ADVERTISEMENT

ഒരിക്കലും എഴുന്നേറ്റു നടക്കുമെന്നു പ്രതീക്ഷയില്ലാതിരുന്ന, പൂർണമായും കിടപ്പിലായ മകൾ ഇപ്പോൾ നൃത്തം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് എന്റെ ഏറെ കാലത്തെ കണ്ണീരിന്റെയും പ്രാർഥനയുടെയും ഒറ്റയ്ക്കുള്ള പ്രയാണത്തിന്റെയും പ്രയത്നത്തിന്റെയും വിലയുണ്ട്.

കോഴിക്കോട് ബാലുശേരിക്കടുത്ത് ആറ് മക്കളുളള ഒരു നിർധന കുടുംബത്തിലെ അംഗമാണ് ഞാൻ. ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായിരുന്ന ഭർത്താവ് വണ്ടിക്കച്ചവടവും നടത്തിയിരുന്നു. എനിക്ക് അന്നു ജോലിയൊന്നും ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത വർഷം തന്നെ മോൾ നൈഹ ജനിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലായിരുന്നു മോളെ പ്രസവിച്ചത്. 

കുട്ടി കരയുകയോ കണ്ണു തുറക്കുകയോ ഒന്നും ചെയ്തില്ല. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. അവിടെ പതിനാലു ദിവസം ഇന്റൻസീവ് െകയർ യൂണിറ്റിലായിരുന്നു. പതിമൂന്നാമത്തെ ദിവസമാണ് കണ്ണു തുറന്നത്. ആദ്യമായി കരഞ്ഞത് നാൽപതു ദിവസം കഴിഞ്ഞപ്പോഴായിരുന്നു. വളർച്ചയുെട എല്ലാ ഘട്ടങ്ങളും ഏറെ വൈകി. ചിരിക്കേണ്ട പ്രായത്തിൽ മുഖത്തു നോക്കുകയോ ചിരിക്കുകയോ ചെയ്തില്ല. സംസാരിക്കേണ്ട പ്രായത്തിൽ സംസാരിച്ചതുമില്ല. ഡിസ്റ്റോണിക് സെറിബ്രൽ പാൾസിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. കിടന്ന കിടപ്പിൽ തന്നെയായിരുന്നു ദീർഘകാലം. അവൾ എഴുന്നേൽക്കുന്നതും മറ്റു കുട്ടികളെപ്പോലെ നടക്കുന്നതുമെല്ലാം എന്റെ വലിയ സ്വപ്നമായിരുന്നു. 

Read also: 49–ാം വയസ്സിൽ ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം, ഇത് വിജയകഥ

മോൾക്ക് നാലു വയസ്സായപ്പോൾ മുതൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ദിവസങ്ങളോളം വീട്ടിൽ വരാതെയായി. എന്റെ കാര്യങ്ങളോ മോളുടെ കാര്യങ്ങളോ ഒന്നും നോക്കാറുമില്ലായിരുന്നു. ശരിയായ ചികിത്സ നൽകാൻ പറ്റാത്തതുകൊണ്ട് മോളുടെ അവസ്ഥ കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ ബന്ധം വേർപെടുത്തി. അസുഖക്കാരിയായ, കിടപ്പിലായ മോളെയും കൂട്ടി ഞാൻ സ്വന്തം വീട്ടിൽ വന്നു നിന്നു. എങ്ങനെ ജീവിതം മുന്നോട്ടു പോകുമെന്നൊന്നും അന്നെനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. മോളുടെ ചികിത്സ തുടരണമെങ്കിൽ സ്ഥിരവരുമാനമുള്ള എന്തെങ്കിലും ജോലി കണ്ടെത്തിയേ പറ്റൂ എന്ന് എനിക്കു മനസ്സിലായി. അങ്ങനെ മോളെ എന്റെ ഉമ്മയുടെ കയ്യിൽ നോക്കാൻ ഏല്‍പിച്ചിട്ട് ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിക്കു പോയിത്തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പുറക്കാട്ടിരി സർക്കാർ ആയുർവേദ ആശുപത്രിയിലെ ഭിന്നശേഷി ചികിത്സാവിഭാഗത്തിൽ അറ്റൻഡറുടെ ഒഴിവുണ്ടെന്ന് അറിയുന്നത്. ദിവസവേതനമാണ്. അപേക്ഷ അയച്ചു നോക്കുമ്പോൾ കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, ദൈവാനുഗ്രഹത്താൽ എനിക്ക് ആ ജോലി കിട്ടി. അത് വലിയൊരു വഴിത്തിരിവായിരുന്നു. 

Read also: ഇനി വിട്ടുവീഴ്ചകൾ വേണ്ട; പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഭിന്നശേഷി കുഞ്ഞുങ്ങൾക്കുള്ള ഫിസിയോ െതറപ്പി, ഓക്യുപ്പേഷൻ തെറപ്പി, സ്പീച്ച് തെറപ്പി തുടങ്ങി എല്ലാ ചികിത്സകളും ലഭ്യമാകുന്ന ഒരു സ്ഥലമായതിനാൽ മോൾക്ക് ആവശ്യമായ ചികിത്സയും തെറപ്പിയും ഉഴിച്ചിലുമൊക്കെ നൽകാൻ പറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോളജിസ്റ്റിന്റെ ചികിത്സയും ഞാൻ ജോലി ചെയ്യുന്ന ആയുർേവദാശുപത്രിയിലെ തെറപ്പിയും ഒരുമിച്ചു ചെയ്തപ്പോൾ ഏഴു വർഷം കൊണ്ട് മോളുടെ അവസ്ഥയ്ക്കു നല്ല മാറ്റമുണ്ടായി. പന്ത്രണ്ടാമത്തെ വയസ്സിൽ മോൾ ആദ്യമായി നടക്കാൻ തുടങ്ങി. രണ്ടു വർഷം കൊണ്ട് അവൾ ഡാൻസ് വരെ കളിക്കാൻ തുടങ്ങി. യൂട്യൂബ് നോക്കി ചെറിയ രീതിയിൽ പഠിച്ചതാണ്. പിന്നീട് ഭിന്നശേഷി കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. അവളുടെ ഡാൻസിലുള്ള താൽപര്യം കണ്ട് ഞാൻ ഒരു യുട്യൂബ് ചാനൽ അവൾക്കുവേണ്ടി ഉണ്ടാക്കി. അധികം വിഡിയോസ് ഒന്നും ഇപ്പോഴില്ല. പക്ഷേ, ഒരുപാട് ആൾക്കാർ കാണുന്ന വലിയ ഒരു ചാനലായി അതു വളരുന്നതാണ് ഇപ്പോൾ എന്റെ സ്വപ്നം. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിലാണ് മോള്‍ ഇപ്പോൾ പഠിക്കുന്നത്. ഉപ്പ ഉപേക്ഷിച്ച് പോയ, കിടപ്പിലായ ഒരു കുട്ടിയെ നടത്തിക്കാനും നൃത്തം ചെയ്യിപ്പിക്കാനും പറ്റിയത് ഒരു ഉമ്മ എന്ന നിലയിൽ എന്റെ വിജയമാണെന്നു ഞാൻ കരുതുന്നു.

Content Summary: Single Mother struggled to provide for bedridden kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com