ADVERTISEMENT

 നെഞ്ചുവിരിച്ച് കൈക്കരുത്ത് കാട്ടാൻ ഇറങ്ങിയ ഒരു കുടുംബത്തിന്റെ കഥയാണിത്. കഥ നടക്കുന്നത് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ, നായകൻ-കുടുംബനാഥൻ സുരേഷ്, നായിക- വീട്ടുകാരി റീജ. ഈ വീട്ടിലെ മറ്റംഗങ്ങളായ ആദ്ര, അമേയ, ആരാധ്യ എന്നിവർ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്. രംഗം ഉത്തർപ്രദേശിലെ മഥുരയിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്. കേരളത്തിൽ നിന്നെത്തിയ ഒരു കുടുംബം കൈക്കരുത്ത് കാണിച്ചു വാരിക്കൂട്ടിയത് 6 സ്വർണ്ണമടക്കം 13 മെഡലുകൾ. പഞ്ചഗുസ്തി മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വിജയികളായ നിമിഷം. സുരേഷ് എന്ന അച്ഛന്റെ കൈതാങ്ങിൽ നിന്ന് ശക്തിയാർജ്ജിച്ച് റീജയും പെൺമക്കളും ഇനി മത്സരിക്കാൻ പോകുന്നത് കസഖ്സ്ഥാനിൽ നടക്കാൻ പോകുന്ന ലോക ചാമ്പ്യൻഷിപ്പിലാണ്. ഒരു ചരിത്രം കുറിക്കപ്പെടുന്നത് ഇങ്ങനെയാണ്. 

പഞ്ചഗുസ്തി ഞങ്ങൾക്ക് വീട്ടുകാര്യം

ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തുടങ്ങും മാതാപിതാക്കളുടെ നെഞ്ചിലെ കനലെരിച്ചിൽ എന്ന് പഴമൊഴി, പൊതു ഇടങ്ങളിലും വീടകങ്ങളിലും എവിടേയും അവൾ സുരക്ഷിതയല്ലെന്ന ഉൾബോധം അവൾക്കൊപ്പം തന്നെ വളരാനും ആരംഭിക്കും. തനിക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനേക്കാൾ എല്ലാം സഹിക്കാനാകും അവളെ സമൂഹം പഠിപ്പിക്കുന്നത്. സഹനമല്ല അതിജീവനമാണ് സ്ത്രീയ്ക്ക് ആവശ്യമെന്ന് അറിഞ്ഞുതുടങ്ങുന്നിടത്ത് മാറ്റങ്ങളും സംഭവിച്ചു തുടങ്ങും. റീജയും പെൺമക്കളും വ്യത്യസ്തരാകുന്നത് ഇവിടെയൊന്നുമല്ല. വീട്ടുകാര്യം പോലെ അവർ കാത്തുപോകുന്ന കായിക ഇനമാണത്. അതവർക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലേയ്ക്കുള്ള ചവിട്ടുപടിയായി മാറിയിരിക്കുന്നു. ഇത്ര വലിയ ആമുഖം പറയേണ്ട ആവശ്യമുണ്ടോ, ഉണ്ട്. ചില കാര്യങ്ങൾക്ക് ആമുഖം ആവശ്യമാണ്, കാരണം അങ്ങനെയിങ്ങനെയൊന്നും ഒരു നിമിഷത്തിൽ ഉരുത്തിരിഞ്ഞുവന്നതല്ല ഇനി പറയാൻ പോകുന്ന കാര്യങ്ങൾ. 

armwrestling-champions
റീജയും കുടുംബവും

ചെലവ് കുറക്കാനുള്ള ഐഡിയ

ചെറുപ്പം മുതൽ പഞ്ചഗുസ്തി സുരേഷ്മാധവന് സുപരിചിതമായിരുന്നെങ്കിൽ വിവാഹത്തിന് മുമ്പ് റീജയ്ക്ക് ഇതിനെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ മൂത്തമകൾ ആർദ്ര അച്ഛന്റെ ഇഷ്ടങ്ങൾ തന്റേയും ഇഷ്ടങ്ങളാക്കി മാറ്റിയതോടെ റീജയ്ക്കും മറിച്ചൊന്നും ആലോചിക്കേണ്ടിവന്നില്ല. സുരേഷ് മാധവന്റെ ചുവടുപിടിച്ച് ആദ്യം പഞ്ചുഗുസ്തി ലോകത്തേക്ക് ഇറങ്ങിയത് ആർദ്രയായിരുന്നു. മകൾക്കൊപ്പം മത്സരങ്ങൾക്ക് പോവുക മാത്രമായിരുന്നു ആദ്യമൊക്കെ റീജയുടെ ദൗത്യം, എന്നാൽ അങ്ങനെ പോകുമ്പോൾ മത്സരാർത്ഥിയുടെ കൂടെ പോകുന്നവരുടെ ചെലവ് മുഴുവൻ അവർ തന്നെ വഹിക്കണം. അത് റീജയ്ക്കും കുടുംബത്തിനും താങ്ങാനാകുമായിരുന്നില്ല, അന്ന് സുരേഷിന് തോന്നിയ ചിന്തയാണ് ഇന്ന് റീജ കൂടി നേടിയ സ്വർണ്ണ മെഡലുകളുടെ തിളക്കം. 

Read also: അമ്മൂമ്മയുടെ ഫോണിനു പുറകിൽ ഒട്ടിച്ചുവച്ച പേപ്പർ; തുറന്നു വായിച്ചാല്‍ ചിരിച്ചുപോകും

963121676
റീജയും സുരേഷും മക്കൾ ആർദ്ര, അമേയ, ആരാധ്യ എന്നിവർക്കൊപ്പം

“ ഫിറ്റ്നസും മറ്റുമൊക്കെ നേരത്തേ തന്നെ ചെയ്യുന്നതുകൊണ്ട് ആ കാര്യത്തിൽ പ്രത്യേക പരിശീലമൊന്നും വേണ്ടിവന്നില്ല. ചേട്ടൻ തന്നെയാണ് എന്നേയും മക്കളെയും പരിശീപ്പിക്കുന്നത്. ആദ്യമായി മത്സരത്തിന് പോയത് ശരിക്കും പേടിച്ചാണ്. അതുവരെ ഒരു കാര്യത്തിനും സ്റ്റേജിൽപ്പോലും കയറാത്ത ഞാൻ, നൂറുകണക്കിന് പേരുടെ മുന്നിൽ മത്സരിക്കാനിരിക്കുന്നു. പക്ഷേ അന്ന് വിജയിച്ചപ്പോൾ ലഭിച്ച ആത്മവിശ്വാസം വലുതായിരുന്നു”റീജ പറയുന്നു. ഒരിക്കൽ രുചിയറിഞ്ഞാൽ പിന്നെ വിജയമെന്ന മധുരം ഇടയ്ക്കിടെ നുകരാൻ തോന്നുമെന്ന് പറയുന്നത് വെറുതെയല്ല, ജില്ലാ, സംസ്ഥാന വിജയങ്ങൾ നേടി റീജയും കുടുംബവും ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്നും പോരുമ്പോൾ കുറിക്കപ്പെട്ടത് ചരിത്രം കൂടിയായിരുന്നു. പൊന്നിൻ തിളക്കത്തിൽ അവർ എഴുതിച്ചേർത്തത് സ്വന്തം പേരുകൾ തന്നെയായിരുന്നു. 

ആശാനും പിള്ളേരും വരുന്നുണ്ടേ

963121676
റീജയും കുടുംബവും

വർഷങ്ങളായി റീജ മൂവാറ്റുപുഴയിൽ ജിം നടത്തുന്നുണ്ട്. സ്ത്രീകൾ എന്തും നേരിടാൻ കെൽപ്പുള്ളവരായിരിക്കണമെന്നും സ്വയരക്ഷയ്ക്കായി എന്തെങ്കിലും പഠിച്ചിരിക്കണമെന്നും റീജ പറയുന്നു. മകൾ ആർദ്ര ചെറുപ്രായം മുതൽ പരിശീലനത്തിനായി തനിച്ചാണ് പോയിരുന്നത്, അതിരാവിലെ ഒറ്റയ്ക്ക് അവളെ പറഞ്ഞുവിടാൻ റീജയ്ക്ക് പേടിയല്ല, അവൾ സ്വയം നോക്കാൻ കെൽപ്പുള്ളവളാണെന്ന ധൈര്യമായിരുന്നു കൂട്ട്. ഭർത്താവ് തെളിച്ചുനൽകിയ വഴിയിലൂടെ സഞ്ചരിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്ന് ഓരോ മത്സരം കഴിയുമ്പോഴും റീജ തെളിയിച്ചുകൊണ്ടിരുന്നു. തങ്ങളെ കണ്ട് ധാരാളം പേർ പരീശിലനത്തിനായും മറ്റുമെല്ലാം മുന്നിട്ടിറങ്ങുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. മത്സരത്തിനൊക്കെ ചെല്ലുമ്പോൾ ആശാനും പിള്ളേരും വരുന്നുണ്ടെന്നാണ് പലരും പറയാറ്. ഒരു വീട്ടിലെ എല്ലാവരും മത്സരിക്കുന്നത് അങ്ങനെ എപ്പോഴും നടക്കുന്ന കാര്യമല്ലല്ലോ. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന എന്തെങ്കിലുമൊക്കെ നമ്മുടെ ജീവിതം കൊണ്ട് ചെയ്യാനാകണം.റീജയുടെ വാക്കുകളിലുണ്ട് ഒരു സ്ത്രീയുടെ ജീവിതവിജയത്തിന്റെ നേർസാക്ഷ്യം. 

റീജയും മക്കളും
റീജയും മക്കളും

രാജ്യത്തിന് വേണ്ടി ജഴ്സിയണിഞ്ഞ് ഒരു നാടിനെ മുഴുവൻ പ്രതിനിധീകരിച്ച് നിൽക്കുന്ന നിമിഷങ്ങളിൽ നമ്മൾ ഏറ്റവും ഉയരത്തിലാണെന്ന് തോന്നും. അപ്പോൾ കിട്ടുന്നൊരു ആത്മവിശ്വസമുണ്ട്. അതാണ് തങ്ങളുടെ കരുത്തെന്ന് റീജ പറയുന്നു. ആ ശക്തി കൈകളിലേയ്ക്ക് ആവാഹിച്ചാണ് അവർ എതിരാളികളെ മറികടക്കുന്നത്, വിജയങ്ങൾ കൊയ്യുന്നത്. സ്വന്തമായി ജിംനേഷ്യവും മറ്റ് അനുബന്ധ പരിശീലന കാര്യങ്ങളും വീട്ടിൽ തന്നെ ഒരുക്കിയാണ് ഈ കുടുംബത്തിന്റെ പരീശീലനം. മൂന്ന് പെൺമക്കളും അച്ഛന്റെയും അമ്മയുടേയും ഒപ്പം വിജയപാതയിൽ തന്നെ. സ്പോട്സിൽ മാത്രമല്ല പഠനത്തിലും മിടുക്കികളാണ് മൂവരും. പ്ലസ്ടുവിന് മികച്ച വിജയം നേടിയ ആർദ്ര ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. മറ്റുരണ്ട് പേരും ഒൻപതിലും ആറിലും പഠിക്കുന്നു. ഓഗസ്റ്റിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേയ്ക്ക് ഈ കുടുംബം മുഴുവൻ യോഗ്യത നേടിക്കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ റീജയും മക്കളും ഒപ്പം സുരേഷും. 

ആരുമറിയാതെ ഒരു സാധാരണക്കാരിയായിപ്പോകുമായിരുന്ന റീജയെ ഇന്ന് ലോകമറിയുന്നയാളാക്കിയത് സ്വന്തം കൈ കരുത്താണ്. സുസ്ഥിരമായ ഭാവിയും സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പും ആർദ്രയ്ക്ക് കിട്ടിയത് സ്വന്തം കൈകൊണ്ട് നേടിയ വിജയങ്ങളാണ്. ഭാവിയിൽ സ്വയംപര്യാപ്തരും മനക്കരുത്തുള്ള വനിതകളായി വളരാനുമുള്ള വെളിച്ചം അമേയയ്ക്കും ആരാധ്യയ്ക്കും തെളിച്ചുനൽകിയത് അച്ഛനും അമ്മയും സഹോദരിയുമാണ്. പെൺകുട്ടികളെ, നിങ്ങൾക്ക് സാധിക്കാത്തതായി ഒന്നുമില്ല ഈ ലോകത്ത്, നേടിയെടുക്കാൻ ദൃഡമായൊരു മനസും കഴിവും മാത്രം മതിയെന്ന് ഈ അമ്മയും പെൺമക്കളും നിങ്ങൾക്ക് കാണിച്ചുതരും.

Content Summary: A family of Arm wresling champions talking about their experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com