ADVERTISEMENT

16-ാം വയസ്സില്‍ തായ്‍വാനിലെ വീട് വിട്ട് ഇറങ്ങുമ്പോള്‍ എലെയ്ന്‍ ലിയു എന്ന പെണ്‍കുട്ടിയെ ലോകം മാടിവിളിച്ചുകൊണ്ടിരുന്നു. വിശാലമായ, വിസ്തൃതമായ, അവസരങ്ങളുടെ ലോകം. ഒരു പെണ്‍കുട്ടിയല്ലേ, ഒറ്റയ്ക്ക് ഇറങ്ങിപ്പോകുന്നത് ആപത്താണെന്നും അപകടകരമാണെന്നും ആരും ആ കുട്ടിയെ ഓര്‍മിപ്പിച്ചില്ല. അതുതന്നെയായിരുന്നു, സ്വതന്ത്രമായ ആ മനസ്സുതന്നെയായിരുന്നു ലിയുവിന്റെ കരുത്ത്. 

കലിഫോര്‍ണിയയില്‍ ബന്ധുക്കളുടെ കൂടെ കൂടി വിശാലമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മനസ്സര്‍പ്പിച്ചപ്പോള്‍ ലിയു അമ്മയുടെ വാക്കുകള്‍ ഓര്‍മിക്കാറുണ്ടായിരുന്നു. 'ആണ്‍കുട്ടികള്‍ക്ക് ചെയ്യാനാവുന്നതൊക്കെ പെണ്‍കുട്ടികള്‍ക്കും ചെയ്യാം'. ആ വാക്കുകളും പ്രേരണയായിരുന്നു. പ്രചോദനമായിരുന്നു. മുന്നോട്ടുപോകാന്‍. ലക്ഷ്യങ്ങളെ പിന്തുടരാന്‍. ആഗ്രഹിച്ചയിടത്ത് എത്തിച്ചേരാന്‍. ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുകാരണം അമ്മയുടെ സ്വതന്ത്രമനസ്സായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്ന ലിയു ഉറപ്പിച്ചുപറയുന്നു: വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്കു താല്‍പര്യമില്ല എന്ന പൊതുധാരണ തെറ്റ്. 

941863886

വെല്ലുവിളികളുടെ കാര്യം വരുമ്പോള്‍ സ്ത്രീകള്‍ പിന്നോട്ടാണെന്നാണ് പൊതുവെ പറയാറ്. വീട്ടില്‍തന്നെയിരുന്ന്, വീട്ടുജോലികളുമായി കഴിച്ചുകൂട്ടുന്നതാണ് അവര്‍ക്ക് താല്‍പര്യമെന്നും പറയും. സ്ത്രീകളുടെ സ്വഭാവവും അഭിരുചികളും വെല്ലുവിളികളെ ഏറ്റെടുക്കുന്നരീതിയലുള്ളതല്ല എന്നാണ് ന്യായീകരണം. ഇത് തെറ്റാണെന്നും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് വെല്ലുവിളികളോട് താല്‍പര്യക്കുറവില്ലെന്നും ലിയു പറയുന്നു. സ്വഭാവംകൊണ്ടു സ്ത്രീകള്‍ ധീരതയുള്ളവര്‍ തന്നെയാണ്. പുരുഷന്‍മാരെപ്പോലെ. വളര്‍ന്നുവരുമ്പോള്‍ അവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അതിനുകാരണം അവരെ വളര്‍ത്തുന്ന സാഹചര്യങ്ങളുടെ തെറ്റായ സ്വാധീനം മാത്രം. 

സ്വന്തം ജീവിതം ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ലിയു തന്റെ പഠനശാഖ രൂപപ്പെടുത്തി. രണ്ടുവിഭാഗം ജനങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഒരു പഠനവും പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്കു നിയന്ത്രണവും മേധാവിത്വവുമുള്ള സമൂഹത്തില്‍ വളര്‍ന്നുവരുന്ന കുട്ടികളും പുരുഷ ലോകത്തില്‍ വളര്‍ന്നുവരുന്നവരും. രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസത്തിലൂടെ സ്ത്രീകളുടെ സ്വഭാവത്തിന്റെ അടിസ്ഥാന പ്രേരണകളും ചോദനകളും കണ്ടെത്തുകയായിരുന്നു ലിയുവിന്റെ ലക്ഷ്യം. 

ചൈനയിലെ മോസുവോ സമുദായം. അവിടെ വീടു നിയന്ത്രിക്കുന്നത് സ്ത്രീകള്‍. ആ സമൂഹത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് വെല്ലുവിളികളോട് അപ്രിയം തീരെയില്ല. പക്ഷേ, പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകളില്‍ പോയി പഠിച്ചതിനുശേഷം പെണ്‍കുട്ടികളുടെ സ്വാഭാവത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുന്നു. 

ഹാന്‍ സമുദായത്തിലെ കുട്ടികളുടെ കാര്യം മറിച്ചാണ്. അവിടെ പുരുഷന്‍മാരാണ് വീടുകള്‍ നിയന്ത്രിക്കുന്നത്. അവിടെ വളര്‍ന്നുവരുന്ന കുട്ടികളില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആണ്‍കുട്ടികള്‍ തന്നെ. 

മോസുവോ സമൂദായത്തില്‍ മുത്തശ്ശിമാരാണ് ഗൃഹഭരണം നടത്തുന്നത്. പങ്കാളികളെ കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം. ഇഷ്ടമുള്ളയത്രയും പേരെ സ്വീകരിക്കാനും തിരസ്കരിക്കാനുമൊക്കെ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കുട്ടികളെ വളര്‍ത്തുന്നതില്‍ പുരുഷന്‍മാര്‍ക്ക് ഒരു പങ്കുമില്ല. വീട് നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതുമെല്ലാം സ്ത്രീകള്‍ തന്നെ. മോസുവോ സമുദായത്തില്‍നിന്ന് താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ്. പക്ഷേ, കാലം കഴിയുംതോറും, ഹാന്‍ സമുദായത്തിലെ കുട്ടികളുമായി കൂടുതല്‍ ഇടപഴകുംതോറും അവരുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ശേഷി കുറയുന്നു. 

പഠനത്തിലൂടെ ലിയു കണ്ടെത്തിയത് ഇതേ സത്യം തന്നെയാണ്- ജീവശാസ്ത്രപരമായി സാഹസിക ജീവിതത്തോട് സ്ത്രീകള്‍ക്ക് താല്‍പര്യക്കുറവ് ഇല്ല. പുരുഷന്‍മാരുടെ അതേ സമീപനങ്ങള്‍ അവരും പങ്കുവയ്ക്കുന്നു. പക്ഷേ സ്ത്രീകള്‍ പിന്നോട്ടുപോകുന്നതിനും വെല്ലുവിളികള്‍ ഏറ്റെടുക്കാതിരിക്കുന്നതിനും കാരണം സാമൂഹികപരം മാത്രം. അതായത് അവര്‍ വളര്‍ന്നുവരുന്ന സാഹചര്യം. പുരുഷന്‍മാരുടെ അതേ നേതൃത്വപരമായ പങ്ക് സ്ത്രീകളും ഏറ്റെടുക്കുന്ന സമൂഹത്തില്‍ വിവേചനമില്ല. രണ്ടുകൂട്ടരും ഒരേ മനസ്സോടെ വെല്ലുവിളികളെ ഏറ്റെടുക്കുന്നു. 

സ്വാഭാവമല്ല, സ്വാഭാവിക രീതിയല്ല മറിച്ച് സാഹചര്യങ്ങള്‍ മാത്രമാണ് സ്ത്രീകളെ അശക്തരാക്കുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വ്യത്യസ്തമായി പെരുമാറാനുള്ള ശേഷി തീര്‍ച്ചയായും സ്ത്രീകള്‍ക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com