ADVERTISEMENT

പ്രണയം നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ പെൺകുട്ടി തീ കൊളുത്തി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും അത്തരത്തിൽ ഒരു ദുരന്തം കൂടി ആവർത്തിച്ചിരിക്കുന്നത്. അന്ന് തിരുവല്ലയിൽ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തപ്പെട്ട പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. ഇന്നിതാ തൃശ്ശൂരിൽ‌ വീടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെയും വില്ലനായത് പ്രണയവും തുടർന്നുള്ള പിൻവാങ്ങലും. പ്രണയത്തിൽ നിന്നു പിന്മാറുന്നവരെ പൈശാചികമായി കൊലപ്പെടുത്തണമെന്ന് ആരാണ് നമ്മുടെ ആൺകുട്ടികളെ പഠിപ്പിച്ചത്?. നോ എന്ന വാക്ക് ഉൾക്കൊള്ളാനാകാതെ എന്തുകൊണ്ടാണ് അവർ ഭ്രാന്തമായി കൊലപതാകം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നത്. ഈ വിഷയത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളി തുമ്മാരുകുടി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ :-

ഇന്നിപ്പോൾ തൃശൂരിൽ ഒരു പെൺകുട്ടി കൂടി ‘പ്രണയാഭ്യർത്ഥന’ നിരസിച്ചതിൻറെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകർച്ച വ്യാധി പോലെ കേരളത്തിൽ പടരുന്നത്?

ഈ വിഷയത്തിൽ ഞാൻ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാൽ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആൺകുട്ടികൾക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കിൽ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.

ഒരു കണക്കിന് ചിന്തിച്ചാൽ കേരളത്തിൽ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാൽ കാമുകൻ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാൽ വീട്ടിൽ പറഞ്ഞാൽ അച്ഛൻമാർ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം?

കുട്ടികൾ വളർന്നു വലുതാകുമ്പോൾ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികൾക്ക് ഇഷ്ടം തോന്നിയാൽ അത് പരസ്പരം പറയാനും വീട്ടിൽ പറയാനുമുള്ള സ്വാതന്ത്ര്യം വേണം. ഏതെങ്കിലും ഒരാൾ മകളോട് പ്രേമാഭ്യർത്ഥന നടത്തി എന്ന് കേട്ടാൽ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാൻ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കൾ ഉണ്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ പറയാൻ കുട്ടികൾ മടിക്കും.

ഇക്കാര്യങ്ങളിൽ സമൂഹത്തിൽ ചർച്ചകൾ നടക്കണം, സ്‌കൂളുകളിലും കോളേജിലും കൗൺസലിങ് ആയി വിവരം അവതരിപ്പിക്കണം. അതിൽ കൂടുതൽ മാതാപിതാക്കൾക്ക് കൗൺസലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്നമല്ല.

ഇനിയും പ്രേമത്തിന്റെ പേരിൽ കുട്ടികൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ.

മുരളി തുമ്മാരുകുടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com