ADVERTISEMENT

അച്ഛനമ്മമാരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരിക, അവർക്കൊരു സർപ്രൈസ് കൊടുക്കുക ഇതൊക്കെ പല മക്കളും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. വിദേശത്ത് നിന്നു നാട്ടിലേക്ക് വരുമ്പോൾ ഒരു സർപ്രൈസ് കൊടുത്ത് അവരെ ഞെട്ടിക്കാനും, ആ സന്തോഷം കാണാനും അവർക്ക് ഇഷ്ടവുമാണ്. അങ്ങനെ ഒരു സൂചന പോലും കൊടുക്കാതെ നാട്ടിലേക്ക് വന്ന മകനെക്കണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അമ്മയുടെയും അനുജത്തിയുടെയും വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി. 

എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയായ ജ്യോതിസ് ആണ് വീട്ടുകാർക്ക് കണ്ണുനിറയിക്കുന്ന സർപ്രൈസ് കൊടുത്തത്. ഖത്തറിൽ ജോലി ചെയ്യുന്ന ജ്യോതിസ് ഒരു വർഷവും 8 മാസവും കഴിഞ്ഞാണ് വീട്ടിലേക്ക് വരുന്നത്. ലീവ് കിട്ടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ലീവ് അപ്രൂവ് ആയ ഉടൻ നാട്ടിലേക്ക് തിരിച്ചു, ആരോടും പറയാനും നിന്നില്ല. 

നാട്ടിലെത്തി കൂട്ടുകാരനെയും കൂട്ടി അമ്മയെ കാണാനാണ് ആദ്യം പോയത്. കക്കാട്ടുപറ ഗവ: സ്കൂളിൽ താൽക്കാലിക പാചകക്കാരിയാണ് അമ്മ സുമ. ജോലിക്കിടെ അപ്രതീക്ഷിതമായി മകനെക്കണ്ട അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു. അമ്മയെക്കണ്ട സന്തോഷത്തിൽ ജ്യോതിസ്സിന്റെ കണ്ണും നിറഞ്ഞൊഴുകി. 

jyothish-viral-video
Image Credit: instagram/jyothis_ravi

അമ്മയെക്കണ്ട ശേഷം കടയിരുപ്പ് ഗവ:സ്കൂളിൽ 10ൽ പഠിക്കുന്ന പെങ്ങളെ കാണാനാണ് ജ്യോതിസ് പോയത്. ക്ലാസ് കഴിഞ്ഞ് ബാഗുമായി ഇറങ്ങി വരുമ്പോഴാണ് സ്കൂൾ മുറ്റത്ത് ചേട്ടനെ കാണുന്നത്. ആദ്യമൊന്ന് അമ്പരന്നു നിന്നു. പിന്നെ തിരക്കിനിടയിലൂടെ ഓടിയെത്തി ചേട്ടനെ കെട്ടിപ്പിടിക്കുകയായിരുന്നു. അനിയത്തിയെ എടുത്ത് വട്ടം കറക്കിയ ശേഷമാണ് നിലത്തു നിർത്തിയത് പോലും. ചേട്ടനെക്കണ്ട അമ്പരപ്പിൽ പെങ്ങൾ കരഞ്ഞുപോയി. വരുമെന്ന് ചേട്ടൻ പറഞ്ഞില്ലല്ലോ എന്നാണ് കരച്ചിലിനിടയിലെ പരിഭവം. 

viral-video
Image Credit: instagram/jyothis_ravi

തന്നെ കണ്ടതും അമ്മ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു, അതോടെ അച്ഛനെ ഞെട്ടിക്കാനുള്ള പരിപാടി ചെറുതായൊന്നും പാളി. പക്ഷേ എല്ലാവരും സന്തോഷത്തിലാണെന്ന് ജ്യോതിസ് പറയുന്നു.

Read also: 'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; താൻ വിവാഹം കഴിക്കുന്നതിൽ മക്കൾക്ക് എതിർപ്പെന്ന് സുസ്മിത സെൻ

വിഡിയോ കണ്ട് കണ്ണ് നിറയാത്തവർ കാണില്ല. അത്ര മനോഹരമാണ് ഈ വിഡിയോ. പലയാവർത്തി കണ്ടുവെന്നും, ഓരോ തവണയും കരഞ്ഞുവെന്നുമാണ് കമന്റുകൾ പറയുന്നത്. ഞങ്ങളെ കരയിച്ചപ്പോൾ സമാധാനമായല്ലോ എന്നും, സിനിമയിലേ ഇതൊക്കെ കണ്ടിട്ടുള്ളു എന്നുമാണ് രസകരമായ കമന്റുകൾ. 

2 ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.

Content Summary: Viral Video of a Man surprising his family with a surprise visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com