ADVERTISEMENT

മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിൽ ഇന്നും പെണ്ണിന്റെ കന്യകാത്വം നിർണ്ണയിക്കുന്നത് വെള്ളത്തുണിയിലെ രക്തക്കറകളാണ്. വിവാഹരാത്രിയിൽത്തന്നെ തന്റെ വധു വിവാഹത്തിന് മുൻപ് കന്യകയായിരുന്നുവെന്ന് വരൻ കുടുംബത്തിനും സമുദായത്തിനും മുന്നിൽ തെളിയിക്കണം. നിർഭാഗ്യവശാൽ അവന്റെ വധു കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടാൽ സമുദായം വിധിക്കുന്ന ശിക്ഷയേറ്റു വാങ്ങി ഒരായുസ്സിലേക്കുള്ള പാപഭാരവുമായി അവൾ മരിച്ചു ജീവിക്കണം.

ഈ അനാചാരത്തെ ശക്തമായ നിയമമുപയോഗിച്ച് പ്രതിരോധിക്കാനുള്ള നടപടികളാണ് ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നവവധുക്കളുടെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമണത്തിന്റെ മറ്റൊരു പതിപ്പാണെന്നും നവവധുക്കളെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പല സമുദായങ്ങളിലും നിർബന്ധിത കന്യകാത്വ പരിശോധന നടക്കുന്നുണ്ടെന്നും ഇത്തരം അനാചാരങ്ങൾ നിരോധിക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശിവസേന അംഗം നീലം ഗോറെയുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുമ്പോഴാണ് ഇത്തരം അനാചാരങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് ആ സഹമന്ത്രി രഞ്ജിത് പാട്ടീൽ വ്യക്തമാക്കിയത്.

ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസിനു നിർദേശം നൽകുമെന്നു അദ്ദേഹം ഉറപ്പു നൽകി. സമുദായത്തിൽ നടക്കുന്ന ലൈംഗിക പീഡനമുൾപ്പടെയുള്ള സംഭവങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ തീർ‌പ്പു കൽപ്പിക്കാറുണ്ടെന്നും നീലം ഗോറെ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

400 വർഷം പഴക്കമുള്ള ആ ആചാരത്തിനെതിരെ  പോരാട്ടം

Virginity Test Of Brides Form Of 'Sexual Assault'
പ്രതീകാത്മക ചിത്രം

കാടൻ ആചാരങ്ങൾ പിന്തുടരുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നിരവധി വ്യക്തികളും സംഘടനകളും പോരാടുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള പോരാട്ടത്തിനാണ് യുവത്വം മുൻഗണന നൽകുന്നത്. സ്റ്റോപ് ദ് റിച്വൽ എന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഇത്തരം അനാചാരങ്ങൾക്കെതിരെ പോരാടുന്ന ഒരു പെൺകുട്ടിയുണ്ട് പ്രിയങ്ക. കന്യകാത്വ പരിശോധന എന്ന പ്രാകൃതമായ ആചാരത്തെ താൻ എതിർക്കാനുള്ള കാരണത്തെപ്പറ്റിയും സ്റ്റോപ് ദ് റിച്വൽ എന്ന വാട്സാപ് ഗ്രൂപ്പിന്റെ പിറവിയെപ്പറ്റിയും പ്രിയങ്ക പറയുന്നതിങ്ങനെ :-

അയൽവക്കത്തെ നവവധുവിന്റെ അലറിക്കരച്ചിൽ കേട്ടാണ് അന്നു രാവിലെ ഉറക്കമുണർന്നത്. മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിലുള്ള സകലർക്കും ആ കരച്ചിലിനു പിന്നിലുള്ള കാര്യമറിയാം. നിർഭാഗ്യവതിയായ ആ പെൺകുട്ടി കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടിരിക്കുന്നു. വിവാഹരാത്രിയിലുള്ള ലൈംഗികബന്ധത്തിനു ശേഷം കിടക്കവിരിയിൽ രക്തപ്പാടുകൾ കണ്ടില്ലെങ്കിൽ വധു കന്യകയല്ല എന്നു വിധിക്കുന്ന പ്രാകൃത ആചാരം ഇന്നും അവർ പിന്തുടരുന്നു. 400 വർഷം പഴക്കമുള്ള ആ ആചാരത്തിനെതിരെ പോരാടുകയാണ് ഞാനുൾപ്പടെയുള്ള നാൽപതോളം ആളുകൾ. അതിന് അവർ വേദി കണ്ടെത്തിയത് വാട്സാപ്പിലും. സ്റ്റോപ് ദ് വി റിച്വൽ (Stop The V-Ritual) എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ്  പോരാട്ടം.

‘എന്റെ സമുദായത്തിൽ നടക്കുന്ന ഒരു അനാചാരത്തെക്കുറിച്ച് ‍ഈ വാട്സാപ്പ് ഗ്രൂപ്പിലാണ് ഞാൻ തുറന്നു സംസാരിക്കുന്നത്. ഇത് അനാചാരമാണെന്ന് ഞങ്ങളുടെ സമുദായത്തിൽ ആർക്കും തോന്നിയില്ല എന്നതാണ് സത്യം’.– റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവായ പ്രിയങ്ക പറയുന്നു. കാഞ്ചാർ ഭട്ട് സമുദായത്തിനു പുറത്തുള്ളവരുമായി  സ്ത്രീകൾ ശാരീരികബന്ധത്തിൽ ഏർപ്പെടാതിരിക്കാനാണ് ഈ കാടത്തമെന്നും പറയപ്പെടുന്നു.

വിവാഹശേഷം വധുവിനെയും വരനെയും ബന്ധുജനങ്ങൾക്കൊപ്പം ലോഡ്ജിലേക്കോ ഹോട്ടലിലേക്കോ അയയ്ക്കുന്നു. മുറിവുണ്ടാക്കാൻ തക്ക ആയുധങ്ങളൊന്നും വധുവിന്റെ പക്കലില്ലെന്നുറപ്പാക്കാൻ ബന്ധുക്കൾ അവളെ വിവസ്ത്രയാക്കി പരിശോധിക്കും. പിന്നീട് വരന്റെ കൈയിൽ നീളമുള്ള ഒരു വെളുത്ത തുണിയും നൽകും. ആ തുണിയാണ് വധുവിന്റെ കന്യകാത്വം നിർണയിക്കുന്നത്. ലൈംഗികബന്ധത്തിനു ശേഷം വധുവിന്റെ രക്തംപൊടിഞ്ഞ തുണി വരന്റെ അമ്മയ്ക്കു കൈമാറണം. വധു വിവാഹത്തിനു മുൻപ് കന്യകയായിരുന്നോ എന്ന് അവർ നിർണയിക്കുന്നത് ഈ ചടങ്ങിലൂടെയാണ്.

Virginity Test Of Brides Form Of 'Sexual Assault'
പ്രതീകാത്മക ചിത്രം

‘എന്തെങ്കിലും കാരണത്താൽ വധൂവരന്മാർക്കു ശാരീരികബന്ധത്തിനു ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കിൽ അവരെ അശ്ലീലവിഡിയോകൾ കാണിക്കും. ചില സ്ഥലങ്ങളിൽ അൽപം കൂടി കടന്ന ചില പ്രവൃത്തികളുമുണ്ടാകും. ബന്ധുക്കളായ ദമ്പതിമാർ നവ വധൂവരന്മാരുടെ മുന്നിൽശാരീരികബന്ധത്തിലേർപ്പെടും.’- ‘സ്റ്റോപ് ദ് വി റിച്വൽ’ എന്ന വാട്സാപ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രിയങ്കയുടെ ബന്ധുവുമായ വിവേക് പറയുന്നു. ‘ഒരാളുടെ സ്വകാര്യതയിലേക്കും അന്തസ്സിലേക്കുമുള്ള ക്രൂരമായ കടന്നുകയറ്റമാണിത്, പ്രത്യേകിച്ച് സ്ത്രീകളുടെ’. - ഈ പ്രാകൃതമായ ആചാരത്തെ എതിർക്കുന്ന വിവേക് പറയുന്നു.

കോളജ് വിദ്യാഭ്യാസം നേടിയിട്ടുള്ള ചെറുപ്പക്കാർ മാത്രമല്ല വാട്സാപ്പിലൂടെ അരങ്ങേറുന്ന ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. ഗ്രാമത്തിലെ ലീലാബായി ബാംബിയ സിങ് ഇന്ദ്രേക്കർ എന്ന 56 കാരിയായ വിവാഹമോചിതയും പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. പന്ത്രണ്ടാം വയസ്സിലായിരുന്നു ലീലാബായിയുടെ വിവാഹം.

‘അപമാനിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം പോലും അന്നില്ലായിരുന്നു’. രണ്ടു കുട്ടികളുടെ മുത്തശ്ശി കൂടിയായ ലീലാഭായി പറയുന്നു. താൻ കന്യകാത്വ പരിശോധനയ്ക്കു വിധേയയാകുകയും വിജയിക്കുകയും ചെയ്തെന്നും എന്നാൽ ഈ അനാചാരത്തിനെതിരാണെന്നും അവർ പറയുന്നു. ഒരു സർക്കസ് കളി കാണുമ്പോലെയാണ് പുരുഷന്മാർ ഇത് ആസ്വദിക്കുന്നതെന്നും അവർ പറയുന്നു.

ആചാരത്തെക്കുറിച്ച് ലീലാഭായി പറയുന്നതിങ്ങനെ : ‘വിവാഹപ്പിറ്റേന്ന് വധുവും വരനും ബന്ധുക്കളോടും ഗ്രാമമുഖ്യനോടുമൊന്നിച്ച് ഗ്രാമത്തിലെ ഒരു പൊതുസ്ഥലത്ത് ഒത്തുകൂടും. അവിടെവച്ച് അത്രയും ആളുകളുടെ സാന്നിധ്യത്തിൽ സ്ഥലത്തെ പ്രധാനി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യും. ശേഷം വരനോട് നിന്റെ സാധനം (വധു) ഉപയോഗിക്കപ്പെട്ടതാണോ അല്ലയോ എന്ന് ചോദിക്കും. സ്ത്രീയെ ഒരു വിൽപനച്ചരക്കായി കണക്കാക്കുന്നതെങ്ങനെയാണ്? ഈ സമുദായം സ്ത്രീകൾക്ക് ഒരു മൂല്യവും കൽപ്പിക്കുന്നില്ല. എന്തുകൊണ്ട് പുരുഷന്മാരോട് അവരുടെ വെർജിനിറ്റിയെക്കുറിച്ച് ചോദിക്കുന്നില്ല. ഞങ്ങളും തുല്യരാണ്’ ലീലാബായി രോഷത്തോടെ ചോദിക്കുന്നു.

നവവധുക്കൾ സഹിക്കേണ്ടി വരുന്ന അപമാനങ്ങളുടെ തുടക്കം മാത്രമാണ് കന്യകാത്വ പരിശോധന. നിർഭാഗ്യവശാൽ അവൾ പരിശോധനയിൽ പരാജയപ്പെട്ടാൽ അവളുടെ കുടുംബത്തിന് 10000 രൂപ മുതൽ 50000 രൂപ വരെ ഗ്രാമമുഖ്യൻ പിഴചുമത്തും. കൂടാതെ വരൻ ആവശ്യപ്പെടുന്ന തുകയും വധുവിന്റെ വീട്ടുകാർ നൽകിയേ മതിയാകൂ. അതു നൽകിയാലും ആ വധുവിനെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. വരന്റെയും മാതാപിതാക്കളുടെയും ശാരീരികാക്രമണങ്ങൾക്ക് അവൾ ജീവിതകാലം മുഴുവൻ വിധേയയാകണം. എത്ര ആഴത്തിലുള്ള മുറിവുകളാണ് അവർ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്നതെന്ന് പുറത്തുള്ളവർക്ക് ഒരിക്കലും മനസ്സിലാവില്ല. കാരണം ആ സ്ത്രീകൾ ഉപദ്രവിക്കുന്നവർക്കെതിരെ ഒരു വാക്കുപോലും മിണ്ടാറില്ല.

ഭാവിയിൽ നടക്കാൻ പോകുന്ന കന്യകാത്വ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ചില പെൺകുട്ടികളുടെ ജീവിതം തന്നെ നിർണയിക്കപ്പെടുന്നത്. ‘എന്റെയും സഹോദരിയുടെയും വിദ്യാഭ്യാസം അച്ഛനമ്മമാർ നിഷേധിക്കാൻ കാരണം ഈ കന്യകാത്വ പരിശോധനയാണ്. സ്കൂളിൽ പോയാൽ അവിടെ ആൺകുട്ടികളുണ്ടാകുമെന്നും അവരുടെ കൂട്ടുകൂടി എന്തെങ്കിലും തെറ്റു സംഭവിച്ചാൽ എന്തുചെയ്യുമെന്നൊക്കെയായിരുന്നു അവരുടെ ഭയം.’- തന്റെ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് 46 വയസ്സുകാരിയായ പദ്മഭായി പറയുന്നു. കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാൻ താൽപര്യമില്ലാത്തതിനാൽ സമുദായത്തിന് പുറത്തുള്ളയാളെയാണ് പദ്മഭായി വിവാഹം കഴിച്ചത്.

കുടുംബമല്ല, ജാതിവ്യവസ്ഥയും സമുദായ കൂട്ടായ്മയുമാണ് സ്ത്രീകളുടെ ജീവിതം ഇത്രമേൽ ദുസ്സഹമാക്കുന്നതെന്ന അഭിപ്രായക്കാരനാണ് വിവേക്. നാട്ടുകൂട്ടം തീരുമാനിച്ചു നടപ്പിലാക്കുന്ന അനാചാരങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ സമുദായത്തിൽനിന്നു പുറത്താക്കും. ഒരു വ്യക്തിയെ മാത്രമല്ല കുടുംബത്തെത്തന്നെയാണ് ഒറ്റപ്പെടുത്തുന്നതും പുറത്താക്കുന്നതും. ഗ്രാമത്തിൽ നടക്കുന്ന വിവാഹത്തിലോ മരണത്തിലോ  ഉത്സവങ്ങളിലോ ഒന്നും പങ്കെടുക്കാനുള്ള അവകാശം അവർക്കുണ്ടാവില്ല.

കന്യകാത്വ പരിശോധനയ്ക്കെതിരെ പോരാടുന്ന മൂന്ന് ആക്ടിവിസ്റ്റുകളെ 40 ഓളം പേർ ചേർന്ന് ആക്രമിച്ചതോടെ ഈ വർഷമാദ്യം ‘സ്റ്റോപ് ദ് വി റിച്വൽ’ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിലേറെ കൗതുകം, കന്യകാത്വ പരിശോധനയെ പിന്തുണച്ചുകൊണ്ട് 400 ഓളം സ്ത്രീകൾ ചേർന്ന് മുംബൈയിൽ നടത്തിയ പ്രകടനമാണ്. കന്യകാത്വ പരിശോധന തങ്ങളുടെ സമുദായത്തിന്റെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നായിരുന്നു ആ സ്ത്രീകളുടെ വാദം. അതുകൊണ്ട് ‘സ്റ്റോപ് ദ് വി റിച്വൽ’ അംഗങ്ങൾ പൊതുമാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.

Virginity Test Of Brides Form Of 'Sexual Assault'
പ്രതീകാത്മക ചിത്രം

സമുദായാംഗങ്ങളുടെ ഭയമാണ് ഇതിനു പിന്നിലെന്നാണ് വിവേക് പറയുന്നത്. ‘മാധ്യമപ്രവർത്തകിൽനിന്നും രാഷ്ട്രീയ പ്രവർത്തകരിൽനിന്നും ഞങ്ങൾക്കു ലഭിക്കുന്ന പിന്തുണയെക്കുറിച്ച് നന്നായി അറിയാവുന്നവരും നിയമനടപടിയെടുക്കാൻ ‍ഞങ്ങൾക്കു കഴിയും എന്നു മനസ്സിലാക്കിയവരുമാണ് ‍ഞങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്.’- വിവേക് പറയുന്നു.

കന്യകാത്വ പരിശോധനയ്ക്കെതിരെ സുപ്രീംകോടതിയിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്  ‘സ്റ്റോപ് ദ് വി റിച്വൽ’ പ്രവർത്തകർ. അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഡേറ്റാ ശേഖരണമാണ്. യുവതികളും മധ്യവയസ്കരുമായ ഇരകളൊന്നും അവർ തുറന്നു പറയുന്ന അനുഭവങ്ങൾ റെക്കോർഡ് ചെയ്യാൻ അനുവദിക്കാറില്ല. സമുദായം ഒറ്റപ്പെടുത്തുമോ എന്ന ഭയമാണവർക്ക്. ഇതിനു പരിഹാരമായി, ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന കന്യകാത്വ പരിശോധനയുടെ ഓഡിയോ, വിഡിയോ ക്ലിപ്പുകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. 

മറ്റൊരു വാട്സാപ് ഗ്രൂപ്പായ ‘വി സ്പീക്ക് ഔട്ട് എഗന്‍സ്റ്റ് ഫീമെയിൽ ജെനഷ്യൽ മ്യൂട്ടിലേഷൻ’ഇരകൾക്ക് സുരക്ഷിതമായി അവരുടെ അനുഭവങ്ങൾ തുറന്നു പറയാനുള്ള വേദിയൊരുക്കുന്നു. ആയിരം വർഷം പഴക്കമുള്ള ഈ ദുരാചാരം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കണമെന്ന ആവശ്യത്തിന്മേലുള്ള കേസ് നടക്കുകയാണിപ്പോൾ.

അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന കഞ്ചർബട്ട് സമുദായത്തിൽ പ്രിയങ്കയും കുടുംബവും മാത്രമാണ് പരസ്യമായി കന്യകാത്വ പരിശോധനയ്ക്കെതിരെ പ്രതികരിച്ചത്. ഉപദ്രവിക്കുമെന്നും സ്ഥാവരജംഗമസ്വത്തുക്കളെല്ലാം നശിപ്പിച്ചു കളയുമെന്നും അയൽക്കാരുൾപ്പടെ പ്രിയങ്കയെ ഭീഷണിപ്പെടുത്തി. എന്നാൽ അതൊന്നും പ്രിയങ്കയെ പിന്തിരിപ്പിച്ചിട്ടില്ല.

‘ഞാൻ ഈ പോരാട്ടത്തിൽനിന്ന് പിന്തിരിയില്ല. അന്തസ്സോടെ ജീവിക്കാനുള്ള വഴികളുണ്ടെന്ന് എന്റെ സമുദായത്തിലെ പെൺകുട്ടികൾക്ക് ഞാൻ മനസ്സിലാക്കിക്കൊടുക്കും. ഇതാണ് അവരോടുള്ള എന്റെ ആഹ്വാനം.’- പ്രിയങ്ക പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com