ADVERTISEMENT

‘സമ്മാനം’ തന്നെയൊരു  ഐഡിയ 

സ്നേഹം കൊണ്ടു പൊതിഞ്ഞ ഒരു സമ്മാനപ്പൊതി കിട്ടിയാൽ സന്തോഷിക്കാത്ത ആരുണ്ട്? ആ സന്തോഷം തന്നെയാണു റിനി അനീഷിന്റെയും മിലു വർഗീസിന്റെയും സംരംഭം. വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്താൽ പോര, ക്രിയേറ്റീവ് ആയി തന്നെ ചെയ്യണമെന്ന ചിന്ത തന്നെ റിനി അനീഷിനും മിലി വർഗീസിനും ഒരു സമ്മാനപ്പൊതിയായിരുന്നു. അതു പിന്നീട് ‘ടേക്ക് എ ഗിഫ്റ്റ്’ എന്ന പേരിൽ കൂട്ടുകാർ സംരംഭമാക്കി. ആർക്കെങ്കിലും സർപ്രൈസ് സമ്മാനം കൊടുക്കണമെന്നുണ്ടെങ്കിൽ ടേക്ക് എ ഗിഫ്റ്റിൽ വിളിക്കാം. സമ്മാനം സ്വീകരിക്കുന്നയാളിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സമ്മാനങ്ങൾ തയാറാക്കി മനോഹരമായി പൊതിഞ്ഞു വീട്ടിലെത്തിക്കും. ദൂരപ്രദേശങ്ങളിലുള്ളവരാണെങ്കിൽ കൊറിയറിൽ അയച്ചു നൽകും. 

സമ്മാനങ്ങൾ കണ്ട് ഇഷ്ടപ്പെടുന്നവരാണു പിന്നീട് ആവശ്യക്കാരായി എത്തുന്നത്. വ്യക്തികൾക്കുള്ള സമ്മാനങ്ങൾക്കു പുറമേ വിവാഹം, യാത്രയയപ്പ് തുടങ്ങിയ അവസരങ്ങളിൽ മൊത്തമായും ഇവർ സമ്മാനമെത്തിക്കും. TAG എന്ന പേരിലുള്ള ഫെയ്സ്ബുക് പേജ് വഴിയും വിപണനം നടത്തുന്നു. കേക്ക്, ചോക്ലേറ്റ്, പുസ്തകങ്ങൾ, വീട്ടിനകത്തു വളർത്താവുന്ന ചെറുചെടികൾ തുടങ്ങി കൗതുകമുള്ളവയാണു സമ്മാനപ്പൊതിയിലുണ്ടാവുക. 350 രൂപ മുതൽ മുകളിലോട്ട് ബജറ്റിനനുസരിച്ചുള്ള തയാറാക്കി കൊടുക്കും. 

പയ്യാമ്പലം അസറ്റ് ഹോംസ് 14 ബിയിൽ കല്ലറയ്ക്കൽ ജയ്‌വർഗീസിന്റെ ഭാര്യയാണ് മിലു വർഗീസ്. വിദ്യാർഥികളായ എബ്രഹാം,റാഫേൽ എന്നിവർ മക്കളാണ്.തളിപ്പറമ്പ് കുരിശുംമൂട്ടിൽ അനീഷിന്റെ ഭാര്യയാണ് റിനി അനീഷ്. വിദ്യാർഥികളായ ഹന്ന,ജോസഫ് എന്നിവർ മക്കളാണ്. കുടുംബത്തിനൊപ്പം പൂർണ സമയം ചെലവഴിക്കാൻ കഴിയുന്നു എന്നു മാത്രമല്ല മനസിനിഷ്ടപ്പെട്ട ജോലി ചെയ്യാൻ കഴിയുന്നു എന്നതാണു സംരംഭത്തിന്റെ നേട്ടമായി ഇവർ കാണുന്നത്. കുടുംബത്തിന്റെ പൂർണ പിന്തുണ സംരംഭകത്വത്തിൽ വലിയ സഹായമാണെന്നും ഇരുവരും പറയുന്നു.

മധുരിക്കുന്ന കച്ചവട വിജയം 

mariyam-shaza-01
മറിയം സഷ (സംരംഭം ഷൊക്കോല (chocola)

ബിസിനസ് മാനേജ്മെന്റ് പഠനം കഴിഞ്ഞപ്പോൾ സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറും മുൻപാണു എന്തിനു വല്ലവർക്കും വേണ്ടി ജോലി ചെയ്യണം, സ്വന്തമായി ചെയ്തുകൂടേ എന്ന ചോദ്യം ഷസയുടെ തലയിൽ ഉദിക്കുന്നത്. ചെറുപ്പം മുതൽ മധുരപ്രിയയായിരുന്ന ഷസയ്ക്കു സംരംഭം തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

കേക്ക്, കുക്കീസ്, കപ് കേക്ക്, തുടങ്ങി ഏറ്റവും പ്രിയപ്പെട്ടവ സ്വന്തം കൈ കൊണ്ടു തയാറാക്കി വിൽപന നടത്തുകയാണ് മറിയം. ആവശ്യങ്ങൾക്കനുസരിച്ചു കസ്റ്റമൈസ് ചെയ്താണു കേക്കുകൾ നിർമിച്ചു നൽകുന്നത്. ബട്ടർക്രീം കേക്കുകളാണു ഷസയുടെ സ്പെഷൽ. ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും chocola എന്ന പേരിലുള്ള പേജ് വഴിയാണു വിപണനം ഏറെയും. സുഹൃത്തുക്കളും പരിചയക്കാരും നൽകുന്ന ഓർഡറുകൾ വേറെ. 

താണ സിന്ദൂർ ഹൗസിൽ മിഥിലാജിന്റെയും നസ്റീന്റെയും മകളാണ് മരിയം ഷസ. 1–6 മണിക്കൂർ വരെയാണ് ഓരോ ദിവസവും ജോലി ചെയ്യേണ്ടി വരുന്നത്. മാസത്തിൽ മുഴുവൻ ദിവസവും പലപ്പോഴും ജോലി ചെയ്യേണ്ടി വരാറുണ്ടെന്നു ഷസ പറയുന്നു. 

കുഞ്ഞുടുപ്പിൽ തെളിഞ്ഞ ബ്രാൻ‌ഡ് 

rashida-sajeer-01
റാഷിദ സജീർ (സംരംഭം റാഷീസ് ടെക്സ്റ്റെയിൽസ്)

മകൾക്കു വേണ്ടി തുന്നിയ ഒരു കുഞ്ഞുടുപ്പിൽ നിന്നാണ് 4 വർഷം മുൻപ് റാഷീസ് ബ്രാൻഡിന്റെ തുടക്കം. കുഞ്ഞുടുപ്പിൽ നിന്ന് വലിയ ഉടുപ്പുകൾ, കുർത്തി, ലേഡീസ് പാന്റ്സ്, ഷാൾ എന്നിങ്ങനെ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് റാഷിദ സജീറിന്റെ വീട്ടുമുറിയിൽ ഒരുങ്ങുന്നത്. പ്രത്യേകം തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങളിൽ റാഷിദ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. 

വിപണിയിൽ ക്ലിക്ക് ആയതോടെ പത്തോളം പേർക്കു തൊഴിൽ നൽകുന്ന സംരംഭമായും റാഷീസ് ബ്രാൻഡ് മാറിക്കഴിഞ്ഞു. വ്യക്തികൾക്കു പുറമേ വസ്ത്ര വ്യാപാരികളും റാഷിദയുടെ വസ്ത്രങ്ങൾ മൊത്തമായി വാങ്ങുന്നുണ്ട്. 350–1500 രൂപ വരെയാണ് വസ്ത്രങ്ങളുടെ വില. ആവശ്യക്കാർ വീട്ടിലെത്തിയോ ഫോൺ വഴിയോ ഓർഡർ നൽകുന്നു. ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കണ്ടു കൂടുതൽ പേർ ഇവരെ തേടിയെത്തുകയായിരുന്നു. ഭർത്താവ് നിർമാണ കരാറുകാരനായ തോട്ടത്തിൽ സജീറും മാതാപിതാക്കളും മക്കളായ മിസ, സയാൻ എന്നിവരുടെ പിന്തുണയോടെയാണു റാഷീസ് ബ്രാൻഡ് വീട്ടിൽ പ്രവർത്തിക്കുന്നത്. 

radhika-krishna-01
രാധിക കൃഷ്ണൻ ( സംരംഭം ഹെവൻസ് കേക്ക്സ്)

കേൾക്കണം, ഈ കേക്ക് ഗാഥ 

അമ്മയും അമ്മൂമ്മയും പകർന്നു നൽകിയ കേക്കിന്റ പാരമ്പര്യമാണ് രാധിക കൃഷ്ണന്റെ കൈപ്പുണ്യം. കൂട്ടുകാർക്കും സ്കൂളിലെ അധ്യാപകർക്കും നാട്ടുകാർക്കും കേക്കുകൾ ഉണ്ടാക്കി നൽകി സ്വന്തമായി വരുമാനം കണ്ടെത്തുകയാണ് ഭാരതീയ വിദ്യാഭവൻ പ്ലസ്ടു വിദ്യാർഥിനിയായ രാധിക കൃഷ്ണൻ. അമ്മ യശോദയെ സഹായിച്ചാണു രാധികയുടെ സംരംഭത്തിന്റെ തുടക്കം. പിന്നീടു രാധികയെ തേടി ഓർഡറുകൾ എത്താൻ തുടങ്ങി. പുതിയ ജനറേഷനു വേണ്ടി കസ്റ്റമൈസ്ഡ് കേക്കുകളാണു കൂടുതലും ഉണ്ടാക്കുന്നത്. പയ്യാമ്പലം യശോദയിൽ കരാറുകാരനായ കൃഷ്ണന്റെയും പാചകവിദഗ്ധ യശോദയുടെയും മകളാണ് രാധിക. 

ഉൽപന്നം മികച്ചതാണെങ്കിൽ വാങ്ങാൻ ആളുണ്ട് 

ഷൈൻ ബെനവൻ (ചെയർപഴ്സൺ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വനിതാ വിഭാഗം) 

shine-01
ഷൈൻ ബെനവൻ (ചെയർപഴ്സൺ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വനിതാ വിഭാഗം)

ടെക്സ്റ്റൈൽസ്, കാറ്ററിങ്, വിദ്യാഭ്യാസ മേഖലയിലെ സംരംഭങ്ങൾക്കു കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുന്നതു ശ്രദ്ധേയമാണ്. ആവശ്യക്കാർക്കു നേരിട്ട് എത്തിക്കുന്നതിനു പുറമേ ഓൺലൈൻ, പ്രദർശനമേളകൾ, സൗഹൃദക്കൂട്ടായ്മകൾ എന്നിവയിലും സ്ത്രീകളുടെ ഉൽപന്നങ്ങൾ മുന്നിട്ടു നിൽക്കുന്നു . 

തുടക്കത്തിലെ മുതൽമുടക്കിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ബാങ്കിൽ ഈടുവയ്ക്കാൻ എന്തെങ്കിലും നൽകാനുള്ളവർക്കേ വായ്പ ലഭിക്കൂ എന്ന സ്ഥിതി മാറണം. സ്ത്രീയാണ് എന്നതു കൊണ്ട് മടിച്ചു നിൽക്കേണ്ട കാര്യമില്ല, ഉൽപന്നം നല്ലതാണെങ്കിൽ വാങ്ങാൻ ആളുണ്ട്. 

ഓൺലൈനിൽ നെയ്തെടുത്ത ബിസിനസ് 

6 മാസം മുൻപു സുഹൃത്തിനൊപ്പം ഗുജറാത്തിൽ പോയപ്പോഴാണ് ദരിദ്രരായ നെയ്ത്തു തൊഴിലാളികളുടെ ജീവിതം ചാന്ദ്നി നേരിൽ കാണുന്നത്. ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിയാതെ, ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്ന നെയ്ത്തുകാരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇന്തി രംഗ്(indi rang) എന്ന ഓൺലൈൻ മാർക്കറ്റിങ് സംരംഭത്തിന്റെ തുടക്കം. 

chandini-dattani-druv-01
ചാന്ദ്നി ധത്താനി ധ്രുവ് ( സംരംഭം ഇന്തി രംഗ് കൈത്തറി ഓൺലൈൻ മാർക്കറ്റിങ്)

പാരമ്പര്യമായി മാർവാഡി കുടുംബമാണെങ്കിലും ചാന്ദ്നി ജനിച്ചതും വളർന്നതും കണ്ണൂരാണ്. ഇരുഭാഷകളും സംസ്കാരങ്ങളും ഒരുപോലെ പരിചിതമായത് സംരംഭത്തെയും സഹായിച്ചു. നെയ്ത്തുകാരിൽ നിന്നു ശേഖരിക്കുന്ന തുണിത്തരങ്ങൾ കണ്ണൂരിലെത്തിച്ചു പ്രത്യേക ബ്രാൻഡ് ആക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. 

നെയ്യുന്നതിനു മുൻപ് പുതിയ ഡിസൈനുകൾ തൊഴിലാളികൾക്കു നൽകുകയും നെയ്ത്തിനു ശേഷം ക്വാളിറ്റി ചെക് നടത്തുകയും ചെയ്താണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ മാത്രമേ വിൽപന നടത്തുന്നുള്ളൂ എങ്കിലും വരും ദിവസങ്ങളിൽ രാജ്യമെമ്പാടും നിന്നുള്ള നെയ്ത്തുകാരെ സംരംഭത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്. താവക്കര ആശിർവാദ് ഹൗസിൽ ബിസിനസുകാരനായ ആശിർവാദിന്റെ ഭാര്യയാണ് ചാന്ദ്നി. വിദ്യാർഥിയായ സാഹിൽ മകനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com