഫ്എസ് ഓഫിസർ ചെന്നൈ സ്വദേശി െബനോ സെഫൈൻ വാർത്തകളിൽ നിറയുന്നത്. സ്കൂൾ അസംബ്ലിയിൽ ബെനോയുടെ കഥ അധ്യാപകർ പറഞ്ഞു കൊടുത്തപ്പോൾ മുതൽ മോളുടെ സ്വപ്നവും ഫോറിൻ സർവീസിൽ ചേരണം എന്നാണ്. അതിനായി ഡിഗ്രിക്കു ഡൽഹിയിൽ പോയി പഠിക്കണമെന്നും ഒപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം നേടണമെന്നുമാണ് മോളുടെ ആഗ്രഹം. ഞങ്ങളുടെ ഒരേ ഒരു മകൾ. അവളാണ് ഇന്ന് ഞങ്ങൾക്കെല്ലാം. അവളുടെ സ്വപ്നങ്ങളോടൊപ്പം കൂടെ നടക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും. 

Content Summary: Achievement of a Girl with blindness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com