എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മൂത്ത മകൾ പാർവതി ജനിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ചെറിയ പ്രശ്നമുണ്ടായി. അതിനെത്തുടർന്ന് കുഞ്ഞിന്റെ തലച്ചോറിൽ രക്തം കട്ട പിടിച്ചു. അത് അവളുടെ ജീവിതത്തെ എന്നെന്നും ബാധിക്കുന്ന ഒരു പ്രശ്നമായിത്തീരുമെന്ന് അന്നു ഞാൻ കരുതിയില്ല. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. വളർച്ചയുടെ ഘട്ടങ്ങളെല്ലാം വൈകി. മോൾക്കു ബൗദ്ധിക ഭിന്നശേഷിയുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. മോളെ നോക്കേണ്ടതുകൊണ്ട് ഒരു ജോലിയെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചതേ ഇല്ല. സദാ സമയവും മോളുടെ കൂടെ തന്നെ അവളെ പരിചരിച്ചു കഴിഞ്ഞു. ഭർത്താവ് പുഷ്പാംഗദന് വിദേശത്തായിരുന്നു ജോലി. ഒൻപതു വർഷത്തിനു ശേഷം ഒരു മോൾ കൂടി ഞങ്ങൾക്കുണ്ടായി, മീനാക്ഷി. അവൾക്ക് രണ്ടര വയസ്സുള്ളപ്പോൾ ഒരു ദിവസം രാവിലെ ഭർത്താവിന് നെഞ്ചുവേദന വന്നു. നാൽപത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ആശുപത്രിയിലെത്തിച്ച ഉടൻ അദ്ദേഹം മരിച്ചു. അന്നെനിക്ക് മുപ്പത്തിരണ്ടു വയസ്സുമാത്രമാണുള്ളത്. രണ്ടു പെൺമക്കൾ, അതിൽ ഒരാൾ ഭിന്നശേഷിയുള്ള കുട്ടിയും. എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു പോയി. ജീവിതത്തിനേറ്റ വലിയൊരു ആഘാതം.
ദീർഘനാൾ അസുഖബാധിതമായി കിടന്നിട്ടുള്ള മരണമായിരുന്നെങ്കിൽ അത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ കുറച്ചെങ്കിലും ഉണ്ടാകുമായിരുന്നു. ഇത് പക്ഷേ, പെട്ടെന്ന് വിളക്കണഞ്ഞുപോയതുപോലെ ഒരു മരണം. അതും ഈ ചറിയ പ്രായത്തിൽ. ആ ഇരുട്ടിൽ രണ്ടു മക്കളെയും ചേർത്തു പിടിച്ച് പകച്ചു നിൽക്കാനേ എനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ. വലിയൊരു താങ്ങും തണലും തുണയും നഷ്ടപ്പെട്ടതു മാത്രമല്ല. മുന്നോട്ടു പോകാനുള്ള സാമ്പത്തിക അടിത്തറയും ഇല്ലായിരുന്നു. ഗൾഫിലായിരുന്നു ജോലിയെങ്കിലും മോളുടെ ചികിത്സയ്ക്കും തെറപ്പിക്കുമൊക്കെയാണ് പണം മുഴുവന്‍ ചെലവഴിച്ചത്. ചെറിയ കടങ്ങളുമുണ്ട്. ആദ്യത്തെ ഷോക്കിൽ നിന്നു മോചിതയായപ്പോൾ ഞാൻ പ്രായോഗികമായി ചിന്തിക്കാൻ തുടങ്ങി. ഒരു ജോലി അനിവാര്യമാണ്. പക്ഷേ, എന്തു ജോലി കിട്ടും? ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഒരു പ്രവൃത്തി പരിചയവുമില്ല. മാത്രമല്ല, മോളെ ആര് നോക്കും? ഭിന്നശേഷിയുള്ള അമ്മമാർ നേരിടുന്ന വലിയ പ്രശ്നം അതാണ്. ഉന്നതവിദ്യാഭ്യാസം ഉള്ളവർ പോലും ജോലിക്കു പോകാൻ സാധിക്കാതെയും ഉള്ള ജോലി രാജിവച്ചുമൊക്കെ കുട്ടികളുടെ പരിചരണത്തിൽ മാത്രമാണു ശ്രദ്ധിക്കാറ്. പക്ഷേ, എനിക്കു മുന്നോട്ടു പോകണമെങ്കിൽ ജോലിക്കു പോയേ പറ്റൂ. ഒടുവിൽ കുറെ അന്വേഷിച്ചപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ഭർത്താവിന്റെ വീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചു പോയിരുന്നു. എന്റെ അമ്മയെയും അച്ഛനെയും ഞാൻ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. രണ്ടു മക്കളുടെയും ചുമതല അച്ഛനെയും അമ്മയെയും ഏൽപിച്ച് ഞാൻ ജോലിക്കു പോയിത്തുടങ്ങി. പാർവതി വീട്ടിനടുത്തുള്ള ഒരു നോർമൽ സ്കൂളിൽ പോകുന്നുണ്ടായിരുന്നു. ഭിന്നശേഷിയുള്ള കുട്ടിയാണെങ്കിലും പാർവതിയെ കണ്ടാൽ അങ്ങനെ തോന്നില്ല. കുളിക്കുക, മുടി ചീകുക, സ്വന്തം വസ്ത്രങ്ങൾ അലക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഞാൻ അവളെ പരിശീലിപ്പിച്ചെടുത്തു. ക്രമേണ അവൾ അവൾക്കാകുംവിധം സ്വയംപര്യാപ്തത നേടി. പ്രായപൂർത്തിയായപ്പോഴും അത് എന്താണെന്നു ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി. ചേച്ചിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഫുൾ സപ്പോർട്ടുമായി അനിയത്തിയും കൂടെ ഉണ്ടാകും. പത്താംക്ലാസ് പാസായപ്പോൾ മോളെ തുടർന്നു പഠിപ്പിക്കണം എന്നു തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, അതിനെക്കാൾ നല്ലത്, ഒരു സ്വയം തൊഴിൽ കൂടി പഠിക്കാൻ പറ്റുന്ന വിധത്തിലുള്ള പരിശീലനം മോൾക്കു കിട്ടുന്നതായിരിക്കുമെന്ന് പിന്നീടു തോന്നി. അങ്ങനെ വീടിനടുത്തുള്ള ഒരു സ്പെഷൽ സ്കൂളിൽ പാർവതിയെ ചേർത്തു.
ആറുവർഷം, രണ്ടു സ്ഥാപനങ്ങളിൽ ഞാൻ ജോലി ചെയ്തു. അതിനിടെയാണ് കോവിഡ് കാലം വന്നത്. ജോലി പോയപ്പോൾ എന്തു ചെയ്യുമെന്ന ചിന്ത വീണ്ടും അലട്ടി. ഞങ്ങളുടെ വീട്ടിൽ കുറെ പ്ലാവുകളും അതിൽ നിറയെ ചക്കയും ഉണ്ടായിരുന്നു. ചക്ക കൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. മൂന്നുവർഷം കൊണ്ട് ഞാൻ ഈ മേഖലയിൽ വിജയിച്ചു. ഇപ്പോൾ പല നിറങ്ങളിലുള്ള പച്ചക്കറികളും അരിയും ചേർത്ത് പച്ചക്കറിപപ്പടം ഉണ്ടാക്കി വിൽക്കുന്ന സംരംഭമാണു നടത്തുന്നത്. നല്ല വരുമാനം ഇതിലൂടെ ലഭിക്കുന്നു. പാക്കിങ്ങും സ്റ്റിക്കർ ഒട്ടിക്കാനുമൊക്കെ രണ്ടു പെൺമക്കളും എന്നെ സഹായിക്കുന്നുണ്ട്. വീണുപോയ ഇടത്തു നിന്ന് ആരംഭിച്ച ഒരു ജീവിതമാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നു പോകരുത് എന്നാണു ജീവിതം പഠിപ്പിച്ചത്.
Content Summary : Inspirational and motivational life story of Shiji Pushpangadan