ADVERTISEMENT

ഇഷ്ടപ്പെട്ട വ്യക്തിയുമായി വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്ന ജീവനക്കാരനെതിരെ തൊഴിലുടമയ്ക്ക് അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ജീവനക്കാര്‍, അവരുടെ ഇഷ്ടപ്രകാരം, പരസ്പര സമ്മതത്തോടെ,  ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവരുടെ മാത്രം സ്വകാര്യതയാണ്. അതില്‍ ഒളിഞ്ഞുനോക്കേണ്ട ആവശ്യം തൊഴിലുടമയ്ക്കില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം അവരുടെ സ്വകാര്യതയാണ്. തൊഴിലുടമയ്ക്ക് അതില്‍ ഇടപെടേണ്ട കാര്യമില്ല- കോടതി വിശദീകരിച്ചു.

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ അവിഹിതബന്ധത്തിൽ ഏര്‍പ്പെട്ടു എന്ന പരാതി ലഭിച്ചാലും ആ വ്യക്തിക്കെതിരെ അച്ചടക്ക നടപടിയോ വകുപ്പുതല നടപടിയോ സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി. അവര്‍ വിവാഹിതരാണോ അല്ലയോ എന്നതുപോലും പ്രശ്നമല്ല. സ്ത്രീയോ പുരുഷനോ എന്ന വിവേചനവുമില്ല.

Extra-marital affair not ground for taking action against govt staff
പ്രതീകാത്മക ചിത്രം

പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ലൈംഗികത ആ വ്യക്തിയുടെ മാത്രം കാര്യമാണെന്നും ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ  നിര്‍ണായകമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അവിഹിത ബന്ധത്തിന്റെ പേരില്‍ വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയരായ രണ്ടു വ്യക്തികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചരിത്രപരമായ വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

രാജസ്ഥാന്‍ പൊലീസ് വകുപ്പിലെ ഒരു ഇന്‍സ്പെക്ടറും ലേഡി കോണ്‍സ്റ്റബിളുമാണ് പരാതിക്കാര്‍. ഇരുവരുടെയും വിവാഹേതരബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരസ്യമായതിനെത്തുടര്‍ന്ന് വകുപ്പുതല നടപടി തുടങ്ങിയിരുന്നു. രാജസ്ഥാന്‍ കോണ്‍ഡക്റ്റ് റൂള്‍സ് ലംഘിച്ചെന്നും പൊലീസിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തിയെന്നുമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഡിഎന്‍എ ടെസ്റ്റിനു വിധേയനാകാനും ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടിരുന്നു.

1971 ലെ രാജസ്ഥാന്‍ കോണ്‍ഡക്റ്റ് നിയമത്തിലെ സെക്‌ഷന്‍ നാല് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ അധാര്‍മികമായ ജീവിതം നയിക്കരുത്. പരസ്പര ഇഷ്ടപ്രകാരമുള്ള ലൈംഗികബന്ധം ഈ വകുപ്പിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു പ്രസക്തമായ ചോദ്യം. അവിഹിത പരാതി കിട്ടിയില്‍ തൊഴിലുടമയ്ക്ക് നടപടി എടുക്കാനാവുമോ എന്ന പ്രശ്നവും ഉണ്ടായിരുന്നു. സ്വകാര്യത, അവിഹിത ബന്ധം, സ്വവര്‍ഗരതി എന്നീ വിഷയങ്ങളില്‍ സുപ്രീംകോടതി ഭരണാഘടനാ ബെഞ്ചിന്റെ അടുത്തകാലത്തുണ്ടായ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കു മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു.

പങ്കാളി ജീവിച്ചിരിക്കെ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ സമൂഹത്തിലെ ആചാരങ്ങള്‍ വച്ചുനോക്കിയാല്‍ അധാര്‍മികമെന്നു പറയാമെങ്കിലും അതിന്റെ പേരില്‍ നടപടി പാടില്ല എന്നാണ് കോടിയുടെ നിരീക്ഷണം. വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനത്തിനുവേണ്ടി സിവില്‍ കോടതിയെ സമീപിക്കുന്നതോ മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനോ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com