ADVERTISEMENT

മുന്‍ മന്ത്രിസഭയില്‍ ഏഴു വനിതകളെ ക്യാബിനറ്റ് റാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അവരുടെ എണ്ണം മൂന്നായി ചുരുങ്ങിയിരിക്കുന്നു. ശ്രദ്ധേയ അസാന്നിധ്യം സുഷമ സ്വരാജും മേനകാ ഗാന്ധിയും. ലോകമെങ്ങുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രിയായിരുന്ന സുഷമ ഇത്തവണ മന്ത്രിസഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത് ആരോഗ്യകാരണങ്ങളാല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും സുഷമ ഇല്ലായിരുന്നു. വിദേശരാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളുടെയല്ലാം അടിത്തറ പാകിയ സുഷമ, എല്ലാ വിഭാഗത്തില്‍പെട്ട പ്രവാസികള്‍ക്കും ആശ്വാസം എത്തിക്കാന്‍ ഓടിനടന്ന മന്ത്രി കൂടിയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഒട്ടേറെപ്പേര്‍ക്ക് സുഷമ ദൈവത്തെപ്പോലെയായിരുന്നു.

ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ ബന്ധപ്പെടാവുന്ന, പരാതി ബോധിപ്പിക്കാവുന്ന, ഉറച്ച നടപടി പ്രതീക്ഷിക്കാവുന്ന മന്ത്രി. ജീവകാരുണ്യത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള രോഗികള്‍ക്കു പോലും വീസ ഉടന്‍ അനുവദിച്ചും, അറബ് രാജ്യങ്ങളുള്‍പ്പെടെ മിക്ക വിദേശരാജ്യങ്ങളുമായും സൗഹൃദബന്ധം പുലര്‍ത്തിയും മോദി മന്ത്രിസഭയില്‍ സ്നേഹനിര്‍ഭര സാന്നിധ്യമായിരുന്നു സുഷമ. ആരാകും സുഷമയ്ക്ക് പകരമെത്തുക എന്നത് ഇപ്പോൾ ചൂടുപിടിച്ച ചർച്ചയാണ്. ക്യാബിനറ്റിലിടം പിടിച്ച വനിതകളിൽ ആരെങ്കിലും സുഷമയ്ക്ക് പകരമാകുമോയെന്നും ചർച്ചകൾ പുരോഗമിക്കുന്നു.

നാലു മന്ത്രിസഭകളില്‍ മന്ത്രിസ്ഥാനം വഹിച്ചിരുന്ന മേനക ഗാന്ധിക്ക് ഇത്തവണ തിരിച്ചടിയായയ് പ്രായം. മുതിര്‍ന്ന അംഗമായ അവര്‍ക്ക് പ്രോട്ടം സ്പീക്കര്‍ പദവിയോ ഇടക്കാല സ്പീക്കര്‍ പദവിയോ ലഭിക്കുമെന്നാണ് സൂചനകള്‍.

3 മന്ത്രി, 3 സഹമന്ത്രി

രാഷ്ട്രപതി ഭവനില്‍ നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യുന്ന ആളെക്കുറിച്ചായിരുന്നു കൗതുകവും ആകാംക്ഷയും. പ്രധാനമന്ത്രിക്കു ശേഷം രാജ് നാഥ് സിങ് തന്നെ സത്യപ്രതിജ്ഞ ചെയ്തതോടെ ആകാംക്ഷയ്ക്കു വിരാമമായി. അമിത് ഷാ, നിതിന്‍ ഗഡ്കരി, ഡി.വി.സദാനന്ദ ഗൗഡ എന്നിവര്‍ക്കുശേഷം എത്തിയത് നിര്‍മല സീതാരാമന്‍. മോദിയുടെ ആദ്യമന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് കയ്യാളി കയ്യടി നേടിയ ‘ഉരുക്കുവനിത’. നിര്‍മലയ്ക്കു ശേഷം ക്യാബിനറ്റ് പദവിയില്‍ സത്യപ്രതിജ്ഞ ചെയ്തത് രണ്ടു വനിതകള്‍ കൂടി മാത്രം. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചെത്തിയ സ്മൃതി ഇറാനിയും പഞ്ചാബില്‍നിന്നുള്ള അകാലിദള്‍ പ്രതിനിധി ഹര്‍ സിമ്രത് കൗര്‍ ബാദലും. സഹമന്ത്രിമാരുടെ കൂട്ടത്തില്‍ മൂന്നു വനിതകളുണ്ട്. ഉത്തര്‍പ്രദേശില്‍നിന്ന് സ്വാധി നിരഞ്ജന്‍ ജ്യോതി, ഛത്തീസ്ഗഡില്‍നിന്ന് രേണുക സിങ് സരുത, ബംഗാളില്‍നിന്ന് ദേബശ്രീ ചൗധരി എന്നിവര്‍.

തമിഴ്നാട്ടിലെ മധുര സ്വദേശിയായ അറുപതുകാരി നിര്‍മല സീതാരാമന്‍ 2014 മുതല്‍ 17 വരെ വാണിജ്യ വ്യവസായ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് വഹിച്ചിരുന്നത്. 2017-ലാണ് പ്രതിരോധ വകുപ്പില്‍ എത്തുന്നത്. പൂര്‍ണസമയ പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത. പുതിയ മന്ത്രിസഭയിലും നിര്‍മലയ്ക്ക് പ്രതിരോധ വകുപ്പു തന്നെ കിട്ടിയേക്കും. 

പുതിയ മന്ത്രിസഭയില്‍ ഉറപ്പായും പ്രതീക്ഷിക്കപ്പെട്ടിരുന്നു 43 വയസ്സുകാരി സ്മൃതി ഇറാനിയുടെ സാന്നിധ്യം. മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതലയും പിന്നീട് ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയുമായിരുന്ന സ്മൃതി ഇക്കുറി വീരപരിവേഷത്തോടെയാണ് മന്ത്രിസഭയില്‍ എത്തുന്നത്. 2014 ല്‍ രാഹുലിനോട് അമേഠിയില്‍ തോറ്റ അവര്‍ ഇത്തവണ സുരക്ഷിത മണ്ഡലം തേടിപ്പോകാതെ അമേഠിയില്‍തന്നെ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. ഒരുപക്ഷേ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം കണ്ട ഏറ്റവും വലിയ അട്ടിമറിയിലെ നായിക.

ലോക്സഭയില്‍ ഇത് മൂന്നാമൂഴമാണ് പ‍ഞ്ചാബില്‍നിന്നുള്ള ഹര്‍സിമ്രത് കൗര്‍ ബാദലിന്. 2009-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അവര്‍ മോദി മന്ത്രിസഭയില്‍ ഭക്ഷ്യ സംസ്കരണ വകുപ്പു മന്ത്രിയായിരുന്നു. മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ ഭാര്യ. മോദിയുടെ അദ്യ മന്ത്രിസഭയിലുണ്ടായിുരന്ന ഉമാ ഭാരതിയും നജ്മ ഹെപ്തുള്ളയും ഇത്തവണയില്ല.

സാധ്വി നിരഞ്ജൻ ജ്യോതി ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. ഒന്നാം മോദി സർക്കാരിൽ ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായിരുന്നു. ഛത്തീസ്ഡിൽ നിന്നുള്ള ബിജെപി നേതാവാണ് രേണുക സിങ്. ഛത്തീസ്ഗഡ് നിയമസഭാംഗമായിരുന്നു. ബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി ഇത്തവണ സംസ്ഥാനത്ത് അട്ടിമറി വിജയം നേടി ലോക്സഭയിലെത്തിയ ഒരാളാണ്. റായിഗഞ്ച് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയെ തോൽപ്പിച്ചാണ് ദേബോശ്രീ ജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com