ADVERTISEMENT

ഒരു വ്യക്തിയുടെ ശരീരം ആർക്കൊക്കെയാണ് സ്വന്തം? നാൽപത്തിയെട്ടുകാരി ഇരുപത്തിയഞ്ചുകാരനെ വിവാഹം കഴിച്ചാലും സിനിമാനടിയുടെ ശരീരം പ്രസവ ശേഷം ചീർത്താലും ഇത്തിരി തടി കൂടുതൽ ഉണ്ടെങ്കിലും ഇനിയിപ്പോൾ തീരെ മെലിഞ്ഞു പോയാലുമൊക്കെ പെൺകുട്ടികൾ ശരീരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കാൻ ബാധ്യസ്ഥരാകുന്നു.

"നീയൊന്ന് തടിച്ചിട്ടുണ്ടല്ലോ" എന്നു പരിചയക്കാരായ പുരുഷന്മാർ മുഖത്ത് നോക്കി ചോദിക്കുന്ന അവസ്ഥ നേരിടേണ്ടി വന്ന സ്ത്രീകളോട് ചോദിച്ചാൽ അറിയാം, ആ കൺനോട്ടങ്ങൾ എത്തുന്ന ശരീരത്തിന്റെ മടക്കുകളിൽ വരെ അവളിൽ നിന്നു വെറുപ്പിന്റെ ആവി പുകഞ്ഞു പുറത്തേക്ക് വരുന്നുണ്ടെന്ന് അവൾ പറഞ്ഞേക്കും.

സോഷ്യൽ മീഡിയയിൽ ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നം ബോഡി ഷെയിമിങ് തന്നെയാണ്. യാതൊരു ചളിപ്പും ഇല്ലാതെ മനുഷ്യർ അവളെ ശരീരം സംബന്ധിയായി അപമാനിച്ചുകൊണ്ടേയിരിക്കുന്നു, അതിനു പല കാരണങ്ങളും അവർ കണ്ടു പിടിച്ചുകൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സംഗീത ചക്രവർത്തി എ ആർ റഹ്‌മാന്റെ മകൾക്ക് തന്റെ വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കേണ്ടി വന്നത്. റഹ്മാൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഉടൽ മുഴുവൻ മൂടിയ കണ്ണു മാത്രം പുറത്ത് കാണിക്കുന്ന ആചാര വസ്ത്രം ധരിച്ചതിന്റെ പേരിൽ റഹ്മാനെ ചോദ്യം ചെയ്തവർ നിരവധിയായിരുന്നു. എന്നാൽ അത് മകളുടെ സ്വാതന്ത്ര്യമാണെന്നും അതിൽ താൻ ഇടപെടാറില്ലെന്നും റഹ്മാൻ മറുപടി പറഞ്ഞു. ഇത്തരം ചോദ്യങ്ങൾ എന്തിനു ഒരു സ്ത്രീയോട് മാത്രം ചോദിക്കപ്പെടുന്നു? ഉടൽ മുഴുവൻ മൂടുന്ന വസ്ത്രം ആയാലും ബിക്കിനി ആയാലും അത് ഇടുന്ന സ്ത്രീയുടെ മാത്രം സ്വാതന്ത്ര്യമാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ സാരി ഉടുത്ത് ചിത്രങ്ങൾ പോസ്റ്റു ചെയ്യുമ്പോൾ പോലും ഇതു കൊള്ളില്ല, ചുരിദാർ ധരിക്കൂ, അല്ലെങ്കിൽ തിരിച്ചും പറയുന്ന വ്യക്തികൾ നിരവധിയാണ് , ഇത്തരുണത്തിൽ സ്ത്രീകളോട് അഭിപ്രായം പറയുന്നവരിൽ കൂടുതലും പുരുഷന്മാർ ആണെന്നുള്ളതാണ് സത്യവും.

"ഞങ്ങളെ പ്രലോഭിപ്പിക്കുന്നതുപോലെ വസ്ത്രം ധരിച്ചു വന്നാൽ ഞങ്ങൾ നോക്കും." ഒരാൾ പറയുന്നു,

"ശരി നോക്കിക്കോളൂ,"

പെൺകുട്ടിയുടെ മറുപടി,

"പക്ഷേ, നീ ഇതുപോലെ ഒട്ടിക്കിടക്കുന്ന വേഷം ഒന്നും ഉപയോഗിക്കേണ്ട."

anoop-sebastain-juby-joseph-Body-shaming

അയാളുടെ നിർദ്ദേശം തീർച്ചയായും പെൺകുട്ടിയെ ചൊടിപ്പിക്കുക തന്നെ ചെയ്യും. പറയുന്നത് സുഹൃത്ത് ആയാലും കാമുകനായാലും ഭർത്താവായാലും മറ്റൊരു പെൺകുട്ടിയുടെ ശരീരത്തിലേക്ക് നോക്കുന്ന പുരുഷന്റെ അവകാശങ്ങളെ അംഗീകരിക്കാൻ കഴിവുള്ളവൾക്ക് അത്തരം നോട്ടങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാനുമറിയാം. സ്ത്രീയുടെയും അവളുടെ ശരീരത്തിന്റെയും അവകാശികൾ പുരുഷൻ ആവുന്ന പ്രക്രിയയാണ് പ്രണയം അല്ലെങ്കിൽ വിവാഹം എന്ന നിലയിലാണ് പണ്ടേ കാര്യങ്ങൾ, എന്നാൽ പുരുഷൻ എന്ന വ്യക്തിയെ പോലും സ്ത്രീയും അപാര വ്യക്തിത്വമാണെന്നും അവൾക്കുമുണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഹൃദയം എന്നും മനസിലാക്കാൻ കഴിയാത്തവർക്ക് ഏതു ദുർഗുണ പരിഹാര പാഠശാലയിൽ നിന്നാണ് ക്ലാസ്സ് നൽകേണ്ടത്?

കഴിഞ്ഞ ദിവസം കണ്ട ചിത്രവും വാർത്തയും മലയാളിയുടെ മനസ്സിനെ ഒരു കണ്ണാടി എന്നതുപോലെ വ്യക്തമാക്കുന്നതാണ്. സോഷ്യൽ ഷെയിമിങ് നടത്തുന്ന മലയാളിയുടെ യഥാർത്ഥ സ്വഭാവം കാണണമെങ്കിൽ മലയാളം ഓൺലൈൻ പോർട്ടലുകളുടെ വാർത്ത പങ്കുവയ്ക്കുന്ന ലിങ്കുകളുടെ താഴെ വരുന്ന അഭിപ്രായങ്ങൾ വായിച്ചാൽ മാത്രം മതിയാകും. മലയാളത്തിലെ ഒരു നടിയുമില്ല ഈ അപമാനങ്ങളിൽ നിന്നും അസഭ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളവർ. എന്നാൽ അപരിചിതരായ ആളുകൾക്ക് മീതെ വരെ ഷെയിമിങ് നടത്തും. സ്വന്തം പെണ്ണ് നന്നായിരിക്കണമെന്നാഗ്രഹിക്കുന്ന സദാചാര പുരുഷന്മാർ മറ്റു സ്ത്രീകളെ ക്രൂരമായി നോക്കുന്നതുപോലെയുള്ള ഒന്നു തന്നെയാണിതും. ചിത്രത്തിൽ കാഴ്ചയിൽ തീരെ ചേർച്ചയില്ലാത്ത ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകുമ്പോൾ അവർ പറഞ്ഞുണ്ടാക്കുന്ന അസഭ്യങ്ങൾ ഇപ്രകാരമാണ്,

"സ്ത്രീയ്ക്ക് പ്രായം കൂടുതലാണ്, അവളുടെ കാശ് കണ്ട് അവൻ കെട്ടിയതാണ്,"

" അമ്മയും മോനെയും പോലെയുണ്ട്"

"ഇവന് എന്തിന്റെ കേടാണ് പൈസ നോക്കി .....യെ കെട്ടാൻ..."

ഇതിലും കടുപ്പമേറിയതും അസഭ്യം നിറഞ്ഞതുമായ വാക് പ്രയോഗങ്ങൾ അതിലുമേറെ. എത്രയാഴത്തിലാണ് ഇതൊക്കെ കാണുന്ന ആ ദമ്പതികൾക്ക് നോവുന്നതെന്ന സ്വാഭാവിക ബോധം പോലുമില്ലാത്ത വിധത്തിൽ മലയാളിയുടെ ചിന്താശേഷി നഷ്ടമായിപ്പോയോ! ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിക്കുമ്പോൾ അവർ അവരുടെയും അവരുടെ കുടുംബങ്ങളുടെയും ഇഷ്ടവും താൽപര്യവും തീർച്ചയായും നോക്കിയാവും വിവാഹിതരാകുന്നത്. അതിന്റെ മധ്യത്തിൽ പുറത്തു നിന്നൊരാൾ അഭിപ്രായം പറയുന്നത് മണ്ടത്തരം മാത്രമാണ്.

ബോഡി ഷെയിമിങ് കൂടുതൽ അനുഭവിച്ചിട്ടില്ലാത്തത് ഒരുപക്ഷെ തടി കൂടുതലുള്ള പെൺകുട്ടികളും നിറം കുറഞ്ഞ പെൺകുട്ടികളും തന്നെയാകും. വിവാഹ കമ്പോളത്തിലും ഏറ്റവും കൂടുതൽ അപമാനങ്ങൾ ഇവർ നേരിടുന്നു. സ്ത്രീ എന്നാൽ കൃത്യമായ അഴകളവുകൾ ഉള്ള, പരസ്യത്തിൽ പറഞ്ഞതുപോലെ വെളുത്തു സുന്ദരിയായ, തിളക്കമുള്ള മുടിയുള്ള പെൺകുട്ടികൾ ആയിരിക്കണമെന്ന ബോധം മനുഷ്യന്റെ ഉള്ളിൽ കാലങ്ങളായി ഉറച്ചു വച്ചിരിക്കുന്നു. അതിന്റെ പ്രധാന കാരണം ഇവിടുത്തെ വിപണികൾ തന്നെയാണ്. വെളുക്കാനുള്ള ക്രീമുകളും തടി കുറയ്ക്കാനുള്ള കാപ്സ്യൂളുകളും മുടി തിളക്കമുള്ളതാക്കാനുള്ള ഷാമ്പൂകളും ഇവിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നു. വിപണിയ്ക്കും വിപണിയിലെ വസ്തുക്കൾക്കും അനുസരിച്ചാണ് മനുഷ്യർ ജീവിക്കേണ്ടതെന്ന പൊതുബോധം ആ വിപണി തന്നെ മനുഷ്യന് നൽകിയിരിക്കുന്നു.

ആരോഗ്യം മാത്രമേ സ്ത്രീകൾ ഇത്തരുണത്തിൽ ശരീരവുമായി ബന്ധിപ്പിച്ച് നോക്കേണ്ടതുള്ളൂ. അത്തരത്തിൽ മാത്രമേ പുരുഷൻ മറ്റൊരു സ്ത്രീയുടെ ശരീരത്തെയും നോക്കിക്കാണേണ്ടതുള്ളൂ. ഒരു വർഷം മണ്ണിനടിയിൽ കിടന്നാൽ ജീർണിച്ച മണ്ണിനോട് ചേരേണ്ട ശരീരത്തിനെ ഏറ്റവും ആരോഗ്യത്തോടെ പാലിച്ചു വളർത്തുക എന്നതാണ് പ്രധാനം. തടി കൂടുന്നത് പല ആരോഗ്യ കാരണങ്ങൾ കൊണ്ടാകാം, അതിൽ തൈറോയിഡ് മുതൽ കാൻസർ വരെയുണ്ട്. വിഷാദ രോഗം മുതൽ അമിത ഭക്ഷണം വരെയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ കണ്ടെത്തി ശരീരം സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. അതിനപ്പുറം ശരീരം സൗന്ദര്യ പ്രശ്നമായി കാണുന്ന പുരുഷന്മാരുടെ മുഖത്തു നോക്കി മറുപടി നൽകാൻ സ്ത്രീകൾക്ക് കഴിയണം.

മനുഷ്യർ പ്രത്യേകിച്ച് പുരുഷന്മാർ അവരവരെ കുറിച്ച് തന്നെ ഒരു ബോധ്യപ്പെടൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വാർത്തയ്ക്ക് താഴെ എന്ത് അസഭ്യവും പറയുമ്പോൾ സ്ത്രീകളെ കുറിച്ചുള്ള നിങ്ങളുടെ ബോധമാണ് പരസ്യമാക്കപ്പെടുന്നത്, വിവാഹം എന്നത് ആവശ്യമായി കാണാത്ത തലമുറയിലെ പെൺകുട്ടികളും ഇവിടെയുണ്ട്, വിപണിയ്‌ക്കൊപ്പം സഞ്ചരിക്കാത്ത അവർ സ്വന്തം സ്വാതന്ത്ര്യം സ്വയം ബഹുമാനിച്ച് കാത്തു സൂക്ഷിക്കുന്നു. സ്നേഹവും ബഹുമാനവും അടിച്ചേൽപ്പിക്കൽ അല്ലെന്നും കൊടുത്താൽ മാത്രം തിരികെ നൽകേണ്ട ഒന്നാണെന്നും അവർക്കിപ്പോൾ നന്നായി അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com