sections
MORE

ട്രംപിനോട് പ്രിയമില്ല, വനിതാ പ്രസിഡന്റിനെ തീർത്തും വേണ്ട

Some Democratic women say they're worried about nominating a woman for president
പ്രതീകാത്മക ചിത്രം
SHARE

അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ ഡോണള്‍ഡ് ട്രംപിന് ഒരവസരം കൂടി കൊടുക്കണോ എന്ന വിഷയത്തില്‍ ഉറച്ച നിലപാടുണ്ടെങ്കിലും അടുത്ത പ്രസിഡന്റായി ഒരു വനിത വരുന്നതിനോടു യോജിപ്പില്ലെന്നു പറയുന്നു ലോവ സംസ്ഥാനത്തെ പ്രമുഖ ഡെമോക്രാറ്റിക് നേതാക്കള്‍. കഴിഞ്ഞവര്‍ഷം നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വനിതകളെ യുഎസ് കോണ്‍ഗ്രസിലേക്ക് അയച്ചതിന്റെ റെക്കോര്‍ഡ് ലോവയ്ക്കാണ്. 

ഗവര്‍ണര്‍ പദവിയിലേക്കും ഒരു വനിതയെ തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, പ്രസിഡന്റ് പദവിയുടെ നിര്‍ണായക തീരുമാനം വരുമ്പോള്‍ വനിതയ്ക്കു പകരം ഒരു പുരുഷനെത്തന്നെ പിന്തുണയ്ക്കാനാണ് തീരുമാനം. പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകളും ജനപ്രതിനിധികളും പോലും ഇത്തരമൊരു അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. 

മൂന്നുവര്‍ഷം മുമ്പ് 2016-ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇപ്പോഴും ജനങ്ങളെ വേട്ടയാടുന്നുണ്ട്. അന്ന് ഫലപ്രഖ്യാപനത്തിനുശേഷം അമേരിക്കന്‍ ജനതയുടെ മനസ്സില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ച് ട്രംപിന്റെ പ്രധാന എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഹിലറി തന്നെ തുറന്നുപറഞ്ഞിരുന്നു. ആ വാക്കുകള്‍ പരാതിയല്ല, യാഥാര്‍ഥ്യം തന്നെയാണെന്നു തെളിയിക്കുന്നു ലോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖരുടെ പ്രതികരണങ്ങള്‍. 

യുഎസ് കോണ്‍ഗ്രസിലേക്കും മറ്റും പ്രതിനിധികളായി സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെടുന്നതില്‍ സന്തോഷം തന്നെയാണ് എല്ലാവര്‍ക്കും. പക്ഷേ പ്രസിഡന്റ് പദവിയില്‍ വനിതയെ അംഗീകരിക്കാന്‍ ഇപ്പോഴും മടി കാണിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങള്‍. 2016 -ല്‍ ഹിലറിക്കു പ്രധാന തിരിച്ചടിയായതും അമേരിക്കയുടെ ഈ മനോഭാവം തന്നെ. പുരുഷന്‍മാരെയും സ്ത്രീകളെയും ഇനിയും തുല്യരായി കാണുന്നതിലുള്ള വിസമ്മതം.

ഒരു വനിത അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നതിനോട് എനിക്ക് യോജിപ്പ് തന്നെയാണ്. പക്ഷേ, ഭൂരിപക്ഷം പേരും അതാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അത്തരമൊരു മഹത്തായ തീരുമാനമെടുക്കാനുള്ള പക്വത അമേരിക്കയ്ക്ക് ഇനിയും കൈവന്നിട്ടില്ലെന്ന് വിശ്വാസിക്കാനാണ് എനിക്കിഷ്ടം- 20 വയസ്സുകാരി സര്‍വകലാശാല വിദ്യാര്‍ഥിനി  വെന്‍ഡി മക്‍വെ പറയുന്നു. 

999652702

ടെക്സസില്‍നിന്നുള്ള ബെറ്റോ റൂര്‍കി പ്രസിഡന്റ് പദവിയിലെത്തുന്നതിലാണ് വെന്‍ഡിക്കു താല്‍പര്യം. ന്യൂ ഹാംപ്ഷയര്‍, വെസ്റ്റ് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതുതന്നെയാണു സ്ഥിതി. ഒരു വനിത പ്രസിഡന്റാകാനുള്ള സാഹചര്യം ഇപ്പോഴും  ഉരുത്തിരിഞ്ഞിട്ടില്ല എന്നാണ് അവിടെയുള്ളവരും പറയുന്നത്.പ്രതിസന്ധികളെ അതിജീവിച്ച് ട്രംപിനെ എതിര്‍ക്കാന്‍ ഒരു വനിത ഉയർന്നു വന്നാല്‍ത്തന്നെ 2016 ആവര്‍ത്തിക്കുമോ എന്ന പേടിയും അവര്‍ക്കുണ്ട്.  

ഇക്കാര്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ആകെ ആശയക്കുഴപ്പത്തില്‍. ഏറ്റവും കുടുതല്‍ വനിതാ പ്രതിനിധികളെ തിരഞ്ഞെടുത്ത റെക്കോര്‍ഡ് സ്ഥാപിച്ച പാര്‍ട്ടി തന്നെ വനിതാ പ്രസിഡന്റിന്റെ കാര്യത്തില്‍ പിന്നോട്ടുപോകുന്നു എന്ന വിരോധാഭാസം. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളാകാന്‍ വനിതകള്‍ തിരക്കുകൂട്ടുന്നതും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍തന്നെയാണ്. കമല ഹാരിസ്, എലിസബത്ത് വാറന്‍, അമി ക്ലോബുച്ചര്‍ എന്നിവരൊക്കെ ഇപ്പോഴേ പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇവരില്‍ ഒരാളെയോ മറ്റൊരു വനിതയെതന്നെയോ ഏറ്റവും ഉയര്‍ന്ന പോസ്റ്റില്‍ കാണാന്‍ അവര്‍ തയാറല്ല. ട്രംപിനെ എങ്ങനെയും പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെയാണ് എതിര്‍സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതും. 

ട്രംപിനോട് ഇഷ്ടമുള്ളവര്‍ മാത്രമല്ല 2016-ല്‍ അദ്ദേഹത്തിന് വോട്ടു ചെയ്തതെന്നു പറയുന്നു കത്രിന റിലേ. ഹിലറി പ്രസിഡന്റ് ആകുന്നതു തടയാന്‍ ആഗ്രഹിച്ചവരും ട്രംപിന് വോട്ടു ചെയ്തു. അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും കത്രിന പറയുന്നു. 75 വയസ്സ് കഴിഞ്ഞ പുരുഷന്‍മാരാണ് ഇപ്പോള്‍ പ്രസിഡന്റ് പദവി നോട്ടമിട്ടിരിക്കുന്ന പ്രമുഖര്‍. മുന്‍ വൈസ് പ്രസി‍ഡന്റ് ഡോ ബൈഡന്‍, വെര്‍മോണ്ട് സെന്‍, ബെന്നി സാന്‍ഡേഴ്സ് എന്നിവരാണവര്‍. കുറച്ചുകൂടി ചെറുപ്പമായ ഒ റൂര്‍ക്കിയും മേയര്‍ പെറ്റ് ബെട്ടിഗെഗും ഇവര്‍ക്കൊപ്പമുണ്ട്. 

സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളോടു പ്രത്യേക വിവേചനമൊന്നും നിലനില്‍ക്കുന്നില്ലെന്നു പറയുന്നു രാഷ്ട്രീയ നിരീക്ഷകര്‍. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയുടെ കാര്യം വരുമ്പോള്‍ മാത്രമാണ് അമേരിക്കക്കാര്‍ സ്ത്രീകളെ പിന്തുണയ്ക്കാതിരിക്കുന്നത്. വിവേചനം നിലനില്‍ക്കുന്നു. അതൊരു യാഥാര്‍ഥ്യം തന്നെയാണ്. ഇനി ഒരു സ്ത്രീ മുന്‍നിര സ്ഥാനാര്‍ഥിയായി വരണമെങ്കില്‍തന്നെ അവര്‍ ഏറെക്കാര്യങ്ങളില്‍ സ്വയം തെളിയിക്കേണ്ടതുണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. 

അധ്യാപികയാകുക എന്ന മോഹം സാക്ഷാത്കരിക്കുന്നതില്‍ താന്‍ വിജയിച്ചെങ്കിലും ഗര്‍ഭിണിയായതിനുശേഷം വീണ്ടും അതേ പോസ്റ്റിലേക്ക് മടങ്ങിയെത്തുന്നതില്‍ തന്റെ പ്രിന്‍സിപ്പല്‍ താല്‍പര്യം കാണിച്ചില്ലെന്നു പറയുന്നു സെനറ്റര്‍ എലിസബത്ത് വാറന്‍. സെനറ്റിലെ സഹപ്രവര്‍ത്തകരോട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ പേര് താന്‍ നിര്‍ദേശിച്ചുവെന്നും പക്ഷേ പലരും അതു തള്ളിക്കളഞ്ഞുവെന്നും കൂടി അവര്‍ വെളിപ്പെടുത്തി. അത്രയും കഠിനമായ കാര്യങ്ങള്‍ ആവശ്യപ്പെടാതിരിക്കൂ. പകരം കൂടുതല്‍ ചിരിക്കൂ.. എന്നാണവര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും വാറന്‍ വെളിപ്പെടുത്തുമ്പോള്‍ ചിത്രം പൂര്‍ണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA